കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; സോഡിയം സയനൈഡ് കടലിൽ പടർന്നിട്ടുണ്ടോയെന്ന് സംശയം, റഷ്യൻ ക്യാപ്റ്റൻ അറസ്റ്റിൽ

Mail This Article
ലണ്ടൻ ∙ യുകെ തീരത്ത് ഉത്തര സമുദ്രത്തിൽ എണ്ണക്കപ്പലും ചരക്ക് ടാങ്കർ കപ്പലും കൂട്ടിയിടിച്ച് തീപിടിച്ച സംഭവത്തിൽ ടാങ്കർ കപ്പലിന്റെ റഷ്യൻ പൗരനായ ക്യാപ്റ്റൻ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
59 കാരനായ ക്യാപ്റ്റനെ കടുത്ത അശ്രദ്ധ മൂലമുള്ള നരഹത്യ ചുമത്തിയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തെന്ന് ഹംബർസൈഡ് പൊലീസ് പറഞ്ഞു. പ്രതി ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. പോർച്ചുഗലിന്റെ സ്വയംഭരണ പ്രദേശമായ മദീരയുടെ പതാകയുള്ള സോളോങ് ചരക്ക് കപ്പലും യുഎസിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലും കൂട്ടിയിടിച്ചതിനെ തുടർന്നാണ് യുകെയിലെ ഈസ്റ്റ് യോർക്ഷർ തീരത്ത് അപകടമുണ്ടായത്.
ചരക്ക് കപ്പലിൽ നിന്ന് കാണാതായ ജീവനക്കാരനാണ് മരിച്ചത്. കൂട്ടിയിടിയുടെ കാരണത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും മാരിടൈം ആൻഡ് കോസ്റ്റ്ഗാർഡ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഹംബർസൈഡ് പൊലീസ് അറിയിച്ചു. കൂട്ടിയിടിക്ക് ശേഷം രണ്ട് കപ്പലുകൾക്കും തീപിടിച്ചത് സുരക്ഷാ വീഴ്ചയുടെ പേരിൽ ഒട്ടേറെ ചർച്ചകൾക്ക് കാരണമായി. അപകടത്തിൽ പരുക്കേറ്റ 36 പേരെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചതായി എച്ച്എം കോസ്റ്റ്ഗാർഡ് അറിയിച്ചു.
അപകടം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കടൽ ജീവികളുടെയും അന്തരീക്ഷത്തിലുള്ള ജീവജാലങ്ങളുടെയും നാശത്തിന് സംഭവം കാരണമാകുമെന്നാണ് പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നത്. ഇപ്പോഴും കത്തുന്ന തീയിൽ നിന്നുള്ള കടുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്.
ഇരു കപ്പലുകളിലെയും എണ്ണയും മറ്റ് വസ്തുക്കളും എത്രത്തോളം കടൽ ജലത്തിൽ എത്തി എന്നതിനെ കുറിച്ച് കൃത്യമായ കണക്കെടുപ്പ് നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കനത്ത തീപിടിത്തം തുടരുന്നതിനാൽ ഇപ്പോഴും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും മറ്റ് കാര്യങ്ങൾക്കും പരിമിതികൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.
183 മീറ്റർ നീളമുള്ള ടാങ്കറിൽ 2,20,000 ബാരൽ ജെറ്റ് ഇന്ധനം എണ്ണ കപ്പലിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കടൽ പക്ഷികൾ, മത്സ്യങ്ങൾ, മറ്റ് ജല ജീവികൾ എന്നിവയ്ക്ക് അപകടം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എണ്ണ കപ്പലിൽ കൂട്ടിയിടിച്ച ടാങ്കർ കപ്പലിൽ മദ്യവും സോഡിയം സയനൈഡും ആണ് ഉണ്ടായിരുന്നത്. വിഷലിപ്തമായ സോഡിയം സയനൈഡ് കടലിൽ ഒഴുകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പക്ഷേ സോഡിയം സയനൈഡ് കടലിൽ പടർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.