'പ്രേതസിനിമയിലെ ബംഗ്ലാവ് ' വൈറൽ; വില 225 കോടി, 700 വര്‍ഷം പഴക്കം, സ്വന്തമായി ക്രിക്കറ്റ് പിച്ചും ഹെലിപ്പാഡും വരെ

Mail This Article
ലണ്ടൻ ∙ യുകെയിൽ 225 കോടി രൂപയുടെ 445 ഏക്കറും ബംഗ്ലാവും വിൽപനയ്ക്ക് വച്ച് ഉടമസ്ഥൻ. എഴുന്നൂറോളം വര്‍ഷം പഴക്കമുള്ള ബംഗ്ലാവും അതിനോട് ചേർന്ന് സ്വന്തമായി ക്രിക്കറ്റ് പിച്ചും ഹെലിപ്പാഡുമുള്ള ഭൂമി വിൽപനയ്ക്ക് വച്ചിരിക്കുന്നത് സര്‍ തോമസ് ഇംഗില്‍ബിയാണ്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു പ്രേതകഥയിലെ ബംഗ്ലാവ് പോലെ തോന്നുന്ന മധ്യകാലഘട്ടത്തിലെ ഒരു ബംഗ്ലാവിന്റെ വിഡിയോ ഇപ്പോൾ യുകെയിൽ സമൂഹമാധ്യമത്തിൽ വൈറൽ ആയിരിക്കുകയാണ്.
യുകെയിലെ നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഹാരോഗേറ്റിന് സമീപത്താണ് ഈ റിപ്ലി കോട്ട എന്നറിയപ്പെടുന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. നിശ്ചയിച്ച വിലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞാല്‍ ലണ്ടന്‍ നഗരത്തിന് പുറത്ത് നടക്കുന്ന ഏറ്റവും ചെലവേറിയ കച്ചവടമായിരിക്കുമെന്നും റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. സ്വന്തമായൊരു തടാകവും അതിൽ സഞ്ചരിക്കാവുന്ന ബോട്ടുകള്‍, ഒരു പബ്, വിശാലമായ പാര്‍ക്കിങ് സൗകര്യം, ഹോട്ടല്‍, ചായ മുറി, ഗിഫ്റ്റ് ഷോപ്പ്, വിവാഹ വേദി തുടങ്ങിയ സൗകര്യങ്ങളും ബംഗ്ലാവിനോടൊപ്പം ലഭ്യമാണ്.
ബംഗ്ലാവ് നിൽക്കുന്ന സ്ഥലത്തെ ഒൻപത് ഭാഗങ്ങളായി ഭാഗിച്ചിരിക്കുകയാണെന്നും ഇതെല്ലാം കൂടി ഒന്നിച്ചോ, അതല്ലെങ്കില്‍ ഓരോന്നായോ വാങ്ങാന്‍ കഴിയുമെന്നും വിൽപന പരസ്യത്തിൽ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥനായ സര്‍ തോമസ് ഇംഗില്‍ബി, ഭാര്യ ലേഡി ഇംഗില്‍ബിക്കൊപ്പം അൻപത് വർഷത്തോളമായി ഈ കോട്ടയിലാണ് താമസിച്ചു വരുന്നത്. 1308 ൽ പൂർവികരിൽ നിന്നും കൈമാറി കിട്ടിയ ബംഗ്ലാവ് വിൽക്കാനുള്ള കാരണം വ്യക്തമല്ലങ്കിലും വാങ്ങുന്നവർ ആരെണെന്ന കൗതുകത്തിലാണ് ഇരുവരും.