ADVERTISEMENT

ലണ്ടൻ∙ എയർ ഇന്ത്യയുടെ കൊച്ചി - ലണ്ടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന ‘സിയാൽ’ (കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) അറിയിപ്പിന് നിറഞ്ഞ കയ്യടി. സർവീസ് പുനരാരംഭിക്കുവാൻ വേണ്ടി പ്രവർത്തിച്ച ജനപ്രതിനിധികൾക്കും യുകെയിലെ വിവിധ സംഘടനകൾക്കും യുകെ മലയാളികളുടെ അഭിനന്ദനങ്ങൾ തുടരുകയാണ്. 

യുകെ മലയാളികളുടെ ഉൾപ്പടെ വിവിധ സമൂഹങ്ങളിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതിനെ തുടർന്നാണ് സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സർവീസ് മാർച്ച് 30 ന് ശേഷം ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് വ്യാപകപായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എയർ ഇന്ത്യ അധികൃതരുമായി സിയാൽ ചർച്ച നടത്തിയത്. 

കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി - ലണ്ടൻ സർവീസ് മാർച്ച് അവസാനത്തോടെ അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് ബദൽ മാർഗങ്ങൾ അന്വേഷിക്കുവാൻ വിവിധ കോണുകളിൽ നിന്നും സമ്മർദ്ദം ഉയർന്നിരുന്നു. ബ്രിട്ടിഷ് എയർവേയ്സ് ഉൾപ്പടെയുള്ള കമ്പനികളുമായി ചർച്ച നടത്തി പുതിയ സർവീസുകൾ ആരംഭിക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു. ഇത്തരം ചർച്ചകൾക്കുള്ളനീക്കങ്ങൾ കൊച്ചി - ലണ്ടൻ സർവീസ് ഇല്ലാതാകുമെന്ന റിപ്പോർട്ടുകൾ  വന്നപ്പോൾ തന്നെ ഉയർന്നിരുന്നുവെങ്കിലും യുകെയിലെ വിവിധ മലയാളി സംഘടനകളുടെയും കേരളത്തിലെ വിവിധ ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടൽ മൂലം എയർ ഇന്ത്യയുമായി സംസാരിക്കാൻ സിയാൽ അധികൃതരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തുകയായിരുന്നു. 

ഇതേ തുടർന്നാണ് ഗുർഗാവിലെ ആസ്ഥാനത്ത് എയർ ഇന്ത്യ അധികൃതരുമായി സിയാൽ അധികൃതർ ചർച്ച നടത്തിയത്. ചർച്ചയിൽ സർവീസ് മുടങ്ങാതിരിക്കാൻ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയായതിനെ തുടർന്ന് സാങ്കേതിക അനുമതിയ്ക്ക് ശേഷം മാസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കാനാകുമെന്ന് സിയാൽ അധികൃതർ പറഞ്ഞു. 

വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്ന് എയർ ഇന്ത്യ അറിയിച്ചുവെന്നും എയർ ഇന്ത്യയുടെ സർവീസ് നടത്തിയിരുന്ന ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തിന് വാര്‍ഷിക അറ്റകുറ്റപ്പണി മൂലമാണ് സര്‍വീസ് തുടരുന്നില്ലെന്ന വിശദീകരണം ഉണ്ടായതെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞതായി സിയാൽ അധികൃതർ വിശദീകരിച്ചു. സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പാക്കേജ് നിർദേശങ്ങൾ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐഎഎസ് എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക്‌ നൽകി. സിയാൽ എയർപോർട്ട് ഡയറക്ടർ ജി മനു ചർച്ചയിൽ പങ്കെടുത്തു.

മാർച്ചിന് ശേഷമുള്ള സമ്മര്‍ ഷെഡ്യൂളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യുകെ മലയാളികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് കൊച്ചിയിൽ നിന്നും ലണ്ടനിലെ ഗാട്വിക്ക്‌ എയർപോർട്ടിലേക്കുള്ള എയർഇന്ത്യ സർവീസ് നിർത്തലാക്കുന്നുവെന്ന വിവരം അനൗദ്യോഗികമായി പുറത്തുവന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള സർവീസ്. എക്കോണമി ക്ലാസില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസില്‍ 18 സീറ്റുകളുമാണ് സർവീസിൽ ഉണ്ടായിരുന്നത്. എക്കോണമി ക്ലാസില്‍ എല്ലാ സര്‍വീസിലും നിറയെ യാത്രക്കാരുണ്ടാകും. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. 

തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു സർവീസ്. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു. കുട്ടികളും ജോലി ചെയ്യുന്നവരും കുടുംബസമേതം താമസിക്കുന്നവരുമായി ഒട്ടേറെ മലയാളികളാണ് ലണ്ടനിൽ  നിന്നും ഈ സർവീസിനെ ആശ്രയിക്കുന്നത്.

എറണാകുളം എംപി ഹൈബി ഈഡൻ സർവീസ് നിർത്തലാക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മന്ത്രി പി. രാജീവ്, കേരളത്തിൽ നിന്നുള്ള എംപിമാരായ കെ. സി. വേണുഗോപാൽ, കെ. സുധാകരൻ, പ്രിയങ്ക ഗാന്ധി, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, എം. കെ. രാഘവൻ എന്നിവരും തങ്ങളുടേതായ നിലയിൽ ഇടപെടലുകൾ നടത്തിയിരുന്നു. സർവീസ് നിർത്തുന്നുവെന്ന സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് യുകെയിലെ ലോകകേരള സഭയുടെ 16 അംഗങ്ങൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു. 

യുകെയിലെ പ്രാദേശിക മലയാളി സംഘടനകളുടെ അസോസിയേഷനായ യുക്മ, ഒഐസിസി യുകെ, കൈരളി യുകെ, പ്രവാസി ലീഗൽ സെൽ, ഐഒസി യുകെ, യുകെ പ്രവാസി കേരള കോൺഗ്രസ്-എം എന്നിവ ഉൾപ്പടെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയും ബന്ധപ്പെട്ട വകുപ്പുകളിൽ നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. യുകെ വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ,‌ യുകെയിൽ നിന്നുള്ള മലയാളി എംപി സോജൻ ജോസഫ്, യുകെ എംപി യാസ്മിൻ ഖുറേഷി എന്നിവർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും തങ്ങളൂടേതായ നിലയിൽ യാത്രാക്ലേശം പരിഹരിക്കുവാനുള്ള ബദൽ മാർഗങ്ങൾക്കായി നീക്കങ്ങൾ നടത്തിയിരുന്നു.

English Summary:

UK Malayalees applaud the announcement of the resumption of the Kochi-London flight service.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com