കാൽനൂറ്റാണ്ടിന്റെ നിറവിൽ ലണ്ടൻ ഐ

Mail This Article
ലണ്ടൻ ∙ ലണ്ടൻ നഗരത്തിന്റെ മുഖമുദ്രയായ ലണ്ടൻ ഐക്ക് 25 വയസ്സ്. കാൽ നൂറ്റാണ്ടായി ബ്രിട്ടനിൽ പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് ലണ്ടൻ ഐയിലാണ്. തേംസ് നദിക്കരയിലെ ഈ ഭീമാകാരമായ ചക്രത്തിൽ നിന്നുള്ള കരിമരുന്ന് കലാപ്രകടനത്തോടെയാണ് ലണ്ടന്റെ പുതുവത്സരാഘോഷങ്ങൾ ആരംഭിക്കുന്നത്.
നഗരത്തിന്റെ തിലകക്കുറിയായും നഗരം കാണാനെത്തുന്നവർക്ക് ആകാശവീക്ഷണം സാധ്യമാക്കിയും തേംസ് നദിയുടെ തെക്കേ കരയിലാണ് ലണ്ടൻ ഐയുടെ സ്ഥാനം. ആരെയും ഭയപ്പെടുത്താതെ ആകാശയാത്രയ്ക്ക് അവസരം നൽകുന്നു എന്നതാണ് ലണ്ടൻ ഐയുടെ പ്രത്യേകത.
മില്ലേനിയം ഓർമയ്ക്കായി 2000 മാർച്ച് ഒൻപതിനായിരുന്നു ലണ്ടൻ ഐയുടെ നിർമാണം പൂർത്തിയായത്. കണക്കുകൾ പ്രകാരം ഇതിനോടകം 85 ദശലക്ഷം ആളുകൾ ലണ്ടൻ ഐയിൽ സഞ്ചരിച്ചിട്ടുണ്ട്. 135 മീറ്റർ ഉയരവും 32 കാപ്‌സ്യൂൾ ഡെക്കുകളുമുള്ള ഈ ജയന്റ് വീലിൽ കറങ്ങിവന്നാൽ ലണ്ടൻ നഗരം മുഴുവൻ ഹെലികോപ്റ്ററിൽ കറങ്ങുന്ന പ്രതീതിയാണ്. നഗരത്തിന്റെ പ്രധാന ആകർഷണങ്ങളെല്ലാം കാണത്തക്ക സ്ഥാനത്തും ഉയരത്തിലുമാണ് നഗരത്തിന്റെ ഈ കണ്ണ്.