ഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ 'ഓൾ യുകെ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ്' രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു

Mail This Article
സ്റ്റോക്ക് ഓൺ ട്രെന്റ് ∙ ഉമ്മൻ ചാണ്ടിയുടെയും, പി റ്റി തോമസിന്റെയും സ്മരണാർഥം ഒഐസിസി (യുകെ) പ്രഥമ ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു. സ്റ്റോക് ഓൺ ട്രെന്റിൽ വച്ച് നടന്ന ബാഡ്മിന്റൻ ടൂർണമെന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഷട്ടിൽ കളിച്ചുകൊണ്ട് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വലിയ ആരവത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ എത്തിച്ചേർന്നു.

ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നീതു ജസ്റ്റിന്റെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ചടങ്ങുകൾക്ക് നാഷനൽ വക്താവ് റോമി കുര്യാക്കോസ് ആമുഖ പ്രസംഗവും, ജോയിന്റ് സെക്രട്ടറിയും ടൂർണമെന്റ് ചീഫ് കോർഡിനേറ്ററുമായ വിജീ കെ പി സ്വാഗതവും ആശംസിച്ചു. വർക്കിങ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ് ആശംസയും, സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ് നന്ദിയും അർപ്പിച്ചു സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഐന അബിൻ, എയ്ഞ്ചൽ ഷെബിൻ, എയ്ഞ്ചൽ നെബു, ഒലിവിയ സന്തോഷ്, ലൗറ ഷെബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച 'വെൽക്കം ഡാൻസ്' നയന മനോഹരമായി. ഇന്റർമീഡിയേറ്റ് കാറ്റഗറിയിൽ നടത്തിയ മെൻസ് ഡബിൾസിൽ ഉമ്മൻചാണ്ടി മെമ്മോറിയൽ കപ്പുയർത്തിയത് ജെറമി - അക്ഷയ് കൂട്ടുകെട്ടാണ്. രണ്ടാം സ്ഥാനം:സുദീപ് - അംഗത്, മൂന്നാം സ്ഥാനം പ്രിൻസ് - ഷിന്റോയും നേടിക്കൊണ്ട് ട്രോഫികളും, ക്യാഷ് പ്രൈസുകളും കരസ്ഥമാക്കി.

40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ ബാഡ്മിന്റൻ ഡബിൾസ് ടൂർണമെന്റിൽ സുരേഷ് - ഡോൺ ടീം ചാംപ്യന്മാരായി പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി. മത്സരത്തിൽ രണ്ടാം സ്ഥാനം പ്രകാശ് - സുഷിൽ കൂട്ടുകെട്ടും, മൂന്നാം സ്ഥാനം ഹെർലിൻ - വിക്രാന്ത് ടീമും കരസ്ഥമാക്കി. 6 കോർട്ടുകളിൽ ആയി നടത്തിയ മത്സരങ്ങളിൽ ഇരു കാറ്റഗറിയിലുമായി 60 ഓളം ടീമുകൾ മത്സരിച്ചു. വീറും വാശിയും ഇടകലർന്ന മത്സരങ്ങൾക്ക് സാക്ഷിയാകാൻ വലിയ ജനാവലിയാണ് സ്റ്റോക് ഓൺ ട്രെന്റിൽ എത്തിച്ചേർന്നത്.


രാത്രി എട്ടു മണിവരെ നീണ്ടു നിന്ന മത്സരത്തിനൊടുവിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ്, കോവൻട്രി യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ്, സംഘാടക സമിതി അംഗം അജി എന്നിവരും ക്യാഷ് പ്രൈസുകൾ നാഷനൽ ജോയിന്റ് സെക്രട്ടറി വിജീ കെ പി, സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ് ഭാരവാഹികളായ തോമസ് ജോസ്, തോമസ് പോൾ, മുരളീ ഗോപാലൻ, സിബി ജോസ്, ഷിജോ മാത്യു തുടങ്ങിയവരും വിതരണം ചെയ്തു.

ടൂർണമെന്റ് ചീഫ് കോർഡിനേറ്റർ വിജീ കെ പി, സംഘാടക സമിതി അംഗം അജി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി തോമസ് പോൾ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.
