ഭാര്യാപിതാവിനൊപ്പം മുംബൈയിൽ ക്രിക്കറ്റ് ആസ്വദിച്ച് ഋഷി സുനക്; ഇംഗ്ലണ്ടിന്റെ തോൽവിൽ ദുഃഖമുണ്ടെങ്കിലും ഇന്ത്യയ്ക്ക് അഭിനന്ദനം, ചിത്രങ്ങൾ വൈറൽ

Mail This Article
ലണ്ടൻ/മുംബൈ ∙ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് മത്സരം ആസ്വദിച്ച് ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകനും തന്റെ ഭാര്യപിതാവുമായ എൻ. ആർ. നാരായണ മൂർത്തിക്കൊപ്പമാണ് ഋഷി സുനക് മത്സരം കാണാൻ എത്തിയത്. ഗാലറിയിലിരുന്ന ആരാധകർക്കൊപ്പം ആവേശത്തോടെ മത്സരം ആസ്വദിക്കുന്ന ചിത്രങ്ങൾ ഋഷി സുനക് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച് വളരെ വേഗമാണ് വൈറൽ ആയത്. ഇംഗ്ലണ്ടിന്റെ തോൽവിയിൽ ദുഃഖമുണ്ടെങ്കിലും ഇന്ത്യയെ അഭിനന്ദിക്കുന്നതായി ഋഷി സുനക് പറഞ്ഞു.
ഇംഗ്ലണ്ടിനെ പരാജപ്പെടുത്തി വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയെ ഋഷി സുനക് നേരിട്ട് പ്രശംസിച്ചു. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് നടന്നത്. അവസാന പോരാട്ടത്തിന് മുൻപായി ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരായ സൂര്യകുമാർ യാദവുമായും ജോസ് ബട്ട്‌ലറുമായും ഋഷി സുനക് കൂടിക്കാഴ്ച നടത്തി. ഇംഗ്ലണ്ടിന് ഇത് മോശം ദിവസമായിരുന്നുവെന്നും കൂടുതൽ ശക്തമായി തങ്ങൾ തിരിച്ചുവരുമെന്നും ഋഷി സുനക് ഇംഗ്ലണ്ടിന്റെ പരാജയത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. മുംബൈയിൽ ഇരു ടീമുകളുടെയും താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രവും ഋഷി സുനക് പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 10.3 ഓവറിൽ 97 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഫലം അഞ്ചാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 150 റണ്‍സിന്റെ വമ്പൻ വിജയം. നേരത്തേ സ്വന്തമാക്കിയ പരമ്പര ഇന്ത്യ 4–1 എന്ന നിലയില്‍ അവസാനിപ്പിച്ചു. 23 പന്തില്‍ 55 റൺസെടുത്ത ഓപ്പണർ ഫിൽ സോൾട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സോൾട്ടിനു പുറമേ 10 റൺസെടുത്ത ജേക്കബ് ബെതല്‍ മാത്രമാണ് ഇംഗ്ലിഷ് നിരയിൽ രണ്ടക്കം കടന്നത്. മുംബൈ സന്ദർശനം തുടരുന്ന

ഋഷി സുനക് ദക്ഷിണമുംബൈയിലെ പാഴ്സി ജിംഖാനയുടെ വാർഷികാഘോഷത്തിലും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്കും യുവാക്കൾക്കും ഒപ്പം ഋഷി സുനക് ക്രിക്കറ്റ് കളിച്ചു. ക്രിക്കറ്റ് കളിക്കാതെ മുംബൈയിലേക്കുള്ള ഒരുയാത്രയും പൂർത്തിയാകില്ലെന്ന് ഋഷി സുനക് പറഞ്ഞു.

ഇനിയും മുംബൈ സന്ദർശിക്കാൻ അവസരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നതായും ഋഷി സുനക് കൂട്ടിച്ചേർത്തു.