ADVERTISEMENT

ഡബ്ലിൻ ∙ ഭാര്യക്ക് വിവാഹ ശേഷം മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ് അയർലൻഡിലെ കോർക്കിൽ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തിന് കാരണമെന്ന് ഭർത്താവ് റെജിൻ രാജൻ വിചാരണ വേളയിൽ കോടതിയിൽ മൊഴി നൽകി. അയർലൻഡിൽ എത്തും മുൻപ് ലണ്ടനിൽ ഭാര്യ ജോലി ചെയ്തിരുന്നുവെന്നും അവിടെയുള്ള ഒരാളുമായി ദീപ അടുപ്പത്തിലായിരുന്നെന്നും അവർ തമ്മിലുള്ള ഫോൺ ചാറ്റ് കണ്ടെത്തിയത് ഭാര്യയെ കൊലപ്പെടുത്താൻ കാരണമായെന്നും റെജിൻ രാജൻ കോടതിയിൽ പറഞ്ഞു.

ദീപ ദിനമണി (38)യെ കോർക്കിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയായ ഭർത്താവ് റെജിൻ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയതും കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ വിചാരണ ആരംഭിച്ചതും. 2023 ജൂലൈ 14 ന് വിൽട്ടണിലെ കാർഡിനാൾ കോർട്ടിലെ വീട്ടിൽ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയിരുന്ന തൃശൂർ സ്വദേശികളുടെ മകളായിരുന്നു ദീപ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ താമസമായിരുന്ന മലയാളിയാണ് റെജിൻ രാജൻ. പ്രതിയായ റെജിൻ രാജൻ ചോദ്യം ചെയ്യലിലും കോർക്ക് ജില്ലാ കോടതിയിൽ നടന്ന പ്രത്യേക സിറ്റിങിലും ആദ്യം കൊലപാതക കുറ്റം സമ്മതിച്ചിരുന്നില്ല.

തുടർന്ന് കേസിന്റെ വിചാരണ ആംഗ്ലീസി സ്ട്രീറ്റ് കോടതിയിൽ നടക്കവേ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ തെളിവുകൾ നിരത്തിയതോടെയാണ് കുറ്റം സമ്മതിച്ചത്. ഭാര്യയുടെ മൊബൈലിൽ ലണ്ടനിലുള്ള യുവാവുമായി നടത്തിയ ചാറ്റിൽ അരുതാത്ത ചിത്രങ്ങൾ കണ്ടെന്നും ഇത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്നും റെജിൻ രാജൻ വെളിപ്പെടുത്തി. അടുപ്പത്തെ കുറിച്ച് അറിയുന്നതിന് മുൻപ് ദീപ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി തോന്നിയിരുന്നുവെന്നും വിവാഹ മോചനത്തിനായി ദീപ മുൻകൈ എടുത്തുവെന്നും റെജിൻ പറഞ്ഞു. 

കൊലപാതകം നടന്ന വീട്ടിൽ ഇവർക്കൊപ്പം ഒരു മലയാളി യുവതി കൂടി റൂം ഷെയർ ചെയ്തു താമസിച്ചിരുന്നു. വിചാരണ വേളയിൽ ഇവരിൽ നിന്നും ദീപയുടെ സഹപ്രവർത്തകരിൽ നിന്നും റെജിന്റെ കോർക്കിലെ പരിചയക്കാരിൽ നിന്നും സാക്ഷി മൊഴികൾ എടുത്തു. വിചാരണ ഒരാഴ്ച കൂടി നീണ്ടുനിൽക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയിലുള്ള ദീപയുടെ സഹോദരൻ, മകൻ റെയാൻ ഷാ എന്നിവർ ഉൾപ്പെടെയുള്ളവരുടെ മൊഴി ഓൺലൈനായാണ് എടുത്തത്. കൊലപാതകം നടത്തും മുൻപ് പ്രതിയായ റെജിൻ കൊലപാതകത്തിന് അയർലൻഡിൽ ലഭിക്കുന്ന ശിക്ഷ, ജയിലിലെ സൗകര്യങ്ങൾ എന്നിവയെ കുറിച്ച് ഗൂഗിൾ സേർച്ച് നടത്തിയതായി പൊലീസ് കോടതിയിൽ മൊഴി നൽകി. കൊലപാതക ശേഷം റെജിൻ എഴുതിയ ഒരു കത്തും, കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട കത്തിയും പൊലീസ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയിരുന്നു. 8,50,000 പേജുള്ള കുറ്റപത്രവും ഫൊറൻസിക് തെളിവുകളും 110 മൊഴികളും ഉൾപ്പെടുന്ന രാജ്യാന്തര തലത്തിൽ നടന്ന അന്വേഷണം വളരെ സങ്കീർണ്ണമായ ഒന്നായിരുന്നുവെന്ന് കേസ് അന്വേഷിച്ച ആംഗ്ലീസിയ സ്ട്രീറ്റ് ഗാർഡ (പൊലീസ്) സ്റ്റേഷനിലെ ഇൻസ്പെക്ടർ ജേസൺ ലിഞ്ച് പറഞ്ഞു.

ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസ്സുകാരനായ മകൻ റെയാൻ ഷാ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. സംഭവത്തെ തുടർന്ന് മകന്റെ സംരക്ഷണം സോഷ്യൽ വെൽഫെയർ സംഘം ഏറ്റെടുത്തിരുന്നു. തുടർന്ന് ദീപയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോയപ്പോൾ മകനെ ദീപയുടെ ബന്ധുക്കൾക്ക് കൈമാറി. കോർക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന ആൾട്ടർ ഡോമസ് ഫണ്ട് സർവീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഭർത്താവിനെയും മകനെയും ദീപ അയർലൻഡിൽ ആശ്രിത വീസയിൽ എത്തിക്കുകയായിരുന്നു. തുടർന്നാകാം ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് കരുതപ്പെടുന്നു.

English Summary:

Wife's Extramarital Affair Led to Murder in Cork, Husband Admits in Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com