സ്വീഡനിലെ അഡൾട്ട് സ്കൂളിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, അക്രമിയും മരിച്ചു

Mail This Article
ഓറെബ്രോ ∙ സെൻട്രൽ സ്വീഡനിലെ മുതിർന്നവർക്കായുള്ള സ്കൂളിൽ (അഡൾട്ട് സ്കൂൾ) വെടിവയ്പിൽ പത്ത് മരണം. അജ്ഞാതനായ അക്രമിയും മരിച്ചതായാണ് റിപ്പോർട്ടുകൾ. ഓറെബ്രോയിലെ റിഗ്ബെർസ്ക സ്കൂളിലാണ് ഇന്നലെ രാവിലെ ആക്രമണം നടന്നത്. പത്ത് പേരുടെ മരണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
പരുക്കേറ്റവരും നിരവധിയാണ്. അക്രമത്തിന് ഇരയായവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമിയും മരിച്ചതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ സ്കൂളിൽനിന്നും ആശുപത്രിയിലെത്തിച്ചു. ഇവരെ ശസ്ത്രക്രിയക്ക് വിധേയരാക്കി. ഇവരുടെ എല്ലാം നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സ്റ്റോക്ക്ഹോമിൽ നിന്നും 125 മൈൽ അകലെയാണ് സംഭവം നടന്ന സ്കൂൾ സ്ഥിതിചെയ്യുന്നത്. 20 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുവേണ്ടി നടത്തുന്ന വിദ്യാലയമാണിത്. അപ്പർ പ്രൈമറി ക്ലാസുകൾ, സെക്കൻഡറി സ്കൂൾ എജ്യുക്കേഷൻ, മൈഗ്രൻസിനായുള്ള സ്വീഡിഷ് ക്ലാസുകൾ എന്നിവയാണ് ഇവിടെ നടത്തുന്നത്. ഭിന്നശേഷിക്കാർക്കായുള്ള വൊക്കേഷനൽ ട്രെയിനിങ്ങും ഇവിടെയുണ്ട്.
നാഷനൽ ടെസ്റ്റ് നടന്ന ശേഷമുള്ള ദിവസങ്ങളായതിനാൽ ക്യാംപസിൽ കുട്ടികൾ കുറവായിരുന്നു എന്നാണ് ടീച്ചർമാരിൽ ഒരാൾ വെളിപ്പെടുത്തിയത്. പത്തോളം വെടിയൊച്ചകൾ കേട്ടതായും ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു.