തടവുകാരനുമായി പ്രണയം; യുകെയിൽ ജയിൽ ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവും പിഴയും

Mail This Article
നോർത്താംപ്ടൺ ∙ യുകെയില്‍ തടവുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിൽ ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. നോർത്താംപ്ടൺഷയറിലെ വെല്ലിങ്ബറോയിലെ എച്ച്എംപി ഫൈവ് വെൽസിൽ ജോലി ചെയ്തിരുന്ന ടോണി കോളിനെതിരെയാണ് നടപടി. നോർത്താംപ്‌ടൺഷെയർ പൊലീസിന്റെ അന്വേഷണത്തിൽ 28 വയസ്സുള്ള പുരുഷ തടവുകാരനുമായി ബന്ധമുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥ സമ്മതിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമേ 187 പൗണ്ട് ആണ് പിഴയായി അടയ്‌ക്കേണ്ടത്.
2023 ജനുവരിയില്‍ ജയിൽ ഉദ്യോഗസ്ഥയായ ടോണി കോൾ അനധികൃതമായി അധിക ഡ്യൂട്ടിയെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടെയാണ് ഉദ്യോഗസ്ഥയും തടവുകാരനുമായുള്ള ബന്ധം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥ തടവുകാരനുമായി കൂടുതല്‍ സമയവും ചെലവഴിച്ചതായി കണ്ടെത്തി. തടവുകാരൻ ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് മാസത്തിനിടെ ഉദ്യോഗസ്ഥ തടവുകാരനുമായി 4,431 സന്ദേശങ്ങളും കോളുകളും കൈമാറിയതായി നോർത്താംപ്‌ടൺഷെയർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. തടവുകാരനുമായി ഉദ്യോഗസ്ഥയ്ക്കുള്ള ബന്ധം തികച്ചും അനുചിതമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരം പെരുമാറ്റം ജയിലിലെ മറ്റ് സഹപ്രവർത്തകരുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണം. ഇത്തരത്തിൽ വഴിവിട്ട ബന്ധം തുടരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടർന്നും നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.