കൊച്ചി - ലണ്ടന്‍ സര്‍വീസ് മുടങ്ങില്ലെന്ന് സൂചന; എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി

Mail This Article
ലണ്ടൻ∙ എയർ ഇന്ത്യയുടെ കൊച്ചി - ലണ്ടൻ സർവീസ് മുടങ്ങില്ലെന്ന് സൂചന. സിയാൽ പ്രതിനിധികൾ എയർ ഇന്ത്യ അധികൃതരുമായി ചർച്ച നടത്തി. കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സർവീസ് മാർച്ച് 30ന് ശേഷം ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എയർ ഇന്ത്യ അധികൃതരുമായി സിയാൽ ചർച്ച നടത്തിയത്.
കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി - ലണ്ടൻ സർവീസ് മാർച്ച് അവസാനത്തോടെ അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെത്തുടർന്ന് എയർഇന്ത്യയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തുവെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. എയർ ഇന്ത്യയുമായി സംസാരിക്കാൻ സിയാൽ അധികൃതരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

ഇതേ തുടർന്ന് ഗുർഗാവിലെ ആസ്ഥാനത്ത് എയർ ഇന്ത്യ അധികൃതരുമായി സിയാൽ അധികൃതർ നടത്തിയ ചർച്ചയിൽ സർവീസ് മുടങ്ങാതിരിക്കാൻ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതിക അനുമതിക്ക് ശേഷം മാസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്ന് എയർ ഇന്ത്യ അറിയിച്ചുവെന്നും പി. രാജീവ് പറഞ്ഞു.
എയർ ഇന്ത്യയുടെ സർവീസ് നടത്തിയിരുന്ന ബോയിങ് ഡ്രീം ലൈനർ വിമാനത്തിന് വാർഷിക അറ്റകുറ്റപ്പണി മൂലമാണ് സർവീസ് തുടരുന്നില്ലെന്ന വിശദീകരണമാണ് ലഭിച്ചത്. സമ്മർ ഷെഡ്യൂളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ യുകെ മലയാളികൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ ചർച്ചകൾക്ക് ശേഷം പുറത്തുവരുന്ന സൂചന സർവീസ് പുനരാരംഭിക്കുമെന്നാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയിൽ നിന്നുള്ള സർവീസ്. എക്കണോമി ക്ലാസിൽ 238 സീറ്റുകളും ബിസിനസ് ക്ലാസിൽ 18 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ഇക്കണോമി ക്ലാസിൽ എല്ലാ സർവീസിലും നിറയെ യാത്രക്കാരുണ്ടാകും. കോവിഡ് കാലത്താണ് കൊച്ചിയിൽ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്.
എറണാകുളം എംപി ഹൈബി ഈഡൻ സർവീസ് നിർത്തലാക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. യുകെയിലെ ലോകകേരള സഭയുടെ അംഗങ്ങൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് സിയാൽ അധികൃതർ എയർ ഇന്ത്യയുമായി ചർച്ച നടത്തിയതെന്ന് ലോകകേരള സഭയുടെ അംഗങ്ങൾ അവകാശപ്പെട്ടു.
പ്രഫ. ജിൻ ജോസ്, വിശാൽ ഉദയകുമാർ, ലജീവ് രാജീവ്, ആഷിക്ക് മുഹമ്മദ് നാസർ, കുര്യൻ ജേക്കബ്, ഡോ. ബിജു പെരിങ്ങത്തറ, ലിനു വർഗീസ്, ഷൈമോൻ തോട്ടുങ്കൽ, സി.എ. ജോസഫ്, അഡ്വ. ദിലീപ് കുമാർ, ജോബിൻ ജോസ്, സുനിൽ മലയിൽ, ജയൻ ഇടപ്പാൾ, ജോജി കുര്യാക്കോസ്, എസ്. ശ്രീകുമാർ, സ്മിത ദിലീപ് എന്നിവർ ചേർന്നാണ് ലോകകേരള സഭയുടെ അംഗങ്ങൾ എന്ന നിലയിൽ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയത്. യുക്മ, പ്രവാസി ലീഗൽ സെൽ, ഒഐസിസി യുകെ, യുകെ പ്രവാസി കേരള കോൺഗ്രസ്-എം എന്നിവയുൾപ്പെടെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈബി ഈഡനെ കൂടാതെ കേരളത്തിലെ മറ്റ് എംപിമാരും സമ്മർദ്ദം ചെലുത്തിയിരുന്നു.
കൊച്ചി-ലണ്ടൻ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പാക്കേജ് നിർദേശങ്ങൾ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക് നൽകി. സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനുവും ചർച്ചയിൽ പങ്കെടുത്തു.