യുകെയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ എണ്ണം നാലായി; ബെൽഫാസ്റ്റിന് പിന്നാലെ മാഞ്ചസറ്ററിലും കോൺസുലേറ്റ് സ്ഥാപിച്ചു

Mail This Article
മാഞ്ചസ്റ്റർ ∙ നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിന് പിന്നാലെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും കോൺസുലേറ്റ് തുറന്ന് ഇന്ത്യ. വനിതാ ദിനത്തിലാണ് അയർലൻഡ് സന്ദർശനം കഴിഞ്ഞു യുകെയിലേക്ക് മടങ്ങിയെത്തിയ കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കർ മാഞ്ചസ്റ്ററിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
40 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ യുകെയിൽ വീണ്ടും കോൺസുലേറ്റുകൾ സ്ഥാപിക്കുന്നത്. ഇതോടെ യുകെയിൽ ആകെ ഇന്ത്യൻ കോൺസുലേറ്റുകളുടെ എണ്ണം നാലായി. ലണ്ടനിലെ ഹൈക്കമ്മീഷൻ കൂടാതെ എഡിൻബറോയിലും ബർമിങ്ങാമിലും ഇന്ത്യക്ക് കോൺസുലേറ്റുകൾ ഉണ്ട്. ഇന്ത്യയും യുകെയും തമ്മിലുള്ളത് വളരെ ആഴമേറിയതും പങ്കാളിത്തമാണെന്നും സമീപകാലത്ത് യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) പുരോഗതിയിലേക്ക് എത്തുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും എസ്. ജയശങ്കർ പറഞ്ഞു.
മാഞ്ചസ്റ്റർ മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാരം നിലവിൽ 700 ദശലക്ഷം പൗണ്ടാണെന്നും 300ൽപ്പരം ഇന്ത്യൻ കമ്പനികൾക്ക് ഈ മേഖലയിൽ സാന്നിധ്യമുണ്ട്. നിർദിഷ്ട എഫ്‌ടിഎ വ്യാപാരത്തിനും നിക്ഷേപത്തിനുമപ്പുറം ഉഭയകക്ഷി ബന്ധങ്ങളിൽ മാറ്റം വരുത്തുവാൻ കോൺസുലേറ്റുകൾ സഹായിക്കുമെന്നും മാഞ്ചസ്റ്ററിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളുടെ ദീർഘകാല ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നർ, സഹമന്ത്രി കാതറിൻ എലിസബത്ത് വെസ്റ്റ്, ഗ്രേറ്റർ മാഞ്ചസ്റ്റർ ഡപ്യൂട്ടി മേയർ പോൾ ഡെന്നറ്റ്, സ്റ്റോക്ക്പോർട്ട് എംപിയും ഇന്ത്യൻ വംശജനുമായ നവേന്തു പ്രഭാത് മിശ്ര, ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമി എന്നിവർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. തുടർന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ മലയാളികളുടേത് ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റികളുമായും വ്യവസായ പ്രമുഖരുമായും എസ്. ജയശങ്കർ ആശയവിനിമയം നടത്തി.


തുടർന്ന് ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നറുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ ശേഷം ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങി. കഴിഞ്ഞ വർഷം നവംബറിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാർമെറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയിൽ രണ്ട് ഇന്ത്യൻ കോൺസുലേറ്റുകൾ കൂടി സ്ഥാപിക്കുവാൻ ധാരണയായത്.