വാലന്റൈന്‍സ് ദിനത്തിലെ യുവതിയുടെ കൊലപാതകം: ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി പൊലീസ്

Mail This Article
ലണ്ടൻ ∙ കെന്റിലെ ഒരു പബിൽ വച്ച് വാലന്റൈന്‍സ് ദിനത്തിൽ നടന്ന യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതായി കെന്റ് പൊലീസ് അറിയിച്ചു. ലണ്ടനിലെ സ്ലോയിൽ നിന്നുള്ള ലിസ സ്മിത്ത് ആണ് പബിൽ വച്ച് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ എഡ്വാര്‍ഡ് സ്റ്റോക്കിങ്സ് സ്മിത്താണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് സുഹൃത്തുക്കളുടെ മൊഴിയിൽ നിന്നും പൊലീസ് മനസ്സിലാക്കിയിരുന്നു. എസെക്സിലെ റെയിൻഹാമിന് സമീപമുള്ള നദിയിൽ നിന്നാണ് 21 ദിവസങ്ങൾക്ക് ശേഷമാണ് എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞില്ലങ്കിലും എഡ്വേഡിന്റെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാലന്റൈന്‍സ് ദിനത്തിൽ വൈകിട്ട് 7 മണിയോടെയാണ് വെടിവച്ചത് എന്നാണ് കരുതപ്പെടുന്നത്. മൂന്ന് വെടിയൊച്ചകളുടെ ശബ്ദം പബിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭ്യമാണ്. വെടിവയ്പ്പിന് ശേഷം
എഡ്വാര്‍ഡ് തന്റെ സുഹൃത്ത് ലെസ്ലി തോംസണെ 8.50 ന് വിളിച്ചു ലിസ സ്മിത്തിനെ കൊലപ്പെടുത്തിയതായി പറഞ്ഞു. പ്രതിയും മരിച്ചതോടെ കൊലപാതകം നടത്തിയതിന്റെ കാരണങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ഇപ്പോൾ.