അൻപതിനായിരം ഓട്ടക്കാർ, 42.195 കിലോമീറ്റർ ദൂരം; 'മാരത്തോണ ദി റോമ' 16ന്

Mail This Article
റോം ∙ ലോകത്തിലെ ഏറ്റവും മനോഹരമായ മാരത്തൺ എന്നു വിശേഷിപ്പിക്കുന്ന ‘മാരത്തോണ ദി റോമ’ യുടെ 30-ാം പതിപ്പ് മാർച്ച് 16ന് നടക്കും. ഓട്ടക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഇത്തവണ.
42.195 കിലോമീറ്റർ ദൈർഘ്യമുള്ള റോം മാരത്തൺ, 16 ന് രാവിലെ 8.30 ന് കൊളോസിയത്തിനു സമീപത്തുനിന്ന് ആരംഭിക്കും. റോമൻ ഫോറം, കാസ്റ്റൽ സാന്ത് ആഞ്ചലോ, പിയാസ നവോണ, സ്പാനിഷ് സ്റ്റെപ്പുകൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ അനവധി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സിർകുസ് മാക്സിമസിൽ സമാപിക്കും.
ഇത്തവണത്തെ മാരത്തണിന്റെ പ്രധാന ഓട്ടത്തിൽ ഏകദേശം 28,000 ഓട്ടക്കാർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മാരത്തണുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങളിലുമായി 50,000 ത്തോളം പേർ പങ്കെടുക്കും. വിദേശികളായ ഓട്ടക്കാരുടെ എണ്ണത്തിലും ഇത്തവണ റെക്കോർഡ് വർധനവാണുള്ളത്. വിദേശികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 10,000 ത്തിലധികം വർധനവുണ്ടെന്ന് റോം സ്‌പോർട്‌സ് കൗൺസിലർ അലസാൻഡ്രോ ഒനോറാതോ പറഞ്ഞു.
മാരത്തൺ ഓട്ടത്തോടനുബന്ധിച്ച് ‘ചാരിറ്റി റൺ ഫോർ റോം’ റിലേയും സംഘടിപ്പിച്ചിട്ടുണ്ട്. നാലുപേരടങ്ങുന്ന ടീമുകൾ നാലു സെക്ഷനുകളിലൂടെ 42 കിലോമീറ്റർ ദൂരമാണ് ഈ ഇനത്തിൽ പൂർത്തീകരിക്കേണ്ടത്. കുടുംബാംഗങ്ങൾ, കുട്ടികൾ അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവർക്കൊപ്പം നടക്കുകയോ ഓടുകയോ ചെയ്യാവുന്ന തരത്തിലാണ് അഞ്ചു കിലോമീറ്റർ ‘ഫൺ റൺ’ മാർച്ച് 15ന് സംഘടിപ്പിക്കുന്നത്.
റോം മാരത്തൺ പൂർത്തിയാക്കാനുള്ള സമയപരിധി ആറര മണിക്കൂറാണ്. റൂട്ടിൽ പല സ്ഥലങ്ങളിലായി ലഘുഭക്ഷണങ്ങളും വെള്ളവും നൽകും. മാരത്തണോടനുബന്ധിച്ച് റോമിലുടനീളം റോഡുകൾ അടക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. 2024 ലെ റോം മാരത്തണിൽ കെനിയക്കാരായ ആസ്ബൽ റൂട്ടോയും ഐവിൻ ലഗാറ്റും യഥാക്രമം 2:06:02 സമയവും 2:24:36 സമയവും കണ്ടെത്തിയാണ് വിജയികളായത്.