ചെക്ക് ഇന്‍ കൗണ്ടറില്‍ ചെന്നപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് മറുപടി; തലയില്‍ ഇടിത്തീ വീണു, നാട്ടിലെത്താന്‍ പറ്റുമോ എന്നായി, ഒടുവില്‍

Mail This Article
വിമാനയാത്രയ്ക്ക് തയാറെടുത്ത് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിമാനം റദ്ദാക്കപ്പെടുന്ന അവസ്ഥ ഒട്ടുമിക്ക യാത്രക്കാരും അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും അത്യാവശ്യമായി യാത്ര ചെയ്യേണ്ടവര്‍ക്ക് ഇത്തരം റദ്ദാക്കലും കാലതാമസവുമെല്ലാം വലിയ ടെന്‍ഷനും ബുദ്ധിമുട്ടുമാണ്. ഇറ്റാലിയന്‍ മറൈന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നടവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് റിസ്വാന്‍ നാട്ടിലേക്ക് പോകാനായി കോംഗോ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ വിമാനം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ അനുഭവമാണ് യാത്രക്കാരോട് പങ്കുവയ്ക്കുന്നത്.
2018 നവംബര്‍ മാസം. കസിന്റെ കല്യാണത്തിന് കുറേ നാളുകള്‍ക്കു മുന്‍പ് വെക്കേഷന്‍ പ്ലാന്‍ ചെയ്തതായിരുന്നു. ഷിപ്പില്‍ ജോലി ചെയ്യുന്ന എനിക്ക് പല ഘടകങ്ങളും ഒത്താല്‍ മാത്രമേ നിശ്ചയിച്ച പ്രകാരം നാട്ടില്‍ എത്താന്‍ പറ്റുകയുള്ളൂ. ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു കല്യാണം. കാലാവസ്ഥ നന്നായാല്‍ മാത്രമേ ഷിപ്പില്‍ നിന്ന് ആളുകളെ കരയിലേക്ക് എത്തിക്കാനുള്ള ബോട്ട് വരികയുള്ളു. കാലാവസ്ഥ മോശമായത് കാരണം ഷിപ്പില്‍ നിന്നും ഇറങ്ങാനാകാതെ ദിവസങ്ങള്‍ കഴിഞ്ഞു പോയിക്കൊണ്ടിരുന്നു.
കല്യാണ തീയതി ആണേല്‍ അടുത്തടുത്തു വരുന്നു. നീണ്ട കാത്തിരിപ്പിനു ശേഷം ഭാഗ്യത്തിന് ഷെഡ്യൂള്‍ ഇല്ലാഞ്ഞിട്ട് പോലും ബോട്ടിന്‌റെ ആവശ്യകത മനസ്സിലാക്കിയ ഒരു പ്രൊജക്റ്റ് എന്‍ജിനീയര്‍ മുഖേന മറ്റു രാജ്യക്കാര്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ഒരു ഗ്രൂപ്പിനെ കോംഗോ എന്ന രാജ്യത്തിലെ പോയിന്‌റി നോയിറെ എന്ന സ്ഥലത്തേക്ക് എത്തിച്ചു.
ഒട്ടേറെ സന്തോഷത്തോടെ കരയില്‍ നവംബര്‍ 30 ന് കാല് കുത്തി. ഡിസംബര്‍ 2 നായിരുന്നു കല്ല്യാണം. മൂന്ന് ഫ്‌ളൈറ്റ് കയറി വേണം നാട്ടില്‍ എത്താന്‍. എങ്കിലും ഡിസംബര്‍ 1 ന് തന്നെ ബോംബെ ഫ്‌ളൈറ്റ് ഉള്ളതിനാല്‍ എത്താന്‍ ആ സമയം ധാരാളം ആയിരുന്നു. കോംഗോ എയര്‍പോര്‍ട്ടില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്‌റെ ചെക്ക് ഇന്‍ കൗണ്ടറില്‍ അഡിസ് അബാബ എന്ന സ്ഥലത്തേക്ക് ബോംബെ കണക്ഷന്‍ കിട്ടുവാന്‍ ആവേശത്തോടെ പോയി നിന്നപ്പോള്‍ സ്റ്റാഫ് പറയുന്നു 'സോറി യു കെനോട്ട് ട്രാവല്‍ ടുഡേ!' 'ട്ടും'..ദേ കിടക്കുന്നു.
തലയില്‍ ഇടിത്തീ വീണു ഇത്രയും കഷ്ടപ്പെട്ടിട്ട് നാട്ടില്‍ എത്താനാവില്ലേ? അവര്‍ പറയുന്ന ന്യായം ഇന്നലെ അതേ ഫ്‌ളൈറ്റ് ക്യാന്‍സല്‍ ആയിരുന്നു. അതുകൊണ്ട് ഇന്നലത്തെ യാത്രക്കാര്‍ക്കാണ് മുന്‍ഗണനയെന്നാണ്. മാത്രമല്ല ഒരു എയര്‍ക്രാഫ്റ്റ് മാത്രമാണ് ലഭ്യമായിട്ടുള്ളുവെന്നും പറയുന്നു. അവിടെ ഇതൊക്കെ സാധാരണയാണ്. ഇത്തരം മുന്‍കാല അനുഭവങ്ങള്‍ കുറേ പേര്‍ക്ക് ഉണ്ടായിരുന്നു.
