ലണ്ടനിൽ നഗ്നതാ പ്രദർശനം; രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിയെ പിന്തുടർന്ന പ്രതി ആരോഗ്യ മന്ത്രിയുടെ മുൻ അസിസ്റ്റന്റ്

Mail This Article
ലണ്ടൻ∙ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുകെ ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ്ങിന്റെ അസിസ്റ്റന്റ് അറസ്റ്റിലായി. 13 വയസ്സുള്ള പെൺകുട്ടിയോട് അതിക്രമം കാട്ടിയ പ്രതി സാം ഗൗൾഡ് (33) ആണ് പിടിയിലായത്. അതിക്രമത്തിൽ നിന്നും രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിയുടെ രക്ഷയ്‌ക്കെത്തിയത് വഴിപോക്കനായ ഒരാളാണ്. പെൺകുട്ടിയെ പിന്തുടർന്ന സാം ഗൗൾഡിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
റെഡ്ബ്രിജ് കൗൺസിലറും ലേബർ പാർട്ടിയുടെ മുൻ പാർലമെന്റ് സ്ഥാനാർഥിയുമാണ് സാം. സംഭവത്തിന് പിന്നാലെ ലേബർ പാർട്ടി സാമിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അതിക്രമത്തിന് ഇരയായ തന്റെ മകൾക്ക് പുറത്തിറങ്ങാൻ പോലും പേടിയാണെന്ന് അമ്മ വെളിപ്പെടുത്തി.
കുറ്റം സമ്മതിച്ചിട്ടും സാം ഗൗൾഡിനെ കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കാത്തതിൽ കുടുംബം ഞെട്ടൽ അറിയിച്ചു. സുഹൃത്തുക്കളെ കാണാനായി നടന്നു പോകുകയായിരുന്ന പെൺകുട്ടിയുടെ മുന്നിൽ വച്ച് വസ്ത്രങ്ങൾ നീക്കി സാം ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വ്യക്തിയാണ് വാഹന റജിസ്‌ട്രേഷൻ നമ്പർ വഴി പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഈസ്റ്റ് ലണ്ടനിലെ റോംഫോർഡിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ആരോഗ്യ മന്ത്രിയുടെ ഇൽഫോർഡ് പാർലമെന്റ് മണ്ഡലം ഓഫിസിൽ നിന്ന് പ്രതി രാജിവെച്ചിട്ടുണ്ട്. റെഡ്ബ്രിജ് കൗൺസിലിൽ നിന്നും രാജി വയ്ക്കാൻ മന്ത്രി സാം ഗൗൾഡിനോട് ആവശ്യപ്പെട്ടു.