ADVERTISEMENT

യോർക്ക്∙ 2009ൽ കാണാതായ യോർക്ക് ഷെഫ് ക്ലൗഡിയ ലോറൻസിന്റെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്ത്. ‘ലൂസി’ എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ക്ലൗഡിയയുടെ തിരോധാനത്തിൽ തന്റെ മുൻ പങ്കാളിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നു.

ജേണലിസ്റ്റ് ടോം മക്‌ഡെർമോട്ട് അവതരിപ്പിക്കുന്ന ‘ആൻസേഴ്സ് ഫോർ ക്ലൗഡിയ’ എന്ന പോഡ്‌കാസ്റ്റിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. ക്ലൗഡിയയുടെ മാതാവ് ജോൻ ലോറൻസിന്റെ സഹകരണത്തോടെയാണ് പോഡ്‌കാസ്റ്റ് നടത്തുന്നത്.

ലൂസിയുടെ മുൻ പങ്കാളി ശാരീരികമായി ഉപദ്രവിക്കുന്ന ആളായിരുന്നു. ഒരു തർക്കത്തിനിടെ, അയാൾ " നിന്നെ ജിപ്സികളെ ഏൽപിക്കും. അവർ കൊലപ്പെടുത്തിയ ശേഷം പന്നികൾക്ക് ഭക്ഷണമായി നൽകും...അതു തന്നെയാണ് അവർ ക്ലൗഡിയ ലോറൻസിനോടും ചെയ്തത്" എന്ന് പറഞ്ഞതായി ലൂസി പറയുന്നു. ക്ലൗഡിയയുടെ വീടിന് പിന്നിലെ ഇടവഴിയിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഒരു വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ നടത്തം തന്റെ മുൻ പങ്കാളിയുടേതിന് സമാനമാണെന്നും ലൂസി വെളിപ്പെടുത്തി.

ക്ലൗഡിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ കുറ്റക്കാരായി കണ്ടെത്താനായിട്ടില്ല. ക്ലൗഡിയയുടെ പിതാവ് പീറ്റർ ലോറൻസ് 2021ൽ അന്തരിച്ചു. അന്വേഷണം തുടരണമെന്ന് മരിക്കും വരെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

തന്റെ മുൻ പങ്കാളിയുടെ ലോക്കറിൽ നിന്ന് സ്ത്രീകളുടെ ആഭരണങ്ങൾ കണ്ടെത്തിയെന്നും അവയിൽ ക്ലൗഡിയയുടേതാകാൻ സാധ്യതയുണ്ടെന്നും ലൂസി പറയുന്നു. 2009ൽ ക്ലൗഡിയ തിരോധാനമായതു മുതൽ അവരുടെ ഫോണോ ബാഗോ മറ്റ് വ്യക്തിപരമായ വസ്തുക്കളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ലൂസിയുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കുമോയെന്ന് പൊലീസ് കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com