വാർവിക്ഷറിലെ റസ്റ്ററന്റിൽ റെയ്ഡ്; 3 ഇന്ത്യക്കാർ അറസ്റ്റിൽ, നീക്കം അനധികൃത കുടിയേറ്റം തടയാൻ ലകഷ്യമിട്ട്

Mail This Article
വാർവിക്ഷർ∙ വാർവിക്ഷറിലെ സ്‌റ്റാർ ഗ്രിൽ റസ്റ്ററന്റിൽ ഹോം ഓഫിസ് നടത്തിയ റെയ്ഡിൽ ഇന്ത്യക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്‌തു. ഗ്രീൻഹിൽ സ്‌ട്രീറ്റിലെ സ്‌റ്റാർ ഗ്രില്ലിലാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഇമിഗ്രേഷൻ, കംപ്ലയൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) സംഘമാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി ആളുകൾ ജോലി ചെയ്യുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.
ഫെബ്രുവരി 28ന് നടന്ന റെയ്ഡിൽ ഒരു സ്‌ത്രീയും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നുവെന്ന് ഹോം ഓഫിസ് അറിയിച്ചു. സ്‌റ്റാർ ഗ്രില്ലിന് സിവിൽ പെനാൽറ്റി റെഫറൽ നോട്ടിസ് നൽകി. ഇത് പ്രകാരം 60,000 പൗണ്ട് വരെ പിഴ ഈടാക്കാം. കൂടാതെ, അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായത്.
വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായിയെന്ന് അധികൃതർ അറിയിച്ചു. ജനുവരിയിൽ മാത്രം 106 പേരെ അറസ്റ്റ് ചെയ്യുകയും 131 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. ലേബർ പാർട്ടി സർക്കാർ നിയമവിരുദ്ധമായ തൊഴിൽ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹോം ഓഫിസ് അറിയിച്ചു. 2024 ജൂലൈ മുതൽ 2025 ജനുവരി വരെ നിയമവിരുദ്ധ തൊഴിൽ പരിശോധനകളുടെ എണ്ണവും അറസ്റ്റുകളും മുൻ വർഷത്തെ അപേക്ഷിച്ച് 38 ശതമാനം വർധിപ്പിച്ചു.
അനധികൃത കുടിയേറ്റം തടയുന്നതിനാണ് അധികൃതർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതെന്നാണ് വിവരം.