പഠനകേന്ദ്രത്തിലെ വെടിവയ്പ്പ്: പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ട് സ്വീഡിഷ് മാധ്യമങ്ങൾ

Mail This Article
സ്റ്റോക്കോം∙ സ്വീഡനിലെ ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിൽ വെടിവയ്പ്പ് നടത്തിയതായി സംശയിക്കുന്നയാളുടെ ചിത്രം പുറത്ത്. 35 വയസ്സുക്കാരനായ റിക്കാർഡ് ആൻഡേഴ്സൺ എന്നയാളാണ് ചൊവ്വാഴ്ച ഒറെബ്രോയിലെ വെസ്തഗ ജില്ലയിലെ റിസ്ബർഗ്സ്ക പഠനകേന്ദ്രത്തിലെ വെടിവയ്പ്പിൽ 11 പേരെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതെന്ന് സ്വീഡിഷ് മാധ്യമമായ എക്സ്പ്രെസൻ റിപ്പോർട്ട് ചെയ്തു.
വെടിവയ്പ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. അധികൃതർ ഉടൻ തന്നെ അക്രമിയുടെ പേര് പുറത്തുവിട്ടില്ല, പക്ഷേ സ്വീഡിഷ് മാധ്യമങ്ങളോട് സംസാരിച്ച ബന്ധുക്കൾ അക്രമി ഒരു പ്രശ്നക്കാരനായ ഏകാകിയാണ് വെളിപ്പെടുത്തി. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം പുലർത്തിയിരുന്നില്ല. തൊഴിൽരഹിതനായിരുന്നതിനാൽ അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
പൊതുസമൂഹത്തെ പ്രതി ഭയന്നിരുന്നു. വർഷങ്ങളായി 'ഹൂഡ് ധരിച്ച്' നടക്കുന്ന സ്വഭാവമുണ്ടായിരുന്നതായി എക്സ്പ്രെസൻ റിപ്പോർട്ട് ചെയ്തു. എട്ട് വർഷം മുമ്പ് അക്രമി നിയമപരമായി പേര് മാറ്റിയിരുന്നു. വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പൊലീസ് ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തി. സ്വീഡിഷ് മാധ്യമങ്ങളോട് റെയ്ഡിന്റെ വിശദാംശങ്ങൾ നൽകാൻ പൊലീസ് വിസമ്മതിച്ചു. സ്വീഡന്റെ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, സ്വീഡൻ രാജാവ് കാൾ ഗുസ്താഫും ഇരകൾക്ക് അനുശോചനം അർപ്പിച്ചു.