'കാറിടിച്ച് റോഡിലൂടെ വലിച്ചിഴക്കപ്പെട്ടു, ഒന്നും സംഭവിക്കാത്തതു പോലെ എഴുന്നേറ്റു നടന്നു'; വേദന എന്തെന്നറിയാത്ത ഏഴു വയസ്സുകാരി

Mail This Article
ലണ്ടൻ ∙ വിശപ്പും ക്ഷീണവും ഇല്ല. ശരീരത്തിന് വേദനയും അനുഭവപ്പെടില്ല. അത്തരമൊരു അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിയും ആശങ്കപ്പെടുത്തിയും ഈ മൂന്ന് അവസ്ഥകളും ഒരുപോലെ നേരിടുകയാണ് യുകെയിലെ ഏഴു വയസ്സുകാരി ഒലിവിയ ഫാൺസ്വർത്ത് .
അപൂർവമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ലോകത്തിലെ ഏക വ്യക്തിയും ഒലിവിയ തന്നെയായിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ക്രോമസോമിലെ ജനിതക വൈകല്യമാണ് (ക്രോമസോം 6 പി ഡിലീഷൻ) ഒലിവിയയുടെ ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് മെഡിക്കൽ വൃത്തങ്ങൾ പറയുന്നത്.
സംവേദന ക്ഷമത ഇല്ലാതിരിക്കുന്നത് മാരകമായി പരുക്കേൽപ്പിക്കാനുള്ള സാധ്യത കൂട്ടുമെന്നതും ഒലിവിയയുടെ ആരോഗ്യത്തിന് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒലിവിയയെ കുടുംബം എപ്പോഴും ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടാണിരിക്കുന്നത്. തീരെ ചെറുപ്പം മുതൽ തന്നെ വിശപ്പും ക്ഷീണവും ഒലീവിയ പ്രകടിപ്പിച്ചിരുന്നില്ല. വിശപ്പ് അനുഭവപ്പെടാത്തതു കൊണ്ട് യഥാസമയങ്ങളിൽ ഒലിവിയ ആഹാരം കഴിക്കുന്നുണ്ടെന്ന് അമ്മ നിക്കി ട്രേപാക്ക് ഉറപ്പാക്കുന്നുമുണ്ട്.
യുകെയിലെ ഹുഡ്ഡേഴ്സ് ഫീൽഡിലാണ് ഒലിവീയയുടെ വീട്. ഏഴു വയസ്സായതിന് പിന്നാലെ ഒലിവീയയ്ക്ക് സംഭവിച്ച കാർ അപകടത്തിലൂടെയാണ് അവളുടെ ആരോഗ്യാവസ്ഥ തിരിച്ചറിഞ്ഞത്. കാറിടിച്ച ഒലീവിയ 10 മീറ്ററോളം വലിച്ചിഴക്കപ്പെടുകയുംചെയ്തു. എന്നാൽ ഒലീവിയ ഒന്നും സംഭവിക്കാത്ത രീതിയിൽ എഴുന്നേറ്റ് നടന്നുപോയത് കണ്ടു നിന്നവരിൽ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിച്ചുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ. ഭീകരമായൊരു അവസ്ഥയായിരുന്നുവെന്നും റോഡിലുണ്ടായിരുന്നവരെല്ലാം അലറി വിളിച്ചെങ്കിലും ഒലിവിയ കരഞ്ഞില്ലെന്ന് മാത്രമല്ല അപകടമുണ്ടായതായി പോലും ഒലീവിയയ്ക്ക് അനുഭവപ്പെട്ടില്ലെന്നും അമ്മ പറയുന്നു. ഉടൻ ആശുപത്രിയിലെത്തി വിശദമായ സ്കാനിങ്ങും എക്സ്റേയുമെല്ലാം എടുത്തെങ്കിലും പരുക്കുകളൊന്നും കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് ബയോനിക് ആണ് ഒലീവിയ എന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയത്.
പരമാവധി 2 മണിക്കൂർ മാത്രമാണ് ഉറക്കം. 3 ദിവസം വരെ ഉറങ്ങാതിരിക്കും. മരുന്ന് കഴിക്കാതെ ഒലിവീയയ്ക്ക് സ്വാഭാവികമായി ഉറങ്ങാൻ കഴിയില്ലെന്നാണ് മറ്റൊരു വെല്ലുവിളി. ഉറക്കമില്ലായ്മ നിയന്ത്രിക്കാൻ കടുത്ത രീതികളാണ് ദിവസേന ഒലിവിയ പിന്തുടരുന്നത്.
ഒലീവിയയുടെ അവസ്ഥ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. സാധാരണ ജീവിതം നയിക്കാൻ സാധ്യമായ തരത്തിൽ അവളെ പ്രാപ്തയാക്കുക മാത്രമാണ് പോംവഴി. മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് നിക്കി ട്രേപാക്ക്. ക്രോമസോമിന്റെ വൈകല്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നുണ്ട് ഒലീവിയയുടെ അമ്മ. ലോകത്തിലെ ഏറ്റവും അപൂർവമായ അവസ്ഥകളിലൊന്നിലൂടെ കടന്നു പോകുന്ന ഒലീവിയയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.