യുകെയിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ സംഗമം പീക്ക് ഡിസ്ട്രിക്ടിൽ നാളെ മുതൽ

Mail This Article
എക്സിറ്റർ ∙ യുകെയിലെ മലയാളികളായ ട്രക്ക് ഡ്രൈവർമാരുടെ സംഗമം ഫെബ്രുവരി 7, 8, 9 തീയതികളിൽ പീക്ക് ഡിസ്ട്രിക്ടിലെ തോർഗ്ബ്രിജ് ഔട്ട്ഡോർ സെന്ററിൽ നടക്കും. ഇന്ത്യയിൽ ആയിരുന്നപ്പോൾ ഡ്രൈവിങ് ഒരു നിസ്സാരമായ കാര്യമായി കണ്ടിരുന്നെങ്കിൽ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് ഡ്രൈവിങ്ങും ഡ്രൈവിങ് പഠനവും എത്ര ഗൗരവമുള്ളതാണെന്ന് മനസ്സിലായതെന്ന് സംഗമത്തിന്റെ സംഘാടകർ പറഞ്ഞു.
പലരുടെയും അനുഭവത്തിൽ അവരുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ടെസ്റ്റ് ഇംഗ്ലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് ആയിരുന്നു. ഇംഗ്ലണ്ടിൽ ട്രക്ക് ഡ്രൈവിങ് ടെസ്റ്റ് പാസായി യൂറോപ്യൻ നിരത്തുകളിൽ പായുന്ന മലയാളി ഡ്രൈവർമാരുടെ എണ്ണം ഇന്ന് ഇരുന്നൂറിലധികമാണ്. ഇംഗ്ലണ്ടിലെത്തിയ മലയാളികളെ ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരാൻ സഹായിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ചർച്ചകളും സംഗമത്തിൽ നടക്കും. ഈ വാരാന്ത്യത്തിൽ നടക്കുന്ന ത്രിദിന കൂട്ടായ്മ വിജയകരമാകുമെന്ന് ഭാരവാഹികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.