5 തവണ ചാംപ്യന്‍പട്ടം, 21-ാം വയസ്സില്‍ പരിശീലകൻ, കേരളത്തിന് 'സ്ക്വാഷ് അക്കാദമി'; തിരുവനന്തപുരം നല്‍കിയ 'ഭാഗ്യം'

Mail This Article
ലണ്ടന്‍ ∙ സ്‌ക്വാഷ് സ്‌പോര്‍ട്‌സില്‍ 5 തവണ സംസ്ഥാന ചാംപ്യന്‍പട്ടം. 40 ദേശീയ ടൂര്‍ണമെന്റുകള്‍. രാജ്യാന്തര ടൂര്‍ണമെന്റിൽ വെങ്കലം. 21-ാം വയസ്സില്‍ പരിശീലക കുപ്പായം. ഇന്നിപ്പോള്‍ യുകെയിലെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടം നേടിയ ഏക ഏഷ്യക്കാരനും ഇന്ത്യക്കാരനുമായി കേരളത്തിന്റ അഭിമാനതാരം. അധികമാരും അറിയപ്പെടാതെ പോയ പ്രാണ്‍ പ്രവീണ്‍ എന്ന അത്‌ലീറ്റില്‍ നിന്ന് കേരളത്തിന് തീര്‍ച്ചയായും ഇനിയുമേറെ പ്രതീക്ഷിക്കാം. വരും നാളുകളില്‍ തിരുവനന്തപുരം വലിയവിള സ്വദേശിയായ ഈ കായിക പ്രതിഭ കേരളത്തിന്റെ സ്‌ക്വാഷ് കായിക രംഗത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നതില്‍ സംശയമില്ല.
കേരളത്തിലെ കുട്ടികള്‍ക്കായി സ്വന്തമായി സ്ക്വാഷ് അക്കാദമി തുടങ്ങണമെന്ന ലക്ഷ്യത്തിലേയ്ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി യുകെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയില്‍ എംഎസ്‌സി സ്‌പോര്‍ട്‌സ് മാനേജ്‌മെന്‌റ് പഠനത്തിലാണ് പ്രാണ്‍ ഇപ്പോള്‍. പ്രവേശനം ലഭിച്ചിട്ട് ഒരു മാസം പിന്നിടും മുൻപേ കളിയിലെ മികവ് യൂണിവേഴ്‌സിറ്റി ടീമിലേക്ക് പ്രാൺ പ്രവീണിനെ എത്തിച്ചു.
കളിയുടെ സാങ്കേതികത മാത്രമല്ല അക്കാദമി തുടങ്ങണമെങ്കില്‍ മാനേജ്‌മെന്റ് വശങ്ങള്‍ കൂടി അറിഞ്ഞിരിക്കണമെന്നതു കൊണ്ടാണ് യുകെയിലേക്ക് എത്തിയതെന്ന് പ്രാണ്‍ പറയുന്നു. കേരളത്തിന്റെ സ്‌ക്വാഷ് മേഖലയില്‍ വേണ്ടത്ര സൗകര്യങ്ങളോ പരിശീലന ക്ലബ്ബുകളോ സ്ഥിരമായി പരിശീലകരോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ നേരിട്ടനുഭവിച്ചതിലൂടെയാണ് ഇനിയുള്ള തലമുറയ്ക്കായി മികച്ച സൗകര്യങ്ങളൊരുക്കണമെന്ന ചിന്ത 25 കാരനായ ഈ കായിക പ്രതിഭയ്ക്കുണ്ടായത്. കേരളത്തിലെ സ്‌ക്വാഷ് അസോസിയേഷനുകളുടെ പിന്തുണയോടെ കേരളത്തിനായി മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയാണ് അക്കാദമിയുടെ പ്രാണ്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാന സ്‌കൂള്‍ കായിക മത്സരങ്ങളില്‍ സ്‌ക്വാഷ് ഉള്‍പ്പെടുത്തണമെന്ന ആഗ്രഹവും ഈ താരത്തിനുണ്ട്. വളര്‍ന്നു വരുന്ന അത്‌ലീറ്റുകള്‍ക്ക് കൂടുതല്‍ മികവും അവസരങ്ങളും ഉണ്ടാകണമെങ്കില്‍ സ്‌കൂള്‍ തലം മുതല്‍ തന്നെ ശക്തമായ അടിത്തറ വേണം. എല്ലാ ജില്ലകളിലും സ്‌ക്വാഷ് പരിശീലന ക്ലബ്ബുകള്‍ വേണമെന്നാണ് പ്രാൺ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്‌ക്വാഷിന് വലിയ പ്രാധാന്യം കൊടുക്കുമ്പോൾ കേരളത്തിലെ കുട്ടികള്‍ക്ക് പരിശീലന സൗകര്യങ്ങളില്ലെന്നത് തന്നെയാണ് അക്കാദമി എന്ന സ്വപ്‌നത്തിലേക്ക് പ്രാണിനെ എത്തിച്ചത്.
