കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ നിയമ നിര്‍മാണത്തിന് യുകെ; പാര്‍ലമെന്റില്‍ പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങി ഹോം സെക്രട്ടറി

Mail This Article
ലണ്ടൻ ∙ കുട്ടികളെ ക്രിമിനല്‍ മാര്‍ഗങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നതിന് എതിരെ നിയമ നിര്‍മാണത്തിന് ഒരുങ്ങി യുകെയിലെ സർക്കാർ. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ അടുത്ത ആഴ്ച നടപടികൾക്ക് ഹോം സെക്രട്ടറി യെവറ്റ് കൂപ്പർ തുടക്കം കുറിക്കും. ലഹരിമരുന്ന് ഇടപാടുകള്‍ പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യമാണ്.
കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തന്നെ തടയുന്ന നടപടിക്രമങ്ങള്‍ നിയമത്തിലുണ്ടാകുമെന്ന് യെവറ്റ് കൂപ്പർ പറഞ്ഞു. സമൂഹത്തില്‍നിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണതകള്‍ തുടച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് യെവറ്റ് കൂപ്പർ കൂട്ടിച്ചേര്‍ത്തു.
നിര്‍ദ്ദിഷ്ട നിയമം നടപ്പിലാകുന്നതോടെ കുട്ടികളെ ഉപയോഗിച്ച് ലഹരിമരുന്ന് വ്യാപാരം ഉൾപ്പടെയുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞവര്‍ഷം സമാനമായ നിയമ നിര്‍മ്മാണത്തിന് ഋഷി സുനക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ പൊതു തിരഞ്ഞെടുപ്പിനായി പാര്‍ലമെന്റ് പിരിച്ചുവിട്ടപ്പോള്‍ നിയമനിര്‍മാണം കൂടുതല്‍ പുരോഗതി കൈവരിച്ചില്ല.

മയക്കുമരുന്ന് ഇടപാടുകള്‍, സംഘടിത കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കുട്ടികളെ വളര്‍ത്തുന്ന ആളുകളെയാണ് പുതിയ നിയമ നിര്‍മാണം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഹോം ഓഫിസ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 2023 - 24 വര്‍ഷങ്ങളില്‍ ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി തിരിച്ചറിഞ്ഞത്.
