ബ്രിട്ടനില്‍ 54 സ്ഥലങ്ങളിൽ വൈദ്യുതി മോഷ്ടിച്ച് കഞ്ചാവ് ഫാമുകള്‍ നടത്തിയ സംഭവം; എട്ട് പേർക്ക് ജയില്‍ശിക്ഷ

Mail This Article
വെയിൽസ്/ലണ്ടൻ ∙ ബ്രിട്ടനില്‍ വൈദ്യുതി മോഷ്ടിച്ച് കഞ്ചാവ് ഫാമുകള്‍ നടത്തിയ സംഭവത്തിൽ എട്ട് പേർക്ക് ജയില്‍ശിക്ഷ. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ വെത്യസ്തമായ 54 സ്ഥലങ്ങളിലാണ് 8 പേരടങ്ങുന്ന ക്രിമിനൽ സംഘം കഞ്ചാവ് കൃഷി നടത്തിയത്. ഏകദേശം 7 മില്യൻ പൗണ്ട് മൂല്യമുള്ള കഞ്ചാവ് ആണ് സംഘം ഉത്പാദിപ്പിച്ചത്.
അൽബേനിയൻ ഗുണ്ടാസംഘങ്ങളാണ് കൃഷിക്ക് നേതൃത്വം നൽകിയത് എന്നാണ് കേസ് അന്വേഷിച്ച നോർത്ത് വെസ്റ്റ് റീജനൽ ഓർഗനൈസ്ഡ് ക്രൈം യൂണിറ്റ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ശിക്ഷിക്കപ്പെട്ടവർ 5 മുതൽ 28 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കണം.
ഉപയോഗ ശൂന്യമായ വീടുകൾ, പബ്ബുകൾ, കടകൾ, ഒരു നിശാക്ലബ്, നോർത്ത് വെയിൽസിലെ ഉപയോഗശൂന്യമായ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ എന്നിവയായിരുന്നു കൃഷിക്കായി ഉപയോഗിച്ചിരുന്ന ഇടങ്ങൾ. ഇവിടങ്ങളിൽ കഞ്ചാവ് ചെടികൾ വളർത്താൻ ആവശ്യമായ ചൂട് ക്രമീകരിച്ചാണ് കൃഷി നടത്തിയത്.

കഞ്ചാവ് വളർത്താൻ റോഡുകൾ കുഴിച്ചും ഗതാഗത തടസ്സം വരുത്തിയുമാണ് വൈദ്യുതി മോഷ്ടിച്ചിരുന്നത്. കുറ്റവാളികൾ റജിസ്റ്റർ ചെയ്ത യൂട്ടിലിറ്റി കമ്പനിയെ മറയായി ഉപയോഗിച്ചായിരുന്നു മോഷണം. 2020 നവംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്തിയ പ്രവർത്തികൾക്കാണ് ലിവർപൂൾ ക്രൗൺ കോടതി കുറ്റവാളികൾക്ക് ശിക്ഷ വിധിച്ചത്. ഈ കാലയളവില്‍ 253,980 പൗണ്ടിന്റെ വൈദ്യുതിയാണ് സംഘം മോഷ്ടിച്ചത്. ഇതുവഴി 7 മില്യൻ പൗണ്ട് മൂല്യമുള്ള കഞ്ചാവാണ് ഇവര്‍ ഉത്പാദിപ്പിച്ചത്.