കൊച്ചി-യുകെ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ

Mail This Article
ലണ്ടൻ∙ കൊച്ചി-യുകെ ഡയറക്ട് വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒഐസിസി (യുകെ)യും യുഡിഎഫ് എംപിമാരും നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. കൊച്ചി-യുകെ ഡയറക്ട് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ എയർ ഇന്ത്യ തുടങ്ങി.
വിമാന സർവീസുകൾ തടസ്സങ്ങളില്ലാതെ നടത്തുന്നതിനും കാലക്രമേണ കൂടുതൽ സർവീസുകൾ ഈ റൂട്ടിൽ ലഭ്യമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ സിയാൽ എംഡി എസ്. സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ് തലവൻ ക്യാമ്പ്ബെൽ വിൽസണുമായി ചർച്ച ചെയ്തു. ചില സാങ്കേതിക അനുമതികൾക്ക് ശേഷം സർവീസുകൾ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
കോവിഡ് തുടക്കകാലത്ത് ആരംഭിച്ച കൊച്ചി-യുകെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസുകൾ മാർച്ച് 28ന് ശേഷം നിർത്തലാക്കുമെന്ന അറിയിപ്പ് യുകെയിലെ മലയാളി സമൂഹത്തിനിടയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. വാർത്ത പരന്നയുടൻ ഒഐസിസി (യുകെ) നാഷനൽ കമ്മിറ്റി പ്രശ്നത്തിൽ ഇടപെട്ടു. എയർ ഇന്ത്യ സിഇഒയും എംഡിയുമായ ക്യാമ്പ്ബെൽ വിൽസൺ, യുകെ വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ, ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ്, ബോൾട്ടൺ സൗത്ത് എംപി യാസ്മിൻ ഖുറേഷി എന്നിവർക്ക് ഒഐസിസി (യുകെ) നിവേദനം നൽകി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, രാഹുൽ ഗാന്ധി, കെ. സുധാകരൻ, ഫ്രാൻസിസ് ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കും നിവേദനങ്ങൾ കൈമാറി.
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി ഒഐസിസി (യുകെ)ക്ക് മറുപടി കത്തും കേന്ദ്ര വ്യോമയാന മന്ത്രിക്കും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കത്തും നൽകി. ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ വ്യോമ സർവീസ് ബർമിംഗ്ഹാം/മാഞ്ചസ്റ്റർ എയർപോർട്ടുകൾ വരെ നീട്ടണമെന്ന ഒഐസിസി (യുകെ) യുടെ ആവശ്യവും കെ. സുധാകരൻ എംപി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. യുഡിഎഫ് എംപി ഹൈബി ഈഡൻ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും നിവേദനം നൽകുകയും ചെയ്തു. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ആന്റോ ആന്റണി എന്നിവരും പിന്തുണയുമായി രംഗത്തെത്തി.
എയർ ഇന്ത്യ വിമാന സർവീസുകളുടെ തുടർച്ചയായ റദ്ദാക്കലുകളും തന്മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഒഐസിസി (യുകെ) നാഷനൽ കമ്മിറ്റി നേരത്തെ നൽകിയ നിവേദനവും അധികൃതരുടെ പരിഗണനയിലാണ്.