പലസ്തീൻ പതാകയുമായി ബിഗ് ബെൻ ടവറിന് മുകളിൽ യുവാവിന്റെ പ്രതിഷേധം; അധികൃതരെ 'വെള്ളം കുടിപ്പിച്ചത് ' 16 മണിക്കൂർ

Mail This Article
ലണ്ടൻ ∙ വെസ്റ്റ്മിനിസ്റ്ററിലെ ബ്രിട്ടിഷ് പാർലമെന്റ് പരിസരത്തെ ആകെ പരിഭ്രാന്തിയുടെ മുൾമുനയിൽ നിർത്തി യുവാവിന്റെ പ്രതിഷേധ പ്രകടനം. പലസ്തീൻ പതാകയുമായി പാർലമെന്റ് മന്ദിരത്തിലെ എലിസബത്ത് ടവറിനു മുകളിൽ കയറിയാണ് യുവാവ് സേനാവിഭാഗത്തെയാകെ പ്രതിസന്ധിയിലാക്കിയത്. രാവിലെ മുതൽ ബിഗ് ബെൻ സ്ഥിതിചെയ്യുന്ന എലിസബത്ത് ടവറിനു മുകളിൽ തുടരുന്ന യുവാവിനെ താഴെയിറക്കാനുള്ള ശ്രമം 16 മണിക്കൂറിന് ശേഷമാണ് സഫലമായത്. രാവിലെ ഏഴരയോടെയാണ് യുവാവിനെ പലസ്തീൻ പതാകയുമായി ടവറിനു മുകളിൽ കണ്ടെത്തിയത്.
പൊലീസിന്റെയും പൊലീസിന്റെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ അനുനയിപ്പിച്ച് ആണ് താഴെ ഇറക്കിയത്. താഴെ ഇറങ്ങിയ ഉടനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം യുവാവിന്റെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഭക്ഷണമോ വെള്ളമോ രാത്രിയിലെ തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രമോ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. ടവറിൽ വലിഞ്ഞുകയറുന്നതിനിടെ കാലിൽ മുറിവ് പറ്റിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെത്തുടർന്ന് വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജും ബ്രിഡ്ജ് സ്ട്രീറ്റും വെസ്റ്റ് മിനിസ്റ്റർ ട്യൂബ് സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടവും അടച്ചു. പാർലമെന്റ് സ്ക്വയറിൽ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പടുത്തി. സംഭവത്തെത്തുടർന്ന് സെൻട്രൽ ലണ്ടനിൽ ഇന്നലെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 3,11,148, 159,സി-10 ബസ് റൂട്ടുകളെല്ലാം വഴിതിരിച്ചുവിട്ടു. തിരക്കേറിയ വാരാന്ത്യത്തിൽ വിദേശത്തുനിന്നും ഉൾപ്പെടെ ലണ്ടൻ സന്ദർസിക്കാനെത്തിയവർക്കെല്ലാം പാർലമെന്റ് മന്ദിരവും പരിസരവും കാണാതെ മടങ്ങേണ്ട സാഹര്യവുമുണ്ടായി. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ്, ഫയർ ബ്രിഗേഡ്, ലണ്ടൻ ആംബുലൻസ് എന്നിവ സംയുക്തമായാണ് ഇയാളെ താഴെയിറക്കാനുള്ള ഉദ്യമം നടത്തിയത്.