പൗണ്ടിന്റെ മൂല്യത്തിലെ വർധനയിൽ നേട്ടം കൊയ്യാൻ പ്രവാസികൾ; വിനിമയ നിരക്കിൽ റെക്കോർഡ്

Mail This Article
ലണ്ടൻ ∙ മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം യുകെ പൗണ്ടും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്കിൽ റെക്കോർഡ് വർധന. ഒരു യുകെ പൗണ്ടിന്റെ ഇന്ത്യൻ മൂല്യം വീണ്ടും 112 രൂപ 61 പൈസയിലെത്തി. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവർക്ക് വർധന നേട്ടമാകും. എന്നാൽ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവർക്ക് തിരിച്ചടിയാകും.
2023 മാർച്ചിൽ ഒരു യുകെ പൗണ്ടിന്റെ മൂല്യം 97 ഇന്ത്യൻ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലിൽ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റിൽ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകൾക്ക് ശേഷമാണ് ഇപ്പോൾ രണ്ടാം തവണയും 112. 61 ആയി വിനിമയ മൂല്യം ഉയർന്നത്.
യുകെയിൽ എത്തി ഒന്നും രണ്ടും വർഷം കഴിയുന്നവർ സ്വന്തമായി ഒരു വീട് വാങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് നാട്ടിൽ നിന്നും സാധാരണയായി പണം എത്തിക്കുന്നത്. വിദ്യാർഥി വീസയിൽ യുകെയിൽ എത്തി ജോലി ചെയ്യുന്നവർക്കും പഠന ശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വീസയിൽ ജോലി ചെയ്യുന്നവർക്കും ഇപ്പോഴത്തെ മൂല്യ വർധന ഉപകാരപ്രദമാണ്.
ഇത്തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരിൽ ഭൂരിഭാഗവും. കുടുംബമായി യുകെയിൽ സ്ഥിര താമസമാക്കിയവർ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവർക്ക് യുകെ പൗണ്ടിന്റെ ഇന്ത്യൻ മൂല്യം ഉയർന്നത് കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇടയില്ല.