മോഷണം പോയ ഫോൺ ഉടമയ്ക്ക് തിരികെ നൽകാൻ വിസമ്മതിച്ച് പൊലീസ്; മോഷ്ടാവിന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് വാദം

Mail This Article
ലണ്ടൻ∙ വിചിത്ര കാരണം പറഞ്ഞ് മോഷണം പോയ ഫോൺ ഉടമയ്ക്ക് തിരികെ നൽകാൻ വിസമ്മതിച്ച് പൊലീസ്. ഫോൺ ഉടമയ്ക്ക് തിരികെ നൽകിയാൽ മോഷ്ടാവിന്റെ സ്വകാര്യത ലംഘിക്കപ്പെടുമെന്നായിരുന്നു പൊലീസ് ഭാഷ്യം. മേയ് 18നാണ് മെൽവിൻ മെയിൻവെയറിന്റെ ഫോൺ, ബാങ്ക് കാർഡുകൾ, ബസ് പാസ് എന്നിവ നഷ്ടപ്പെട്ടത്. പിന്നീട് ഡാനിയൽ റെയ്ഡിന്റെ കൈവശത്തിൽ നിന്ന് ഈ ഫോൺ പൊലീസ് കണ്ടെത്തി.
റെയ്ഡ് ഫോൺ ഉപയോഗിക്കുകയും തന്റെതാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ, ഫോൺ മെയിൻവെയറിന് തിരികെ നൽകാൻ നോർത്ത് വെയിൽസ് പൊലീസ് വിസമ്മതിച്ചു. റെയ്ഡിന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷൻ അവകാശങ്ങൾ ലംഘിക്കപ്പെടുമെന്നായിരുന്നു പൊലീസിന്റെ വാദം.
കേസ് കോടതിയിൽ എത്തിയതോടെ പൊലീസിനെ ജഡ്ജി വിമർശിച്ചു. റെയ്ഡിനെ കാർനാർഫോൺ ക്രൗൺ കോടതി മൂന്ന് വർഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചു. 33കാരനായ ഇയാൾ നേരത്തെ മൂന്ന് തവണ മോഷണം നടത്തിയെന്നും സമ്മതിച്ചിട്ടുണ്ട്.
പെനിങ്ങ്ടൻ ടെറസിലെ മെയിൻവെയറിന്റെ വീട്ടിലാണ് റെയ്ഡ് മോഷണം നടത്തിയത്. ഫോൺ തിരികെ നൽകുന്നതിൽ മെയിൻവെയറിന് ബുദ്ധിമുട്ടുണ്ടോയെന്ന് ജഡ്ജി ചോദിച്ചു. റെയ്ഡ് ഫോൺ എടുക്കുമ്പോൾ ഇരയുടെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷൻ അവകാശങ്ങളെക്കുറിച്ച് ചിന്തിച്ചില്ലെന്നും പൊലീസ് നിലപാട് പരിഹാസ്യമാണെന്നും ജഡ്ജി പറഞ്ഞു.
പ്രതി തന്റെ ചെയ്തികൾക്ക് ഖേദം പ്രകടിപ്പിച്ചു. കോടതി പ്രതിയെ റോസ്-ഓൺ-സീയിലെ മോഷണത്തിന് മൂന്ന് വർഷവും നാല് മാസവും, അബെർഗെലെ മോഷണത്തിന് 16 മാസവും, ഹോട്ടൽ മോഷണത്തിന് നാല് മാസവും, ബെയിൽ ആക്ട് കുറ്റത്തിന് ഒരു മാസവും തടവിന് ശിക്ഷിച്ചു.