∙ തിരുവനന്തപുരം നല്‍കിയ 'ഭാഗ്യം'
തിരുവനന്തപുരം നല്‍കിയ ഭാഗ്യമാണ് സ്‌ക്വാഷ് താരമായി മാറിയതെന്നാണ് പ്രാണ്‍ വിശ്വസിക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ (സിഎസ്എന്‍ പൊലീസ് സ്റ്റേഡിയം) സ്‌ക്വാഷ് കോര്‍ട്ടില്‍ തുടങ്ങിയ കായിക ജീവിതമാണ് പ്രാണിന്റേത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉദ്യോഗസ്ഥനായ പ്രവീണ്‍കുമാറിന്റെയും ആര്‍കെഡി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്ന ഗോപികാ റാണിയുടേയും ഏക മകനാണ്. പ്രാണിന്റെ കായിക ജീവിതത്തിന് ജീവന്‍ നല്‍കിയത് അച്ഛനും അമ്മയുമാണ്. 2 വര്‍ഷം മുന്‍പ് അമ്മയുടെ മരണം പ്രാണിനെ ഉലച്ചെങ്കിലും ഏകമകന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍, കൈപിടിച്ച് ഒപ്പം നടക്കാന്‍ എന്തിനും ഏതിനും അച്ഛൻ കൂടെയുണ്ട്. തിരുവനന്തപുരം മാര്‍ ബസേലിയസ് കോളജില്‍ നിന്നാണ് പ്രാൺ ബി ടെക്ക് ബിരുദം നേടിയത്. തുടർന്ന് എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ബിടെക് മെക്കാനിക്കല്‍ എന്‍ജീനീയറിങ്ങും കരസ്ഥമാക്കി.

∙ ബാസ്‌ക്കറ്റ് ബോളില്‍ തുടങ്ങിയ കായിക സ്വപ്‌നം
ബാസ്‌ക്കറ്റ് ബോളിലായിരുന്നു സ്‌പോര്‍ട്‌സിലേക്കുള്ള തുടക്കം. അച്ഛന്റെ സുഹൃത്തായ സുഭാഷ് ജോര്‍ജ് പറഞ്ഞിട്ടാണ് ഒരിക്കല്‍ സ്‌ക്വാഷിന്റെ ക്യാംപില്‍ പങ്കെടുത്തത്. ക്യാംപിന്റെ അവസാനം നടന്ന ടൂര്‍ണമെന്റിൽ വിജയിക്കാനായത് കൂടുതല്‍ പ്രോത്സാഹനമായി. അങ്ങനെയാണ് സ്‌ക്വാഷിലേക്കുള്ള തുടക്കം. പെട്ടെന്ന് കളി പഠിക്കാന്‍ കഴിഞ്ഞു. ചെന്നൈയില്‍ ഇന്ത്യന്‍ സ്‌ക്വാഷ് അക്കാദമിയില്‍ ഒരാഴ്ച പരിശീലനം നേടി. 2017 ല്‍ ആദ്യത്തെ സംസ്ഥാന തല സ്‌ക്വാഷ് ടൂര്‍ണമെന്റിൽ ജേതാവായി. തിരുവനന്തപുരത്ത് നടന്ന അണ്ടര്‍ 19 ദേശീയ മത്സരത്തില്‍ പങ്കെടുത്തു. 19-ാം റാങ്കിങ്ങില്‍ എത്തി. പുരുഷ ടീമിലേക്ക് ഉയര്‍ന്നതോടെ ഇതിനകം നാല്‍പതോളം ദേശീയ ടൂര്‍ണമെന്റിൽ ജഴ്‌സിയണിയാന്‍ കഴിഞ്ഞു. 2020 ല്‍ ജയ്പൂരില്‍ നടന്ന അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപ്പില്‍ എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും പ്രാണ്‍ പങ്കെടുത്തിരുന്നു. 2020 ല്‍ നേടിയ 15-ാം റാങ്ക് ആണ് പ്രാണിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്. 2023 ല്‍ ദുബായ് ഫറ മോമന്‍ അക്കാദമിയുടെ അഡ്വാന്‍സ്ഡ് ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റിൽ വെങ്കലവും നേടി.

