മോഷ്ടാവിനെ പിടികൂടാൻ ഹെലികോപ്റ്റർ ചെയ്സ്: ലണ്ടനിലെ മോഷണങ്ങളിൽ 70 ശതമാനവും മൊബൈൽ ഫോണിനായി

Mail This Article
ലണ്ടൻ ∙ ലണ്ടൻ നഗരം മൊബൈൽ മോഷണം വർധിക്കുന്നതായി റിപ്പോർട്ട്. ഓരോ ആറു മിനിറ്റിലും ഒരാൾ നഗരത്തിൽ മൊബൈൽ മോഷണത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022ൽ 90,864 മൊബൈലുകളാണ് നഗരത്തിൽ മോഷ്ടിക്കപ്പെട്ടത്. അതായത് ദിവസേന 250 ഫോൺ. നഗരത്തിലെ മോഷണങ്ങളിൽ 70 ശതമാനവും മൊബൈൽ ഫോണുമായി ബന്ധപ്പെട്ടതാണ്.
ഇതിനു അറുതിവരുത്താൻ ടെക് കമ്പനികളുടെ സഹായം തേടുകയാണ് മേയർ സാദിഖ് ഖാനും മെട്രോപൊളിറ്റൻ പൊലീസ് മേധാവി സർ മാർക്ക് റൌളിയും. മോഷ്ടാക്കൾക്ക് ഫോൺ ഉപയോഗിക്കാനേ പറ്റാത്തവിധത്തിലുള്ള പരിഹാരം സോഫ്റ്റ്വെയർ ഡെവലപ്പർമാർ കണ്ടെത്തണമെന്നാണ് ഇവരുടെ നിർദേശം.
കഴിഞ്ഞദിവസം മൊബൈൽ മോഷ്ടാവായ യുവാവിനെ പൊലീസ് ചെയ്സ് ചെയ്ത് പിടിച്ചത് ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ്. നോർത്ത് ലണ്ടനിൽ ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ ട്രാക്ക്ചെയ്ത് പിന്തുടർന്ന പൊലീസ് ഇയാളെ പിടികൂടിയപ്പോൾ 16 സ്മാർട്ട് ഫോണുകളാണ് ലഭിച്ചത്. ആയിരം പൗണ്ടും, മോഷ്ടിച്ചെടുത്ത ബൈക്കും കഞ്ചാവും ഇയാളിൽനിന്ന് കണ്ടെത്തി.
പൊലീസ് നടപടികൾ ശക്തമാക്കിയതിനു പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ ആയിരത്തിലധികം സ്മാർട്ട് ഫോണുകൾ തിരികെ കിട്ടി. സ്മാർട്ട് ഫോൺ അപഹരണം തടയാൻ ടെക് കമ്പനികളുടെ സഹായം തേടി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് ഹോം സെക്രട്ടറി. മോഷ്ടിച്ചെടുക്കുന്ന ഫോണുകൾ വിൽക്കുന്ന ശൃംഖല തകർക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.