കുട്ടികളെ പീഡിപ്പിച്ച യുവതിയെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി

Mail This Article
ഡർഹാം ∙ ഡർഹാമിലെ എച്ച്എം പ്രിസൺ ലോ ന്യൂട്ടണിൽ തടവിൽ കഴിഞ്ഞിരുന്ന റെബേക്ക ഹോളോവേ (31) കഴിഞ്ഞയാഴ്ച മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 12 വർഷവും ആറ് മാസവും തടവിന് ശിക്ഷിക്കപ്പെട്ട ഹോളോവേ, ശിക്ഷയുടെ അഞ്ച് വർഷം പൂർത്തിയാക്കുന്നതിന് മുൻപാണ് മരിച്ചത്. കുടുംബാംഗങ്ങളെ വിവരമറിയിച്ചെങ്കിലും മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് പീപ്പിൾ റിപ്പോർട്ട് ചെയ്തു.
പ്രിസൺസ് ആൻഡ് പ്രൊബേഷൻസ് ഓംബുഡ്‌സ്മാൻ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും. 2018-ൽ ഗ്രേറ്റ് ഗ്രിംസ്‌ബി ക്രൗൺ കോടതിയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഹോളോവേ സമ്മതിച്ചിരുന്നു. ഒലിവർ വിൽസൺ എന്ന ‘സീരിയൽ പീഡോഫൈലിനെ’ റെബേക്ക ഹോളോവേ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്.
കുട്ടികളെ പീഡിപ്പിക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയായിരുന്നു. കേസ് താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വേദനാജനകമായ ഒന്നാണെന്ന് വിധി പ്രസ്താവിച്ച ജഡ്ജി പോൾ വാട്സൺ വിശേഷിപ്പിച്ചു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ഹോളോവേയുടെ കൈവശം പെൺകുട്ടികളുടെ അടിവസ്ത്രങ്ങളുടെ ക്ലോസപ്പ് ചിത്രങ്ങൾ, കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ എന്നിവ കണ്ടെത്തി. അതേസമയം, ഒലിവർ വിൽസൺ അഞ്ച് ബലാത്സംഗം ഉൾപ്പെടെ 11 ലൈംഗികാതിക്രമങ്ങൾ നടത്തിയതിന് 30 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുകയാണ്.