കൈകൊടുത്ത് സി ഡി യു–എസ് പി ഡി പാർട്ടികൾ; ജർമനിയിൽ സഖ്യ കക്ഷി സർക്കാരിന് ധാരണ

Mail This Article
ബര്‍ലിന്‍ ∙ ജര്‍മന്‍ യാഥാസ്ഥിതികരായ സിഡിയുവും മധ്യ-ഇടതുപക്ഷമായ എസ്പിഡിയും തമ്മില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തത്വത്തിൽ ധാരണയായി. ബവേറിയയുടെ സ്റേററ്റ് പ്രീമിയറും കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ (സിഎസ്യു) നേതാവുമായ മാര്‍ക്കൂസ് സോഡര്‍, ജര്‍മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) ഫ്രെഡറിക് മെര്‍സ്, ജര്‍മനിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) സഹനേതാവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ലാര്‍സ് ക്ളിംഗ്ബെയ്ല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ സഖ്യസര്‍ക്കാര്‍ അധികാരത്തിലേറാൻ തീരുമാനമായത്.
ജര്‍മനിയുടെ യാഥാസ്ഥിതിക തിരഞ്ഞെടുപ്പ് വിജയിയായ ഫ്രെഡറിക് മെര്‍സ് ഗവണ്‍മെന്റ് രൂപീകരിക്കുന്നതിലേക്ക് പുതിയ ചുവടുവച്ചതോടെ യൂറോപ്പിലെ മികച്ച സമ്പദ് വ്യവസ്ഥയെയും അതിന്റെ സായുധ സേനയെയും വന്‍തോതില്‍ പുതിയ ചെലവുകള്‍ ഉപയോഗിച്ച് പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പില്‍ ജര്‍മനിയുടെ നില പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്നും അറ്റ്ലാന്റിക് സമുദ്രസഖ്യത്തെ ഇളക്കിമറിച്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വ്യാപകമായ മാറ്റങ്ങളോട് പ്രതികരിക്കണമെന്നും മെര്‍സ് പറഞ്ഞു. ഇതോടെ ഇരുപാര്‍ട്ടികളും സമ്പൂര്‍ണ്ണ സഖ്യ ചര്‍ച്ചകളുടെ അടുത്ത നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജര്‍മനി അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് ഇരുപക്ഷത്തിനും ബോധമുണ്ടെന്നും എല്ലാറ്റിനും ഉപരിയായി രാജ്യാന്തര സാഹചര്യം മാത്രമല്ല യൂറോപ്യന്‍ യൂണിയനിലും യൂറോപ്പ് മുഴുവന്‍ നേരിടുന്ന വെല്ലുവിളികളെന്നും മെർസ് പറഞ്ഞു.
ക്രമരഹിതമായ കുടിയേറ്റത്തിനെതിരായ കടുത്ത പുതിയ നടപടികള്‍ ഇരുപക്ഷവും അംഗീകരിച്ചതായി മെര്‍സ് വ്യക്തമാക്കി. മണിക്കൂറിന് 15-യൂറോ മിനിമം വേതനവും സ്ഥിരമായ പെന്‍ഷനും പോലുള്ള പ്രധാന ആവശ്യങ്ങളില്‍ തന്റെ പാര്‍ട്ടി ഉറപ്പു നല്‍കിയതായി എസ്പിഡിയുടെ ലാര്‍സ് ക്ളിംഗ്ബെയില്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ ഏപ്രില്‍ പകുതിയോടെ അധികാരത്തില്‍ കൊണ്ടുവരാനാണ് പദ്ധതി.
15 വര്‍ക്കിംഗ് ഗ്രൂപ്പുകളായി വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന സഖ്യ ചര്‍ച്ചകളില്‍ പല വിഷയങ്ങളും ഉയർന്നുവന്നേക്കാം. എങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറെടുക്കുകയാണ്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചത് പലതും മാറ്റിയെഴുതപ്പെടുകയാണ്.