മരിച്ച യുവതി’ കോടതിയിൽ; യുകെയിലെ സ്വത്ത് കേസിൽ വഴിത്തിരിവ്

Mail This Article
ലണ്ടന്‍ ∙ തന്റെ സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ നീക്കത്തിന് തടയിട്ട് ‘പരേത’. നൈജീരിയൻ സ്വദേശിനിയായ ജൂൺ അഷിമോള (55) മരിച്ചുവെന്ന് വ്യാജരേഖ ചമച്ചാണ് ടോണി അഷികോടി എന്ന തട്ടിപ്പുകാരനും കൂട്ടാളികളും ഇവരുടെ വീട് തട്ടിയെടുക്കാൻ ശ്രമിച്ചത്. 2018ൽ ബ്രിട്ടനിൽ നിന്ന് നൈജീരിയയിലേക്ക് പോയ ജൂൺ അഷിമോള പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. 2022 ഒക്ടോബറിൽ, 1993ൽ ജൂൺ അഷിമോളയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട് ബകരെ ലസിസി എന്നയാൾക്ക് വേണ്ടി റൂത്ത് സാമുവൽ എന്നയാൾ പവർ ഓഫ് അറ്റോർണി നേടി.
ജൂൺ അഷിമോള 2019ൽ നൈജീരിയയിൽ മരിച്ചുവെന്നും അവർക്ക് വിൽപത്രം ഇല്ലെന്നും അറിയിച്ച തട്ടിപ്പുകാർ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കി. ഇതോടെ ഇവർ മരിച്ചതായി ചൂണ്ടിക്കാട്ടി വീട് വിൽക്കാൻ നടത്തിയ ശ്രമം നൈജീരിയയിൽ നിന്ന് വിഡിയോയോ കോൾ വഴി കോടതിയിൽ ഹാജരായി ജൂൺ അഷിമോള തകർക്കുകയായിരുന്നു. 350,000 പൗണ്ടിന്റെ ലണ്ടനിലെ വീട് തട്ടിയെടുക്കാനാണ് തട്ടിപ്പുകാർ ശ്രമിച്ചത്. 1996ൽ തട്ടിപ്പ് നടത്തി സ്വത്ത് സമ്പാദിച്ച കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ടോണി അഷികോടി കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെന്നും തട്ടിപ്പിന് പിന്നിൽ അദ്ദേഹമാണെന്നും കോടതി കണ്ടെത്തി.
താൻ ജീവിച്ചിരിപ്പുണ്ടെന്നും മരണ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും വൂൾവിച്ചിലെ വീട് അനധികൃതമായി കൈവശപ്പെടുത്തിയെന്നും ജൂൺ അഷിമോള കോടതിയെ അറിയിച്ചു. ജൂൺ അഷിമോളയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട ബകരെ ലസിസി എന്നൊരാൾ ഇല്ലെന്നും വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കോടതി കണ്ടെത്തി.
പവർ ഓഫ് അറ്റോർണിയാണ് വ്യാജരേഖ ചമച്ചത്. മരണ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കാത്തതും അതിന്റെ ഉറവിടം വ്യക്തമാക്കാത്തതും വ്യാജമാണെന്ന് തെളിയിക്കാൻ കാരണമായി. ടോണി അഷികോടിയും റൂത്ത് സാമുവലും ഇതിൽ നേരിട്ട് പങ്കാളികളോ വ്യാജമാണെന്ന് അറിഞ്ഞവരോ ആണെന്ന് കോടതി വിലയിരുത്തി.