ബസേലിയസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ്: ബോസ്റ്റൺ ഇടവക ജേതാക്കൾ

Mail This Article
ലണ്ടൻ ∙ മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റിൽ ബോസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഇടവക ജേതാക്കളായി. സൗത്ത് ലണ്ടൻ സെന്റ് മേരിസ് പള്ളി രണ്ടാം സ്ഥാനവും ബ്രിസ്റ്റോൾ മാർ ബസേലിയോസ് എൽദോസ് ഇടവക മൂന്നാം സ്ഥാനവും വാട്ഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇടവക നാലാം സ്ഥാനവും കരസ്ഥമാക്കി.
ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നായി 20 ടീമുകൾ മാറ്റുരച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. എബിൻ ഊന്നുകല്ലുങ്കൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബേസിങ്ങ്സ്റ്റോക് ഇടവക വികാരി ഫാ. ഫിലിപ്പ് തോമസ് പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ഫാ. എബിൻ ഊന്നുകല്ലുങ്കൽ അധ്യക്ഷനായി. ഭദ്രാസന ട്രഷറർ ഷിബി കുര്യാക്കോസ്, കൗൺസിലർമാരായ മധു മാമ്മൻ, ഷാജി ഏലിയാസ്, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.

മത്സരത്തിൽ ബോസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഇടവകയെ പ്രതിനിധീകരിച്ച ആഷിഷും ആൽവിനും എവർറോളിങ് ട്രോഫിയും ഒന്നാം സമ്മാനമായ 301 പൗണ്ടും ഏറ്റുവാങ്ങി. രണ്ടാം സമ്മാനമായ 201 പൗണ്ടും വ്യക്തിഗത ട്രോഫിയും സൗത്ത് ലണ്ടൻ ഇടവകയ്ക്കു വേണ്ടി മത്സരിച്ചഎവിനും ജോയിസിനും സമ്മാനിച്ചു.
മൂന്നാം സമ്മാനമായ 101 പൗണ്ടും വ്യക്തിഗത ട്രോഫിയും ബ്രിസ്റ്റോൾ മോർ ബസേലിയോസ് എൽദോസ് ഇടവകയെ പ്രതിനിധീകരിച്ച വിമൽ, എൽദോ എന്നിവരും നാലാം സമ്മാനമായ 51 പൗണ്ടും വ്യക്തിഗത ട്രോഫിയും വാട്ഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ നിന്നുള്ള ഷിബിൽ, ബിബിൻ എന്നിവരും ഏറ്റുവാങ്ങി.