ADVERTISEMENT

ബര്‍ലിന്‍ ∙ മെക്സിക്കോയിലെ പ്യൂബ്ളയിലുള്ള ഒരു പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജര്‍മനിയുടെ ഫോക്സ് വാഗണ്‍ കാറുകള്‍ ഇപ്പോള്‍ യുഎസിലേക്കുള്ള ഇറക്കുമതിയില്‍ താരിഫുകള്‍ക്ക് വിധേയമാവുന്നത് ജര്‍മനിയ്ക്ക് തിരിച്ചടിയായി. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ വാരാന്ത്യത്തില്‍ യുഎസ് താരിഫ് ഏര്‍പ്പെടുത്തിയതും യൂറോപ്യന്‍ യൂണിയനെതിരായ കൂടുതല്‍ താരിഫ് ഭീഷണി ഇപ്പോഴും ഉയര്‍ന്നുവരുന്നതും രാജ്യാന്തര ജര്‍മന്‍ ബിസിനസുകളെ ബാധിക്കുന്നു.

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് താരിഫ് തുടക്കത്തില്‍ കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ചരക്കുകള്‍ക്കെതിരെ 25 ശതമാനവും ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്കെതിരെ 10 ശതമാനവുമാണ്. തന്റെ പ്രചാരണ വേളയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് താരിഫ് ചുമത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നുവെങ്കിലും ഇതുവരെ അത് നടപ്പാക്കിയിട്ടില്ല.എന്നാല്‍ ഉടനുണ്ടാവുമെന്നാണ് സൂചന.

യൂറോയുടെ വില താരിഫ് പ്രശ്നം ബാധിച്ചുതുടങ്ങി. തിങ്കളാഴ്ച രാവിലെ വില 1.0141 ഡോളറായി കുറഞ്ഞു, നവംബര്‍ 2022 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നില. നവംബറില്‍ ട്രംപിന്റെ തിരഞ്ഞെടുപ്പിന് ശേഷം യൂറോയുടെ വില പതുക്കെ കുറഞ്ഞിരുന്നു. ദുര്‍ബലമായ യൂറോ ജര്‍മനിയില്‍ താമസിക്കുന്ന ആളുകളെ പ്രതികൂലമായി ബാധിക്കും.

യൂറോപ്യന്‍ ഓഹരി വിലയിലും ഇടിവുണ്ടായി. അതേസമയം, ഇംഗ്ലിഷ്, ജര്‍മന്‍ മാധ്യമങ്ങള്‍ താരിഫ് സംഭവവികാസങ്ങളെ "വ്യാപാര യുദ്ധം" എന്ന് പരാമര്‍ശിക്കാന്‍ തുടങ്ങിയതും വിപണിയെ ആകെ അസ്വസ്ഥമാക്കി.

∙ ജര്‍മനിയെ എങ്ങനെ ബാധിക്കുന്നു
മെക്സിക്കോയ്ക്കും കാനഡയ്ക്കും എതിരായ താരിഫുകള്‍ പോലും ജര്‍മന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

പ്രത്യേകിച്ച് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ഔഡി, ബിഎംഡബ്ള്യു, ഫോക്സ് വാഗണ്‍ എന്നിവയെല്ലാം മെക്സിക്കോയില്‍ പ്രൊഡക്ഷന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും അവര്‍ നിര്‍മിക്കുന്ന പല കാറുകളും യുഎസില്‍ വില്‍ക്കുകയും ചെയ്യുന്നു. നിസാനുമായി മെക്സിക്കോയില്‍ മെഴ്സിഡസ് ബെന്‍സിനും സംയുക്ത പ്ലാന്റ് ഉണ്ട്. ഫോക്സ് വാഗന് കാനഡയിലെ ഒന്റാരിയോയില്‍ ഒരു പുതിയ ബാറ്ററി സെല്‍ ഫാക്ടറിക്കും പദ്ധതിയുണ്ടായിരുന്നു. യുഎസിലെ ഗ്രൂപ്പിന്റെ ഇലക്ട്രിക് കാര്‍ പ്ലാന്റുകളിലേക്ക് സെല്ലുകള്‍ വിതരണം ചെയ്യാന്‍ ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അതേസമയം താരിഫ് പ്രഖ്യാപനത്തിന് പിറ്റേന്ന് വാഹന ഭീമന്മാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. യുഎസ്എയിലെ സംഭവവികാസങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണന്ന് ഫോക്സ് വാഗണ്‍ വക്താവ് പറഞ്ഞു.

∙ അടുത്തത് യൂറോപ്പ് ?
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, "തീര്‍ച്ചയായും" എന്നായിരുന്നു ട്രംപിന്റെ മറുപടി. താരിഫ് ഉയര്‍ത്തിയാല്‍ ഇയു "ഉറപ്പോടെ" തിരിച്ചടിക്കുമെന്ന് പറയുന്നു. എന്നാല്‍ ഇപ്പോള്‍, ചര്‍ച്ചയിലൂടെ ട്രംപുമായുള്ള വ്യാപാര സംഘര്‍ഷം ഒഴിവാക്കാമെന്നാണ് ബ്രസല്‍സിന്റെ പ്രതീക്ഷ. യൂറോപ്യന്‍ യൂണിയന്‍ വ്യാപകമായ താരിഫുകള്‍ ചുമത്തിയാല്‍, യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മനിയെ ഏറ്റവും കൂടുതല്‍ ബാധിക്കാൻ സാധ്യത.

യൂറോപ്യന്‍ യൂണിയനോട് കൂടുതല്‍ എണ്ണയും വാതകവും വാങ്ങാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.അ തേസമയം, ഈ സംഘം ആവശ്യത്തിന് അമേരിക്കന്‍ കാറുകളും കാര്‍ഷിക ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നില്ലെന്നും പരാതിപ്പെടുന്നു.

എന്നാല്‍ പുതിയ വ്യാപാര തടസ്സങ്ങളാല്‍ ലോകത്തെ വിഭജിക്കാതിരിക്കേണ്ടത് പ്രധാനമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചു. ഒരു പ്രധാന സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇയുവിന് "പ്രവര്‍ത്തനത്തിനുള്ള സാധ്യത" ഉണ്ടെന്നും ഷോള്‍സ് നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാവും അടുത്ത ചാന്‍സലറാകാനുള്ള മുന്‍നിരക്കാരനുമായ ഫ്രെഡ്രിക് മെര്‍സ് ഇതിനെ പിന്തുണച്ചു.

താരിഫുകള്‍ ചുമത്തുന്നതിലൂടെ യുഎസ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനും നികുതി വരുമാനം ഉയര്‍ത്താനും കഴിയുമെന്ന് ട്രംപ് വിശ്വസിക്കുന്നു. എന്നാല്‍ താരിഫുകള്‍ ആത്യന്തികമായി ഇരുവശത്തുമുള്ള ബിസിനസുകളെയും ഉപഭോക്താക്കളെയും ബാധിക്കുമെന്നും ജീവിതച്ചെലവ് എല്ലായിടത്തും കൂടുതല്‍ ചെലവേറിയതാക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജര്‍മന്‍ ഫോറിന്‍ ട്രേഡ് അസോസിയേഷനും ട്രംപിനെ വിമര്‍ശിച്ചിട്ടുണ്ട്.

English Summary:

Trump's tariffs stoke trade war, inflation fears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com