ജർമനിയിൽ ഇൻഫ്ലുവൻസ വ്യാപനം; കുട്ടികളിലും പ്രായമായവരിലും കൂടുതൽ

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ 8 ദശലക്ഷം ആളുകള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകൾ. ക്ലിനിക്കുകളില്‍ മൂന്നിരട്ടി പനി ബാധിതരാണ് ചികില്സിയ്ക്ക് വിധേയമായത്. കുട്ടികളെ പ്രത്യേകിച്ച് കൂടുതല്‍ ബാധിച്ചതായും പറയുന്നു. നിലവില്‍ കൂടുതല്‍ ആളുകള്‍ ഗുരുതരമായ ശ്വാസകോശ അണുബാധകള്‍ അനുഭവിക്കുന്നുണ്ട്. റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍കെഐ) ആണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഇന്‍ഫ്ലുവന്‍സ വൈറസുകള്‍ പരക്കുകയാണ്. ഫെബ്രുവരി 2 വരെയുള്ള ആഴ്ചയില്‍ മൊത്തം 46,365 ഇന്‍ഫ്ലുവന്‍സ അണുബാധകള്‍ ലബോറട്ടറികള്‍ സ്ഥിരീകരിച്ചു. അതായത് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 15,000ത്തോളം കൂടുതല്‍ അണുബാധകള്‍.
ക്ലിനിക്കുകളില്‍ മൂന്നിരട്ടി പനി ബാധിതരാണുള്ളത്. നിലവില്‍ ആശുപത്രികളിലെ ഗുരുതരമായ അണുബാധയുടെ പ്രധാന കാരണം ഇന്‍ഫ്ലുവന്‍സയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് കണക്കുകള്‍. 5 നും 14 നും ഇടയില്‍ പ്രായമുള്ള ആറ് കുട്ടികളില്‍ ഒരാള്‍ക്ക് കടുത്ത ശ്വാസകോശ സംബന്ധമായ അസുഖം അനുഭവിക്കുന്നുണ്ടെന്ന് നിലവിലെ ആര്‍കെഐ റിപ്പോര്‍ട്ട് പറയുന്നു.
അഞ്ച് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള ആറ് കുട്ടികളില്‍ ഒരാള്‍ക്ക് നിശിത ശ്വാസകോശ സംബന്ധമായ അസുഖമുണ്ട്. ആര്‍കെഐയുടെ കണക്കനുസരിച്ച്, യുവാക്കള്‍ക്കിടയില്‍ കേസുകളുടെ എണ്ണം അടുത്തിടെ ഗണ്യമായി വര്‍ധിച്ചു. വര്‍ഷത്തിന്റെ ആരംഭം മുതല്‍, ഇത് മൂന്നിരട്ടിയിലധികം വര്‍ധിക്കുകയും മുന്‍ സീസണുകളിലെ ഫ്ലൂ തരംഗങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതുമാണ്.
ജര്‍മനി മുഴുവനും ഫ്ലൂ തരംഗത്തിന്റെ നിയന്ത്രണത്തിലാണ്. ആര്‍കെഐയുടെ കണക്കനുസരിച്ച്, സ്കൂള്‍ കുട്ടികളില്‍ ഗുരുതരമായ കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു.
300 ലധികം മരണങ്ങള്
2024/25 സീസണില്‍, ഇന്‍ഫ്ലുവന്‍സ വൈറസ് ബാധിച്ച 303 മരണങ്ങള് ആര്‍കെഐ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 91 ശതമാനവും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. കഴിഞ്ഞ ആഴ്ച, ആര്‍കെഐ ആകെ പനി ബാധിച്ച് 214 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.