ജർമനിയിൽ 16 ഇന്ത്യക്കാർ അനധികൃത കുടിയേറ്റത്തിന് പിടിയിൽ; മലയാളികൾ ഉൾപ്പെട്ടതായി സംശയം

Mail This Article
ബർലിൻ∙ അനധികൃതമായി ജർമനിയിലേക്ക് കടക്കാൻ ശ്രമിച്ച 16 ഇന്ത്യക്കാരെ ജർമൻ ഫെഡറൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് വിഷയമായി കുടിയേറ്റം ചർച്ച ചെയ്യുന്നതിനിടെയാണ് ജർമനി അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ജീവന് ഭീഷണിയും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങളിൽ കുടിയേറ്റക്കാരെ കടത്തിയതിന് വാഹനമോടിച്ച 24കാരനായ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
ബെൽജിയൻ അതിർത്തിക്കടുത്തുള്ള ആഹനിൽ പട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ 15 അനധികൃത കുടിയേറ്റക്കാരുമായി വന്ന വാൻ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നുവെന്ന് ജർമ്മൻ ഫെഡറൽ പൊലീസ് അറിയിച്ചു. 9 പേർക്ക് യാത്ര ചെയ്യാവുന്ന വാനിൽ കുത്തിത്തിരുകിയാണ് ആളുകളെ നിറച്ചത്. ഒട്ടറെ പേർ സീറ്റ് ബെൽറ്റ് ധരിക്കാതെ തറയിൽ ഇരുന്നു.
24കാരനായ ഡ്രൈവറും 15 യാത്രക്കാരും ഇന്ത്യൻ പൗരന്മാരാണ്.ഇവരിൽ ആർക്കും സാധുവായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ, താൻ ഫ്രാൻസിൽ നിയമപരമായ താമസക്കാരനാണെന്ന് ഡ്രൈവർ പറഞ്ഞു. ഫ്രഞ്ച് അധികൃതരുമായി നടത്തിയ പരിശോധനയിൽ ഇത് തെറ്റാണെന്നും തെളിഞ്ഞു. അറസ്റ്റിലായവരിൽ മലയാളികൾ ഉൾപ്പെട്ടതായും സംശയിക്കുന്നു.
16 പേരെയും എസ്ഷ്വൈറിലെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ, ഡ്രൈവർ ഒരു യാത്രക്കാരനിൽ നിന്ന് 20നും 100നും ഇടയിൽ യൂറോ ഈടാക്കിയതായി പൊലീസ് പറഞ്ഞു. അതേസമയം അവരെ ജർമനിയിലേക്ക് കൊണ്ടുവരുമ്പോൾ പൊലീസ് പരിശോധന ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ അഭയത്തിനായി അപേക്ഷിച്ച വ്യക്തികളെ പ്രാദേശിക ഇമിഗ്രേഷൻ അധികാരികളുടെ അടുത്തേക്ക് കൊണ്ടുപോയി, ബാക്കിയുള്ളവരെ ബെൽജിയത്തിലേക്ക് തിരിച്ചയച്ചു.
നിലവിൽ എല്ലാ കര അതിർത്തികളിലും നിയന്ത്രണത്തിനൊപ്പം പരിശോധനയും ജർമനി ശക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയാൻ ജർമനി അതിർത്തി നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിരിക്കയാണ്.