ജർമൻ തിരഞ്ഞെടുപ്പ്: വലതിനെതിരെ ആഞ്ഞടിച്ച് ഇടതുപക്ഷം; ഫ്രീഡിഷ് മെർസിന്റെ സുരക്ഷ വർധിപ്പിച്ചു

Mail This Article
ബര്‍ലിന്‍∙ സിഡിയു ചാന്‍സലര്‍ സ്ഥാനാർഥി ഫ്രീഡ്രിഷ് മെര്‍സിന്റെ വ്യക്തിഗത സുരക്ഷ ശക്തിപ്പെടുത്തി. ഇടതുപക്ഷ തീവ്രവാദ ആക്രമണങ്ങളെ ഭയന്നാണ് അംഗരക്ഷകരുടെ എണ്ണം കൂട്ടിയത്. സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുകയും പൊലീസ് സേനയുടെ നേതൃത്വത്തിൽ പ്രത്യേക സുരക്ഷാ സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
ബർലിൻ പാർലമെന്റായ ബുണ്ടെസ്ററാഗില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍, എഫ്ഡിപി, എഎഫ്ഡി എന്നിവയുമായി ചേര്‍ന്ന് അതിര്‍ത്തികളിലെ അനധികൃത കുടിയേറ്റക്കാരെ തിരസ്കരിക്കുന്നതിന് വോട്ട് ചെയ്തത് മുതല്‍ ഇടതുപക്ഷ തീവ്രവാദികള്‍ സിഡിയു ഓഫിസുകള്‍ക്കും ഇന്‍ഫര്‍മേഷന്‍ സ്റ്റാൻഡുകൾക്കും നേർക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൊളോണിലെ പാര്‍ട്ടി യോഗത്തിനിടെ പൊലീസ് സേനയ്ക്ക് യൂണിയന്‍ ചാന്‍സലര്‍ സ്ഥാനാർഥിയെ പ്രകടനക്കാരില്‍ നിന്ന് സംരക്ഷിക്കേണ്ടി വന്നു. പാര്‍ട്ടി നേതാവ് ഫ്രെഡറിക് മെര്‍സ് ഇതുവരെ ചാന്‍സലറല്ലെങ്കിലും, ചാൻസലർ പദവിക്ക് ഉചിതമായ സുരക്ഷാ നടപടികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് മെർസിന്റെ യാത്ര. വാഹന വ്യൂഹത്തിൽ ഏതു കാറിലാണ് മെർസ് സഞ്ചരിക്കേണ്ടതെന്ന് രഹസ്യ കമാൻഡ് ആണ് തീരുമാനിക്കുന്നത്.
ഹാനോവറിലെ സിഡിയു ജില്ലാ അസോസിയേഷന്റെ ഓഫിസ് ഇടതു തീവ്രവാദികള്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തിരുന്നു. തുടർന്ന് പരിശോധനകളും കർക്കശമാക്കിയിരുന്നു. അതേസമയം എല്ലാ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും, ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍,വ്യാജ പ്രസ് ഐഡികള്‍ ഉപയോഗിച്ച് വേദിയിലെത്തി യോഗം തടസ്സപ്പെടുത്തിയിരുന്നു. "ഫയര്‍വാള്‍" എന്നെഴുതിയ കാർഡ് ബോർഡുകൾ ഉയർത്തിപിടിച്ചായിരുന്നു സമരം.
ജര്‍മനിയില്‍ കഴിഞ്ഞ ദിവസം മുതല്‍ മെർസിന്റെ വികൃതമായ പോസ്റ്ററുകളാണ് കാണപ്പെടുന്നത്. മറ്റ് പാർട്ടുകളുടെ പോസ്റ്ററുകളും ഫ്ളക്സും നശിപ്പിക്കുന്നതും വ്യാപകമാണ്. ഇതിനിടെ, പാര്‍ട്ടി ഓഫിസുകളുടെ പ്രവേശന കവാടങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന്റെ തെളിവുകളെന്ന പേരിൽ ചിത്രങ്ങളടങ്ങിയ വലിയൊരു പട്ടിക തന്നെ സിഡിയുവിൽ പ്രചരിക്കുന്നുണ്ട്.
∙ജനപ്രീതിയിൽ ഇടിവ്
ജർമന്‍ തിരഞ്ഞെടുപ്പില്‍ സിഡിയു, എഎഫ്ഡി വോട്ടിന് ശേഷം ജനപിന്തുണയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. മൈഗ്രേഷന്‍ വോട്ടിനായി തീവ്ര വലതുപക്ഷ പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ചാന്‍സലര്‍ സ്ഥാനാർഥി ഫ്രെഡറിക് മെര്‍സിന്റെയും കൂട്ടരുടെയും ജനപ്രീതി കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരി 23 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജർമനിയുടെ സിഡിയു, സിഎസ്യു പാര്‍ട്ടികളുടെ മധ്യ–വലത് സഖ്യത്തിനുള്ള പിന്തുണ രണ്ട് പോയിന്റ് കുറഞ്ഞ് 28% ആയി. ചൊവ്വാഴ്ചത്തെ ട്രെന്‍ഡിലാണ് ഇത് പ്രകടമായത്.
സിഡിയുവിന്റെ ചാന്‍സലര്‍ സ്ഥാനാർഥി ഫ്രെഡറിക് മെര്‍സ് തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ ഉപയോഗിച്ച് അതിര്‍ത്തി നയം സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഒരു നോണ്‍–ബൈന്‍ഡിങ് പ്രമേയം പാസാക്കിയതിന് ശേഷമാണ് ജനപ്രീതി കുറയുന്നത്. ഇത് വിലക്കിന്റെ ചരിത്രപരമായ ലംഘനമായിരുന്നു.
2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഫലമാണ് പ്രതിപക്ഷ സിഡിയുവിന്, മാസങ്ങളായി വോട്ടെടുപ്പില്‍ മുന്നിട്ടുനിന്നത്. ഫോര്‍സ റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ടിന്റെ സര്‍വേ കാണിക്കുന്നത് ജര്‍മനിക്കുള്ള തീവ്ര വലതുപക്ഷ ബദല്‍ 20% എന്ന നിലയില്‍ രണ്ടാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 16% ല്‍ സ്ഥിരത പുലര്‍ത്തുന്നു, അതേസമയം ഗ്രീന്‍സ് ഒരു പോയിന്റ് ഉയര്‍ന്ന് 15% ആയിട്ടുണ്ട്.