പങ്കാളിത്തത്തിലും അവതരണമികവിലും ശ്രദ്ധേയമായി ബെല്‍ഫാസ്ററിലെ സീറോ മലബാര്‍ ബൈബിള്‍ ഫെസ്ററ്

Mail This Article
ബെല്‍ഫാസ്ററ് ∙ നോര്‍ത്തേണ്‍ അയര്‍ലൻഡിലെ സീറോ മലബാറിന്റെ നേതൃത്വത്തിൽ നടന്ന ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായി. ബെല്‍ഫാസ്ററിലെ ഓള്‍ സെയിന്റ്സ് കോളജില്‍ നടന്ന ചടങ്ങിൽ ബെല്‍ഫാസ്ററ് റീജന്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് ഭരണികുളങ്ങര ഭദ്രദീപം തെളിച്ച് ഫെസ്റ്റിവലിന് തുടക്കമിട്ടു.
ഉദ്ഘാടന ചടങ്ങില്‍ ബൈബിള്‍ ഫെസ്ററ് ഡയറക്ടര്‍ ഫാ. ജെയിന്‍ മന്നത്തുകാരന്‍, ഫാ.അനീഷ് വഞ്ചിപ്പാറയില്‍, ഫാ.ജോഷി, ഫാ. സജി, ഫാ.ജോ പഴേപറമ്പില്‍, ബൈബിള്‍ ഫെസ്ററ് കോ ഓര്‍ഡിനേറ്റര്‍ മാരായ ബാബു ജോസഫ്, രാജു ഡെവി, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റർ കുഞ്ഞുമോന്‍ ഇണ്ടികുഴി,റീജനല്‍ ട്രസ്ററി ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ്, പി ആര്‍ ഓ ആനന്ദ് ജോസഫ്, മറ്റു റീജനല്‍ കൗണ്‍സില്‍ അംഗങ്ങളായ മോന്‍സി തോമസ്, സോജന്‍ സെബാസ്ററ്യന്‍, ജ്യോതിസ് ചെറിയാന്‍, ബൈബിള്‍ ഫെസ്ററ് സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ മലയാളി കലാമേളയാണ് നൂറുകണക്കിന് ആസ്വാദകര്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടത്. ബൈബിള്‍ അധിഷ്ഠിതമായിരുന്നു കലാമേളയെങ്കിലും മത്സര വീര്യം, അവതരണ മികവും കലാമൂല്യവും നിലവാരവും ഉയര്‍ത്തി.
ചടുലതയാർന്ന അതിമനോഹരമായ നൃത്തവും മികവിന്റെ ഈണമിട്ടുള്ള ഗാനാലാപനങ്ങളും പരിപാടിക്ക് മാറ്റേകി. കുട്ടികളും മുതിര്‍ന്നവരും വിവിധ മല്‍സര ഇനങ്ങളില്‍ പങ്കെടുത്തു. ചിത്ര രചനയിലും ഏകാഭിനയത്തിലും സര്‍ഗശേഷിയുള്ള കുട്ടികള്‍ മാറ്റുരച്ചു. കൊച്ചു കുട്ടികള്‍ക്കായി നടത്തിയ കളറിങ്ങിൽ പുത്തന്‍ പ്രതിഭകളുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന രചനകള്‍ ഉണ്ടായി. സ്കിറ്റ് മത്സരവും മികച്ച വിഷയങ്ങളിൽ സമ്പന്നമായിരുന്നു.
പ്രവാസ ജീവിതത്തിലും മലയാള നാടിന്റെ കലയും സംസ്ക്കാരവും ഒളിമങ്ങാതെ തെളിമയോടെ കാത്തു സൂക്ഷിക്കുവാന്‍ ഇത്തരം വേദികള്‍ അനിവാര്യമെന്ന് അടിവരയിടുന്നതായിരുന്നു ഈ കലാമേള. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി നടത്തി വരുന്ന കലയുടെ ഫെസ്റ്റിവൽ ഓരോ വര്‍ഷം ചെല്ലുന്തോറും ഏറേ ജനപ്രിയമായി മാറുന്നു എന്നതാണ് വന്‍ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.
നോര്‍ത്തേണ്‍ അയര്‍ലൻഡിലെ 7 ഇടവകകളിലായി പരന്നു കിടക്കുന്ന സീറോ മലബാര്‍ കാത്തലിക് സമൂഹത്തിലെ കലാകാരന്മാരും കലാകാരികളുമായ വിവിധ പ്രായക്കാര്‍ അണിനിരന്ന മേളയില്‍ വിധി കര്‍ത്താക്കള്‍ ആയും പരിശീലകരായും കേരളത്തിലെ സ്കൂള്‍ – യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ മുന്‍കാല വിജയികള്‍ അണിനിരന്നതു കലാമേളയുടെ ഔന്നത്യം വിളിച്ചോതി. വിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി.