ജർമനിയിൽ 24 മണിക്കൂർ വിമാനത്താവള പണിമുടക്ക്; വ്യോമഗതാഗതം തടസ്സപ്പെട്ടു

Mail This Article
ബര്‍ലിന്‍ ∙ തൊഴിലാളി യൂണിയനായ വെർഡി ആഹ്വാനം ചെയ്ത 24 മണിക്കൂർ നീളുന്ന വിമാനത്താവള പണിമുടക്ക് ആരംഭിച്ചതോടെ ജർമനിയിലെ വ്യോമഗതാഗതം തടസ്സപ്പെട്ടു. ഹാംബുർഗിൽ എയർപോർട്ട് സമരം തുടങ്ങിയതോടെ വിമാനങ്ങൾ റദ്ദാക്കി. പണിമുടക്ക് ബാധിതരായ യാത്രക്കാരോട് അവരുടെ എയർലൈനുമായി ബന്ധപ്പെടാനും വിമാനത്താവളത്തിലേക്ക് വരാതിരിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം തിങ്കളാഴ്ച ജർമനിയിലുടനീളമുള്ള 13 വിമാനത്താവളങ്ങളിൽ ഫെഡറൽ, പ്രാദേശിക പൊതുമേഖലാ ജീവനക്കാരുടെയും വ്യോമയാന സുരക്ഷാ മേഖലയിലെ ജീവനക്കാരുടെയും മുന്നറിയിപ്പ് പണിമുടക്കുകൾ ആരംഭിച്ചു. ഹാംബുർഗിന് പുറമേ, മ്യൂണിക്ക്, സ്ററുട്ട്ഗാർട്ട്, ഫ്രാങ്ക്ഫർട്ട് ആം മെയിൻ, കൊളോൺ/ബോൺ, ബെർലിൻ/ബ്രാൻഡൻബർഗ് എന്നിവയും സമരബാധിത വിമാനത്താവളങ്ങളിൽ ഉൾപ്പെടുന്നു. ഡോർട്ട്മുണ്ട്, ഹാനോവർ, വീസ്, ബ്രെമ്മൻ, കാൾസ്റൂഹെ/ബാഡൻ-ബേഡൻ എന്നിവിടങ്ങളിലെ ചെറിയ വിമാനത്താവളങ്ങളിലും പണിമുടക്ക് സംഘടിപ്പിച്ചു.
എയർപോർട്ട് അസോസിയേഷൻ എഡിവിയുടെ കണക്കനുസരിച്ച്, 3,400ലധികം വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. ഏകദേശം 5,10,000 യാത്രക്കാർക്ക് യാത്രകൾ റദ്ദാക്കേണ്ടിവന്നു. എയർപോർട്ട് ഓപ്പറേറ്റർ ഫ്രാപോർട്ട് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച ഫ്രാങ്ക്ഫർട്ട് ഹബ്ബിൽ യാത്രക്കാർക്ക് കയറാൻ കഴിഞ്ഞില്ല.
മ്യൂണിക്കിൽ ഏകദേശം 820 പ്ലാൻ ചെയ്ത ഫ്ലൈറ്റുകളിൽ ഭൂരിഭാഗവും എയർലൈനുകളും റദ്ദാക്കുമെന്ന് അറിയിച്ചു.