മൊബൈൽ ഫോണിനോട് ഹൃദയം പറയും രഹസ്യം; ആരോഗ്യരംഗം ‘അടിമുടി മാറ്റിമറിക്കുന്ന’ കണ്ടുപിടിത്തവുമായി മലയാളികൾ

Mail This Article
ഡോക്‌ടറേ ആ സാധനം നെഞ്ചിൽ വച്ചൊന്നു നോക്കിയേ എന്നു പറയുന്ന കാലം കഴിയുന്നു. രോഗിക്കു തന്നെ ഉപയോഗിക്കാവുന്ന സ്‌റ്റെതസ്‌കോപ്; എഐ അധിഷ്ഠിത ഉപകരണം ലോകമെങ്ങും ലഭ്യമാകുന്ന കാലം വരുന്നു. മൊബൈൽ ഫോണിന്റെ മൈക്ക് നെഞ്ചോടു ചേർത്തുവച്ചാൽ എന്താണ് സാഹചര്യം എന്നു വിശദീകരിക്കുന്ന എഐ സ്‌റ്റെതസ്‌കോപ്പിന്റെ നിർമാണം പൂർത്തിയായി ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുകയാണ്. ക്ലാസിഫിക്കേഷൻ അനുമതി കൂടിയായാൽ രോഗികളിലേയ്‌ക്കെത്താൻ അധികസമയം വേണ്ടിവരില്ല.
യുകെയിൽ വെയിൽസ് കേന്ദ്രമായി മലയാളി ഗവേഷകർ സ്ഥാപിച്ച ലൈനെക് എന്ന സ്റ്റാർട് അപ് കമ്പനിയാണ് എഐ അധിഷ്ഠിത സ്‌റ്റെതസ്‌കോപ് നിർമാണത്തിന് പിന്നിൽ. കമ്പനി സിഇഒ കൊച്ചി സ്വദേശി ജെയ്‌സ് ജോണും ചീഫ് ടെക്‌നിക്കൽ ഓഫിസർ (സിടിഒ) ആലപ്പുഴ സ്വദേശിനി ഡോ. ആരതി വർഗീസുമാണ്. ഇതിനകം ഏഴു കോടിയോളം ഇന്ത്യൻ രൂപ ഗവേഷണത്തിനായി ഇന്നൊവേറ്റീവ് യുകെയും എൻഎച്ച്എസും വെയിൽസ് ഗവൺമെന്റുമെല്ലാം ഇവർക്കു നൽകിക്കഴിഞ്ഞു.
∙അൽപം ചരിത്രം
സ്‌റ്റെതസ്‌കോപ് കണ്ടുപിടിച്ച ഡോ. റിനെ ലൈനെക്കിന്റെ പേരാണ് കമ്പനിക്കു നൽകിയിരിക്കുന്നത്. രോഗികളുടെ നെഞ്ചിൽ ചെവി ചേർത്തുവച്ച് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശബ്ദം പിടിച്ചെടുത്ത് രോഗനിർണയം നടത്തുന്നതായിരുന്നു പഴയ രീതി. സ്ത്രീകളുടെ നെഞ്ചിൽ ചെവി ചേർത്തുവയ്ക്കുന്നത് ശരിയല്ലെന്നു തോന്നിയ ലൈനെക് ഇതിനൊരു പരിഹാരമായാണ് ആദ്യം 17-ാം നൂറ്റാണ്ടിൽ (1816) പേപ്പർ ചുരുട്ടി നിർമിച്ച സ്‌റ്റെതസ്‌കോപ് നിർമിക്കുന്നത്. ഇത് സാവകാശം വികസിപ്പിച്ചാണ് ഇപ്പോൾ ഡോക്‌ടർമാർ ഉപയോഗിക്കുന്ന സ്‌റ്റെതസ്‌കോപ് വരെ എത്തിയത്.
സാധാരണ ഒരാൾക്ക് ഇതിലൂടെയുള്ള ശബ്ദം കേട്ടാൽ പ്രത്യേകിച്ച് ഒന്നും മനസ്സിലായെന്നു വരില്ല. പക്ഷേ പരിചയസമ്പന്നരായ ഡോക്‌ടർമാർ രോഗിയുടെ സാഹചര്യം തിരിച്ചറിഞ്ഞ് മരുന്നു കുറിക്കുന്നതിൽ സ്‌റ്റെതസ്‌കോപ് മുഖ്യപങ്കുവഹിക്കുന്നു. ചെവി കേൾക്കാത്തവരും വൃദ്ധരുമായ ഡോക്‌ടർമാർ എങ്ങനെ ഇത് ഉപയോഗപ്പെടുത്തും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ സ്‌റ്റെതസ്‌കോപ്പുകൾ എത്തുന്നത്.
