ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഫെബ്രുവരി 24 ന് ഡൽഹിയിൽ

Mail This Article
ലണ്ടൻ/ഡൽഹി ∙ ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫെബ്രുവരി 24 ന് പുനരാരംഭിക്കുമെന്ന് സൂചന. യുകെയുടെ ബിസിനസ്–വ്യാപാര വകുപ്പ് മന്ത്രി ജോനാഥാൻ റെയ്നോൾഡ്സും സംഘവും ചർച്ചകൾക്കായി ഡല്‍ഹിയില്‍ എത്തും. ഹൗസ് ഓഫ് ലോർഡ്‌സിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ (ഐജിഎഫ്) ഏഴാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജോനാഥാൻ റെയ്നോൾഡ്സ് ഇന്ത്യ സന്ദർശനത്തെ കുറിച്ച് സൂചന നൽകിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയെത്തുടർന്ന് 2025 ന്റെ തുടക്കത്തിൽ മുടങ്ങിക്കിടന്ന യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം.
2022 ജനുവരിയിലാണ് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര ചർച്ചകൾ ആദ്യമായി ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുക എന്നതാണ് കരാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങൾക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാന്‍ പോകുന്നത്. ഇത്തരം കരാറുകള്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ ഉത്പന്നങ്ങളുടെ വിപണി പ്രവേശനം നല്‍കുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷനലുകള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ പ്രവേശനം നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
സ്‌കോച്ച് വിസ്‌കി, ഇലക്ട്രിക് വാഹനങ്ങള്‍, ആട്ടിറച്ചി, ചോക്ലേറ്റുകള്‍, ചില മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു. ബ്രിട്ടിഷ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമോ എന്ന കാര്യവും യുകെയുടെ ആവശ്യങ്ങളിൽ ഒന്നാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും മറ്റും ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാഴ്ത്തുമ്പോള്‍ ഇന്ത്യയും യുകെയും തമ്മിൽ നടക്കുന്ന സ്വതന്ത്ര വ്യാപാര കാരറിന്മേലുള്ള ചർച്ച ഒരുപോലെ ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും.