പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ സന്ദർശിച്ച് ഋഷി സുനകും കുടുംബവും

Mail This Article
ലണ്ടൻ/ന്യൂഡൽഹി ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിൽ സന്ദർശിച്ച് മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും കുടുംബവും. ഭാര്യ അക്ഷത മൂർത്തി, മക്കളായ കൃഷ്ണ, അനുഷ്ക എന്നിവർക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഋഷി സുനക് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഋഷി സുനക് പങ്കുവെച്ചത്. ഋഷി സുനകിന്റെ ഭാര്യാമാതാവും രാജ്യസഭാ അംഗവുമായ സുധ മൂർത്തിയും അവരോടൊപ്പം ഉണ്ടായിരുന്നു. ഋഷി സുനകുമായി വിവിധ വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നരേന്ദ്ര മോദിയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഋഷി സുനക് പറഞ്ഞു. ‘ഇന്ത്യയുട ഏറ്റവും അടുത്ത സുഹൃത്ത്’ എന്നാണ് ഋഷി സുനകിനെ നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഋഷി സുനക് എന്നും നരേന്ദ്രമോദി പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ടശേഷം ഋഷി സുനകും കുടുംബവും പാർലമെന്റ് മന്ദിരം സന്ദർശിച്ചു. ഗാലറികൾ, ചേംബറുകൾ, കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, സംവിധാൻ സദൻ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.