ലണ്ടനിൽ അൾട്രാ ലോ എമിഷൻ സോൺ; പിഴയായി ഈടാക്കിയത് 70 മില്യൻ പൗണ്ട്!

Mail This Article
ലണ്ടൻ∙ ലണ്ടൻ നഗരത്തെ അൾട്രാ ലോ എമിഷൻ സോണായി (ULZ) പ്രഖ്യാപിച്ചശേഷം ഇതുവരെ ഡ്രൈവർമാർ പിഴയായി അടച്ചത് 70 മില്യൻ പൗണ്ട്. ഓരോ യാത്രയ്ക്കും ഫീസായി നൽകേണ്ട തുക സമയത്ത് അടയ്ക്കാത്തതിനാണ് ഇത്രയേറെ തുക ഡ്രൈവർമാർ പിഴയടച്ചത്. ആറു വർഷം മുമ്പാണ് ലണ്ടനിൽ അൾട്രാ ലോ എമിഷൻ സോൺ ചാർജ് ഏർപ്പെടുത്തിയത്.
ക്രോയിഡൺ ബറോയിലുള്ളവരാണ് പിഴയടച്ചവരിൽ മുന്നിൽ (നാല് മില്യൻ). ഹില്ലിങ്ങ്ടൻ- 3.8 മില്യൻ, ഈലിങ്-3.7 മില്യൻ, എൻഫീൽഡ്-3.5 മില്യൻ എന്നിവിടങ്ങളിലുള്ളവരാണ് ഈ പട്ടികയിൽ മുൻപന്തിയിലുള്ളത്.
തുടക്കത്തിൽ സെൻട്രൽ ലണ്ടനിലെ കൺജഷൻ ചാർജ് മേഖലയിൽ മാത്രമായിരുന്നു അൾട്രാ ലോ എമിഷൻ സോൺ ചാർജ് ബാധകമായിരുന്നത്. 2021ൽ ഇത് വിപുലീകരിച്ച് കൂടുതൽ ബറോകളിലേക്ക് വ്യാപിപ്പിച്ചു. 2023ൽ ലണ്ടൻ നഗരം മുഴുവൻ ഈ നിയന്ത്രണ മേഖലയ്ക്ക് ഉള്ളിലായി. ഇതോടെയാണ് നിയന്ത്രണമേഖല അറിയാതെ ഒട്ടേറെ ഡ്രൈവർമാർ സമയത്ത് ഫീസടയ്ക്കാതെ പിഴ ഒടുക്കേണ്ടി വന്നത്.
അൾട്രാ ലോ എമിഷൻ സോൺ പണമുണ്ടാക്കാനുള്ള മാർഗമല്ലെന്നും ഇതിലൂടെ സമാഹരിക്കുന്ന ഓരോ പൗണ്ടും തിരികെ നിക്ഷേപിച്ച് ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താനാണ് ടിഎഫ്എൽ ശ്രമിക്കുന്നതെന്ന് വക്താവ് വ്യക്തമാക്കി. പുതിയ ബസ് റൂട്ടുകൾ ആരംഭിക്കാനും റെയിൽ നെറ്റ്‌വർക്ക് വികസിപ്പിക്കാനുമാണ് ഈ തുക ഉപയോഗിക്കുക.