കുറേ നേരത്തെ വാഗ്വാദത്തിന് ശേഷം ഹോട്ടലിലേക്ക് തിരികെ പോകാന്‍ നോക്കുമ്പോള്‍ വീണ്ടും സ്റ്റാഫ് പറയുന്നു. നിങ്ങള്‍ക്ക് യാത്ര ചെയ്യാം ബോര്‍ഡിങ് പാസ് തരാമെന്ന്. ആശ്വാസത്തിന്റെ നെടുവീര്‍പ്പ് വീണ്ടും. ഉച്ചക്ക് രണ്ടര മണിക്ക് പോകേണ്ട ഫ്‌ളൈറ്റ് അപ്പോഴേ ലേറ്റ് ആയിരുന്നു. എങ്കിലും ബോംബെ ഫ്‌ളൈറ്റ് അഡിസില്‍ നിന്നും കിട്ടാന്‍ സമയം ധാരാളം. സമയം വീണ്ടും കഴിയുന്നു. ഫ്‌ളൈറ്റ് ബോര്‍ഡിങ് തുടങ്ങിയിട്ടില്ല.. അക്ഷമയോടെ അന്വേഷിച്ചപ്പോള്‍ ടെക്‌നിക്കല്‍ ഇഷ്യൂ ഉണ്ടെന്ന് പറഞ്ഞു.
സഹികെട്ട ഒരു ആഫ്രിക്കന്‍ വനിത ഇറ്റി സ്റ്റാഫിനെ ടെര്‍മിനലിന് ഉള്ളിലൂടെ കയറി പിന്നാലെ ഓടി തല്ലുന്നത് ഞങ്ങള്‍ നോക്കി നിന്നു. മണിക്കൂറുകള്‍ കഴിഞ്ഞു ഫ്‌ളൈറ്റ് റെഡി ആയി. പ്രതീക്ഷയോടെ ഞാന്‍ അഡിസില്‍ നിന്നും കണക്ഷന്‍ കിട്ടുമെന്ന് കരുതി കയറി. നാലര മണിക്കൂറിനു ശേഷം അഡിസില്‍ ഇറങ്ങി. പക്ഷെ എത്തുമ്‌പോഴേക്കും ബോംബെ ഫ്‌ളൈറ്റ് ബൈ ബൈ പറഞ്ഞു പോയത് കണ്ടു. നിരാശനായി ഇനിയെന്ത് എന്നന്വേഷിച്ചു ഇറ്റി കസ്റ്റമര്‍ കയറില്‍ പോയപ്പോള്‍ ലോകത്തെ പല സ്ഥലത്ത് നിന്നെത്തിയ യാത്രക്കാര്‍ ഫ്‌ളൈറ്റ് ക്യാന്‍സലേഷന്‍, ഡിലേ എന്നീ കാരണങ്ങള്‍ കൊണ്ട് ബഹളവും,ദേഷ്യവും പ്രകടിപ്പിക്കുന്നു.
അവസാനം പൊലിസ് എത്തിയപ്പോള്‍ എല്ലാവരും ശാന്തരായി. ഒരു ഹോട്ടലും ട്രാന്‍സിറ്റ് വീസയും തന്ന് എന്നെ പുറത്തേക്ക് വിട്ടു. ബോംബെ ഫ്‌ളൈറ്റ് ഇനി അടുത്ത ദിവസങ്ങളില്‍ മാത്രമേ ഉള്ളൂ എന്നും പറഞ്ഞു. അങ്ങനെ കസിന്റെ കല്യാണ ദിവസം ഞാന്‍ എത്യോപ്യയിലെ അഡിസ് അബാബയിലെ ഹോട്ടലില്‍ ഇരുന്ന് ആശിര്‍വാദം വേണ്ടുവോളം ചൊരിഞ്ഞു കൊടുത്തു. നാട്ടില്‍ എത്തി അവന്റെ വീട്ടില്‍ എത്തിയപ്പോള്‍ കല്യാണ പന്തല്‍ നാട്ടിയ അവസാന പന്തല്‍ കാലുകള്‍ പുറത്തെടുക്കുന്നതാണ് കണ്ടത്.
(നിങ്ങള്‍ക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങള്‍. യാത്രാനുഭവങ്ങള്‍ നിങ്ങള്‍ക്കും ഗ്ലോബല്‍ മനോരമയില്‍ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉള്‍പ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ഇപ്പോള്‍ തന്നെ അയച്ചോളൂ. ഇ-മെയില്‍ അയയ്ക്കുമ്പോള്‍ സബ്ജക്ടില്‍ AIR TRAVEL EXPERIENCE എന്ന് വയ്ക്കാന്‍ മറക്കേണ്ട.)..