ബ്രിട്ടിഷ് ദമ്പതികളെ ഫ്രാൻസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കൊല്ലപ്പെട്ട സ്ത്രീ മുൻ ഹോളിഓക്സ് താരത്തിന്റെ അമ്മ

Mail This Article
വിൽഫ്രാൻഷെ-ഡി-റൂവർഗ്∙ ഫ്രാൻസിൽ ഭർത്താവിനൊപ്പം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബ്രിട്ടിഷ് വനിത മുൻ ഹോളിഓക്സ് താരം കല്ലം കെറിന്റെ അമ്മയാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഡേൺ സീറിൽ (56), ആൻഡ്രൂ സീറിൽ (62) ദമ്പതികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലെസ് പെസ്‌ക്വിസിൽ നായയുമായി നടക്കാൻ പോയ വ്യക്തിയാണ് കണ്ടെത്തിയത്. ബ്രിട്ടിഷ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിന്റെ ഇരകളാണ് ദമ്പതികൾ എന്ന് അയൽവാസികൾ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, പൊലീസ് ഇവരുടെ വ്യക്തിവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2020നും 2021നും ഇടയിൽ പിസി ജോർജ് കിസ് ആയി അഭിനയിച്ച സ്കോട്ടിഷ് നടനാണ് ഡേൺ സീറിന്റെ മകൻ കല്ലം കെർ. ഡേൺ സീറിലിനെ കൊലപ്പെടുത്തുന്നതിന് മുൻപ് അക്രമികൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡേൺ സീറിലിന്റെ ശരീരം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, ആൻഡ്രൂ സീറിലിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആൻഡ്രൂവിന്റെ വായിൽ തുണി തിരുകിയിരുന്നു.
ആൻഡ്രൂ സീറിൽ പത്തുവർഷം മുൻപാണ് കുടുംബത്തോടൊപ്പം ഫ്രാൻസിലേക്ക് താമസം മാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബ്രിട്ടിഷ് പ്രവാസികളും യുകെയിൽ നിന്നുള്ള അവധിക്കാല ഭവന ഉടമകളും നിറഞ്ഞ സ്ഥലമാണ് വിൽഫ്രാൻഷെ-ഡി-റൂവർഗ്.
ദമ്പതികൾ പ്രാദേശികമായും ബ്രിട്ടനിലുമുള്ള ഓട്ടറെ സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും പലപ്പോഴും വിരുന്നു സൽക്കാരങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.