'നസ്രേത്ത്’ കുടുംബ സംഗമം സംഘടിപ്പിച്ചു

Mail This Article
റേയ്ഗന്‍സ്ബുര്‍ഗ് ∙ ജർമനിയിലെ ബവേറിയ സംസ്‌ഥാനത്തിലെ റേയ്ഗൻസ്ബുർഗ് രൂപതയിലെ സെന്റ് തോമസ് സിറോ മലബാർ സമൂഹത്തിലെ അംഗങ്ങളുടെ കുടുംബ സംഗമം 'നസ്രേത്ത് 2025' മാർച്ച് രണ്ടിന് മ്യുൻഷ്മുൻസ്റ്റർ സെന്റ് സിക്സതുസ് ദേവാലയത്തിൽ സംഘടിപ്പിച്ചു. 2019 മുതൽ മാസംതോറും മലയാളത്തിലുള്ള കുർബാനയ്ക്കായി ഇവർ ഒത്തുകൂടുന്നുണ്ട്. എങ്കിലും ഇതാദ്യമായാണ് ഒരു കുടുംബ സംഗമം സംഘടിപ്പിച്ചത്.

റയ്ഗൻസ്ബുർഗിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന നൂറിലധികം പേർ സംഗമത്തിൽ പങ്കെടുത്തു. കുർബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ആന്റണി കൂട്ടുമ്മേൽ, റവ. ഡോ. ജോസഫ് വില്ലന്താനത്ത്, ഫാ. അലക്സ് തെക്കേക്കുറ്റ് എന്നിവർ കാർമികത്വം വഹിച്ചു.

തുടർന്ന് കുർബാനയുടെ വാഴ്വും നടന്നു. പാരിഷ് ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ അംഗങ്ങൾ പരസ്പരം പരിചയം പുതുക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. വിശ്വാസപരിശീലനത്തിന് ഊന്നൽ നൽകി സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്തു. വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.