കോവിഡ് കാലത്ത് രോഗിയുമായി നേരിട്ടു സമ്പർക്കം പുലർത്തേണ്ട സാഹചര്യമുണ്ടായപ്പോഴാണ് രോഗിക്കു തന്നെ ഉപയോഗിക്കാവുന്ന സ്‌റ്റെതസ്‌കോപ്പിനെ കുറിച്ച് ആലോചിക്കുന്നതെന്ന് ജെയ്‌സ് ജോൺ പറയുന്നു. എഐ യുഗത്തിലേക്ക് ചുവടുവച്ച സമയത്തു തന്നെ എഐ ഉപയോഗിച്ചുള്ള സ്‌റ്റെതസ്‌കോപ്പിൽ ഗവേഷണം ആരംഭിച്ചുകഴിഞ്ഞിരുന്നു ജെയ്‌സും ആരതിയും. ഐഫോൺ പുതിയ തലമുറ ഫോണുകളിൽ ഉൾപ്പെടെ നേരിട്ട് മൈക്ക് ഉപയോഗിക്കാമെങ്കിൽ അതിനു സാധിക്കാത്ത ഫോണുകൾക്കായി പുറമേ ഘടിപ്പിക്കാവുന്ന മൈക്കിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
∙തുടക്കത്തിൽ ശ്വാസകോശ രോഗികൾക്ക്!
യുകെയിൽ എൻഎച്ച്എസ് ആശുപത്രികളിലെ ആറിൽ ഒരു കിടക്കയും ശ്വാസകോശ രോഗികളുടെ കിടപ്പു ചികിത്സയ്‌ക്കാണ് ഉപയോഗിക്കപ്പെടുന്നത്. രോഗികളുടെ എണ്ണം ഇത്രത്തോളം ഇല്ലെങ്കിലും ശ്വാസം ലഭിക്കാതെ മരണം മുന്നിൽ കാണേണ്ടി വരുന്നവർ ആയതിനാൽ കിടപ്പു ചികിത്സ കൂടുതലായും വേണ്ടിവരുന്നത് ഇവർക്കാണ് എന്നതാണ് കാരണം. ആസ്ത്മ, സിഒപിഡി രോഗികൾക്ക് എഐ സ്‌റ്റെതസ്‌കോപ് ഉപയോഗിക്കാനായാൽ ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ വീട്ടിലിരുന്ന് രോഗികൾക്ക് ചികിത്സ ലഭ്യമാക്കാം എന്നതാണ് നേട്ടം. ഇതു തിരിച്ചറിഞ്ഞാണ് എൻഎച്ച്എസിന്റെ റിസേർച് വിഭാഗം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത് ആൻഡ് കെയർ റിസേർച് കമ്പനിക്കായി പണം ചെലവഴിക്കാൻ മുന്നോട്ടുവരുന്നത്.
തുടക്കത്തിൽ ശ്വാസകോശ രോഗികൾക്ക് ഉപയോഗിക്കാവുന്ന എഐ സ്‌റ്റെതസ്‌കോപ് വിപണിയിലെത്തിക്കാനാണ് ശ്രമം. തൊട്ടുപിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലുള്ളതായി ഇതു മാറും. സ്പന്ദനങ്ങൾ കൊണ്ടു തിരിച്ചറിയാവുന്ന കൂടുതൽ രോഗങ്ങൾക്കുള്ള നിർണയ, നിരീക്ഷണ സാധ്യതകൾ കൂടി ഗവേഷണത്തിന്റെ പരിധിയിലുണ്ട്. ഇതു പ്രവർത്തിക്കാൻ ഫോണിന്റെ മൈക്ക് നെഞ്ചിലേയ്ക്ക് വച്ചാൽ മതിയാകും. ഐഫോണിൽ പ്രവർത്തിക്കാൻ ഫോണിന്റെ തന്നെ മൈക്ക് മതിയാകും.
ആൻഡ്രോയിഡിനുള്ള സോഫ്‌റ്റ്‌വെയർ സ്‌റ്റെതസ്‌കോപ് നിർമാണവും പൂർത്തിയാകുന്നുണ്ട്. അതേസമയം തന്നെ ഫോൺ സ്പർശിക്കാതെ ഹൃദയസ്പന്ദനം റെക്കോർഡു ചെയ്യാവുന്ന ഫോണിൽനിന്നു പുറത്തേയ്‌ക്കുള്ള മൈക്ക് കൂടി ഡവലപ് ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഡോക്‌ടർമാർക്ക് ഉപയോഗിക്കാനുള്ള വേർഷനും പണിപ്പുരയിലാണ്.
∙വൃദ്ധർക്കും എളുപ്പം ഉപയോഗിക്കാം
വൃദ്ധരായ രോഗികൾക്കുപോലും വീട്ടിലിരുന്ന് വളരെ ആയാസരഹിതമായി പരിശോധന നടത്താവുന്നതാണ് എഐ സ്‌റ്റെതസ്‌കോപ്. സിഒപിഡി പോലെ ഗുരുതര ശ്വാസകോശ രോഗമുള്ളവർക്ക് ദിവസവും രോഗം മൂലം ബുദ്ധിമുട്ടുണ്ടാകുകയും ഗുരുതരാവസ്ഥയിലേയ്‌ക്കു പോകുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുന്നതാണ് പതിവ്. അതേസമയം തുടക്കത്തിൽ തന്നെ സ്‌റ്റെത് ഉപയോഗിച്ച് അസുഖസാധ്യത കണ്ടുപിടിക്കാനായാൽ ബുദ്ധിമുട്ടിലേയ്‌ക്കു പോകുന്ന സാഹചര്യം ഒഴിവാകും. ഇതേസമയം തന്നെ സ്പന്ദനങ്ങൾ റെക്കോർഡ് ചെയ്യുകയും സാഹചര്യം വ്യാഖ്യാനിക്കുകയും ചെയ്യും. എന്താണ് യഥാർഥ കാരണം എന്നു വിശദീകരിക്കും. ടെലി, ഓൺലൈൻ കൺസൾട്ടിങ് ചെയ്യുന്ന സാഹചര്യത്തിൽ വാട്‌സാപ്പിൽ ഒരു പടം പങ്കുവയ്ക്കുന്നതുപോലെ ശബ്ദമോ റിപ്പെർട്ടോ ഡോക്‌ടർക്ക് അയച്ചുകൊടുക്കാം. ഡോക്‌ടർക്ക് കുറിപ്പടി തയാറാക്കി തിരിച്ചയയ്‌ക്കാനും സാധിക്കും.
∙ഡവലപ്‌മെന്റ് കൊച്ചിയിൽ
നിലവിൽ വെയിൽസിലാണ് കമ്പനി റജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും ഇന്ത്യയിൽ സബ്‌സിഡിയറി കമ്പനി റജിസ്റ്റർ ചെയ്ത് കൊച്ചിയിലും സോഫ്‌റ്റ്‌വെയർ നിർമാണം പുരോഗമിക്കുന്നുണ്ട്. ആകെ 15 പേരിൽ താഴെ മാത്രം മുഴുവൻ സമയ ജീവനക്കാരാണ് കമ്പനിക്കായി പ്രവർത്തിക്കുന്നത്. ബർമിങ്ങാം സിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള സൈബർ സെക്യൂരിറ്റി, എഐ എൻജീനിയർമാരും ലൈനെക്കിനായി പ്രവർത്തിക്കുന്നുണ്ട്. യുകെയിലാണ് ക്ലിനിക്കൽ ടെസ്റ്റുകൾ പുരോഗമിക്കുന്നത്.
അതേസമയം ലോകത്ത് എവിടയുള്ളവർക്കും ഉപയോഗിക്കാവുന്ന ഉൽപന്നമായി മാറുന്നതായിരിക്കും എഐ സ്‌റ്റെതസ്‌കോപ്. യുകെ, ഇയു, ഇന്ത്യൻ വിപണികളാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്. ക്ലാസിഫിക്കേഷൻ അനുമതികൾ ലഭിക്കുകയാണെങ്കിൽ ഒരുപക്ഷേ ഇന്ത്യൻ വിപണിയിൽ ആദ്യം ഇറക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കമ്പനി സിടിഒ ആരതി വർഗീസ് പറയുന്നു.
∙ഉയർന്ന കൃത്യത
ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ലാബ് പരിശോധനകളിൽ തന്നെ 91 ശതമാനം കൃത്യതയാണ് ലൈനെക് സ്‌റ്റെതസ്‌കോപ് കാണിക്കുന്നത്. ഇതാകട്ടെ, പൊതുവിൽ ലഭ്യമാകുന്ന അഞ്ചു മണിക്കൂർ വച്ചുള്ള പരീക്ഷണത്തിലാണ്. ഇത് കൂടുതൽ മണിക്കൂറുകളിലേയ്ക്ക് ക്ലിനിക്കൽ ട്രയലായി എത്തുമ്പോൾ ഉയർന്ന കൃത്യത പ്രകടമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി സിഇഒ ജെയ്‌സ് ജോൺ പറയുന്നു.