ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യയിലെത്തിച്ചു; മലയാളികളെ യുദ്ധമുഖത്ത് കൂലിപ്പട്ടാളമാക്കിയ ചതിയുടെ സൂത്രധാരന്മാർ കസ്റ്റഡിയിൽ

Mail This Article
കൊല്ലം ∙ റഷ്യയിൽ ഇലക്ട്രിഷ്യൻ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയ ശേഷം യുക്രെയ്നിനെതിരായ യുദ്ധത്തിനായി കൂലിപ്പട്ടാളത്തിൽ ചേർത്തു തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന 3 പ്രതികളെ കൊല്ലം സ്വദേശിയുടെ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
കൊല്ലം മീയണ്ണൂർ കണ്ണങ്കര പുത്തൻ വീട്ടിൽ സിബി.എസ് ബാബുവിന്റെ പരാതിയിലാണു തൃശൂരിലെ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന തൃശൂർ തയ്യൂർ പാടത്തിൽ ഹൗസിൽ സിബി ഔസേപ്പ്, തൃശൂർ പാലിശ്ശേരി ചക്കാലയ്ക്കൽ വീട്ടിൽ സുമേഷ് ആന്റണി, എറണാകുളം മേക്കാട് മാഞ്ഞാലി വീട്ടിൽ സന്ദീപ് തോമസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയത്. തൃശൂർ സ്വദേശികൾ നേരത്തേ നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയുകയായിരുന്നു മൂന്നു പ്രതികളും. കഴിഞ്ഞ ജനുവരിയിലാണ് സിബി ഇവർക്കെതിരെ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയത്. 6 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
ഇതിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരേണ്ടി വന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി ബിനിലും തൃശൂർ സ്വദേശി സന്ദീപും റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ മരിച്ചു.ഇവരുടെ സംഘത്തിലുണ്ടായിരുന്ന ജെയിൻ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ് ഇപ്പോഴും മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂർ കൊടകര സ്വദേശി സന്തോഷ്, എറണാകുളം അത്താണി സ്വദേശി റെനിൽ, സിബി എന്നിവർക്കു മാത്രമാണു നാട്ടിലേക്ക് തിരിച്ചു വരാനായത്.
സിബി ഔസേപ്പിനെ സിബി ഇൻസ്റ്റഗ്രാം വഴി 2023 ലാണ് പരിചയപ്പെടുന്നത്. റഷ്യയിൽ ഇലക്ട്രിഷ്യൻ ജോലി ഉണ്ടെന്നു പറഞ്ഞു രണ്ടേമുക്കാൽ ലക്ഷം രൂപ ശമ്പളവും വാഗ്ദാനം ചെയ്തു. 2024 ഏപ്രിൽ ആദ്യ ആഴ്ചയിലാണു സിബിയും സന്ദീപും റഷ്യയിൽ എത്തുന്നത്. ഇരുവരും വിമാനത്താവളത്തിൽ വച്ചാണു പരിചയപ്പെട്ടത്. അവിടെ എത്തിയപ്പോൾ ഇവർക്ക് ആർമിയിലെ ഇലക്ട്രിഷ്യൻ ജോലിയാണെന്ന് പറഞ്ഞു.
യുദ്ധമുറകൾ പഠിക്കാനായി 3 മാസത്തെ പരിശീലനവും നൽകിയ ശേഷം നേരേ യുദ്ധമുഖത്തേക്ക് അയയ്ക്കുകയായിരുന്നു. ഒടുവിൽ എംബസി വഴിയും നാട്ടിലെ ബന്ധുക്കളും മാധ്യമങ്ങളുമായും ബന്ധപ്പെട്ട ശേഷമാണ് ഇവർക്ക് തിരികെ നാട്ടിലെത്താൻ സാധിച്ചത്. കസ്റ്റഡിയിലുളള പ്രതികൾക്ക് എതിരെ സമാനരീതിയിലുള്ള ഒട്ടേറെ പരാതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.