വിമാനത്തിൽ നിന്ന് കഴിച്ച ഭക്ഷണം ‘വിനയായി’; യാത്രക്കാരൻ 6 മണിക്കൂറിനിടെ ഛർദ്ദിച്ചത് 30 തവണ

Mail This Article
ലണ്ടൻ∙ വിമാനയാത്രക്കിടെ പാസ്ത കഴിച്ച 27 കാരനായ ബ്രിട്ടിഷ് യാത്രക്കാരൻ ആറ് മണിക്കൂറിനിടെ 30 തവണ ഛർദ്ദിച്ചു. ഇത്തിഹാദ് വിമാനത്തിൽ മാഞ്ചസ്റ്ററിൽ നിന്ന് അബുദാബി വഴി ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ കാമറോൺ കല്ലാഘനാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്.
വിമാനത്തിൽ നിന്ന് 'ടുമാറ്റോ ചീസി ചിക്കൻ പാസ്ത' കഴിച്ചതാണ് ഛർദ്ദിക്ക് കാരണമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യാത്രയ്ക്ക് മുൻപ് എഗ് സാൻഡ്‌വിച്ച് കഴിച്ചിരുന്നെങ്കിലും വിമാനം അഞ്ച് മണിക്കൂർ വൈകിയതിനാൽ കാബിൻ ക്രൂ നൽകിയ പാസ്ത കഴിക്കുകയായിരുന്നു. പാസ്ത കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ ദുർഗന്ധം അനുഭവപ്പെട്ടു. അൽപസമയം കഴിഞ്ഞപ്പോൾ വയറുവേദനയും അസ്വസ്ഥതയും ആരംഭിച്ചു. രണ്ട് തവണ വയറിളക്കമുണ്ടായി. വിമാനയാത്രയിലുടനീളം 30 തവണ ഛർദ്ദിച്ചെന്ന് കാമറോൺ പറഞ്ഞു.
അബുദാബിയിൽ വിമാനമെത്തിയപ്പോൾ അവശനായ കാമറോണിനെ വീൽചെയറിൽ മെഡിക്കൽ മുറിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്ക് ശേഷമാണ് പിന്നീട് ബാങ്കോക്കിലേക്ക് പോകാൻ കഴിഞ്ഞത്. ശരിയായ രീതിയിൽ സൂക്ഷിക്കാത്തതാണ് ഭക്ഷണം ചീത്തയാകാൻ കാരണമെന്ന് കാമറോൺ ആരോപിച്ചു.
എന്നാൽ വിമാനത്തിലെ ഭക്ഷണം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിട്ടില്ലെന്നാണ് ഇത്തിഹാദ് അധികൃതരുടെ പ്രതികരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എല്ലാ വിമാനങ്ങളിലെയും ഭക്ഷണം ശരിയായ രീതിയിലാണ് സൂക്ഷിക്കുന്നതെന്നും കമ്പനി വക്താവ് വിശദീകരിച്ചു. കാമറോൺ സഞ്ചരിച്ച വിമാനത്തിലെ മറ്റു യാത്രക്കാർക്ക് ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.