∙ 21-ാം വയസില്‍ പരിശീലക കുപ്പായം
21-ാം വയസ്സിലാണ് പ്രാണ്‍ പരിശീലകന്റെ കുപ്പായമണിഞ്ഞു തുടങ്ങിയത്. സര്‍ട്ടിഫിക്കേഷന്‍ എടുത്തിട്ടും കേരളത്തില്‍ ജോലി ചെയ്യാനുള്ള അവസരം ഇല്ലാതിരുന്നതാണ് പ്രാണ്‍ എന്ന കായിക താരം കടല്‍ കടക്കാന്‍ കാരണം. മുത്തശ്ശിയെ കാണാന്‍ വിസിറ്റ് വീസയില്‍ ദുബായില്‍ എത്തിയതാണ്. അവിചാരിതമായി അവിടുത്തെ ടൂര്‍ണമെന്റുകളിലൊന്നില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഫറ മോമന്‍ സ്‌ക്വാഷ് അക്കാദമി അധികൃതര്‍ പ്രാണിന്റെ കഴിവ് തിരിച്ചറിഞ്ഞതോടെയാണ് പരിശീലകനാകാന്‍ ക്ഷണിച്ചത്. 2021 മുതല്‍ 2024 വരെ 3 വര്‍ഷക്കാലം അക്കാദമിയില്‍ പരിശീലകനായി. 3 വര്‍ഷം കൊണ്ട് ഇരുന്നൂറിലധികം കളിക്കാര്‍ക്കാണ് പരിശീലനം നല്‍കാന്‍ കഴിഞ്ഞുവെന്ന് പ്രാണ്‍ പറഞ്ഞു. ഒട്ടനവധി ടൂര്‍ണമെന്റുകളിലും പങ്കെടുത്തു. ഇതിനിടയില്‍ ദുബായിലെ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഹെഡ് കോച്ച് ആയി. വിദ്യാര്‍ഥികളുടെ അത്‌ലീറ്റിക് പങ്കാളിത്തം മെച്ചപ്പെടുത്താനും ടൂര്‍ണമെന്റുകളില്‍ ടീമിന് മികച്ച വിജയം നേടി കൊടുക്കാനും കഴിഞ്ഞത് പ്രാണിന്റെ പരിശീലക പാടവമാണ്.
കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിലും മികച്ച കളിക്കാരനായി അവരെ വാര്‍ത്തെടുക്കുന്നതിലും സ്ട്രാറ്റജിക് പരിശീലനം നല്‍കുന്നതിലുമാണ് പരിശീലകനെന്ന നിലയില്‍ പ്രാൺ മികവു തെളിയിച്ചത്. സ്വന്തമായി സ്ക്വാഷ് അക്കാദമി ഉൾപ്പെടെ കായിക രംഗത്ത് ഇനിയുമേറെ ഉയരത്തിലെത്താനുണ്ട് പ്രാൺ പ്രവീണിന്. സ്വന്തം കരിയർ മാത്രമല്ല വളർന്നു വരുന്ന യുവകായിക പ്രതിഭകൾക്കും മികച്ച കരിയർ വാർത്തെടുക്കാൻ ആവശ്യമായ പരിശീലന പിന്തുണ നൽകുന്നതിലും മുൻനിരയിലാണ് ഈ കായിക പ്രതിഭ.