ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി: 2 മരണം, 11 പേര്‍ക്ക് പരുക്ക്; പ്രതി അറസ്റ്റില്‍

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. 83 വയസ്സുള്ള സ്ത്രീയും 54 വയസ്സുള്ള പുരുഷനും മരിച്ചതായാണ് റിപ്പോർട്ട്.
ജര്‍മനിയുടെ പടിഞ്ഞാറന്‍ നഗരമായ മാന്‍ഹെയ്മിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ പ്ലാൻകെനിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കറുത്ത എസ്‌യുവി പാഞ്ഞുകയറുകയായിരുന്നു. തിങ്കളാഴ്ച പ്രദേശിക സമയം 12.30 നായിരുന്നു സംഭവം.
സംഭവത്തിൽ ലുഡ്വിഗ്സ്ബര്‍ഗ് സ്വദേശിയായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. ഭീകരാക്രമണമാണെന്നാണു നിഗമനം ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പേർ ആക്രമണത്തിന്റെ ഭാഗമായിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജര്‍മനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചുകയറ്റിയുള്ള ആക്രമണം നടക്കുന്നത്. മ്യൂണിക്കിൽ ഫെബ്രുവരി 13നുണ്ടായ സമാന ആക്രമണത്തിൽ 37കാരിയും രണ്ടുവയസ്സുള്ള അവരുടെ കുഞ്ഞും മരിക്കുകയും മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബവേറിയൻ സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തൊഴിലാളികളുടെ റാലിക്കിടയിലേക്കാണ് അന്ന് കാർ ഇടിച്ചുകയറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ അഫ്ഗാനിസ്ഥാൻ അഭയാർഥിയെ അറസ്റ്റു ചെയ്തിരുന്നു.