കയ്യിൽ പണമില്ലാതെ, ഇനിയൊരിക്കലും അമ്മയെ കാണാനാവില്ലെന്ന് വിഷമിച്ചു; പക്ഷേ, തണലായി 'അന്യനാട്ടിലെ അമ്മ': ഇനി നീണ്ട പശ്ചാത്യ പ്രവാസത്തിന്റെ നാളുകൾ

Mail This Article
ഡൽഹിയിലെ രണ്ട് വർഷക്കാലം നീണ്ട എന്റെ പി ജി പഠനകാലത്ത് ഞാൻ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ നാരായൺ സിങ് അങ്കിളാണ് എന്നെ ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ കാറിൽ കൊണ്ടുചെന്നാക്കിയത്. അതിനു മുൻപ് രണ്ട് വട്ടം ഡൽഹിയിൽനിന്ന് പരീസിലേക്ക് യാത്ര ചെയ്തിട്ടുണ്ടായിരുന്നതിനാൽ എയർപോർട്ടിൽ ഉണ്ടാകാവുന്ന പരീക്ഷണങ്ങളെക്കുറിച്ചൊന്നും ഞാൻ ആകുലനായിരുന്നില്ല.
ചെക്കിങ്ങ് കഴിഞ്ഞ് എമിഗ്രേഷൻ നടപടികൾക്കായുള്ള നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ പഠിക്കുന്ന കാലത്ത് നടത്തിയ രണ്ട് ഫ്രഞ്ച് യാത്രകളുടെയും സമയത്ത് എന്നെ കെട്ടിവരിഞ്ഞതുപോലുള്ള ആകുലതകളുടെ ചകരിക്കയറുകൾ എനിക്ക് ചുറ്റും ഇക്കുറി ഉണ്ടായിരുന്നില്ല. ഏതു സമയത്തും യാത്രയൊന്നും പറയാതെ മടങ്ങിപ്പോകാനിരുന്ന അമ്മയുടെ ഓർമ്മകൾ ആ നാളുകളിൽ എന്നെ വരിഞ്ഞു മുറുക്കുമായിരുന്നു.
മദ്യത്തിന്റെ ലഹരിയിൽ അപ്പൻ രോഗിയായ അമ്മയ്ക്ക് ഏൽപ്പിക്കുമായിരുന്ന ദേഹോപദ്രവങ്ങളും അന്നത്തെ വലിയ വേദനയായിരുന്നു. വേദനകൾ ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് അമ്മ മടങ്ങിപ്പോയി മൂന്ന് മാസം കഴിഞ്ഞുള്ള എന്റെ പാരീസിലേക്കുള്ള ആ യാത്ര മടങ്ങി വന്നു കൂട്ടിരിക്കേണ്ട നിധികളൊന്നും ബാക്കി വയ്ക്കാതെയായിരുന്നു. എന്തോ അപരാധം ചെയ്തു കടന്നു കളയാൻ നോക്കുന്ന കുറ്റവാളിയെപ്പോലെ എന്നെ തുറിച്ചു നോക്കിയ എമിഗ്രേഷൻ ആപ്പീസറുടെ മുഖത്ത് ജീവിതത്തിൽ സന്തോഷിക്കാനായി ഒന്നുമില്ലാത്തവന്റെ ഭാവമായിരുന്നു.
എന്നെയും എന്റെ പാസ്പോർട്ടിന്റെ ഉൾ പേജുകളെയും മാറിമാറി നോക്കിയിട്ട് ആരോടോ പകവീട്ടും വിധം സീലെടുത്തു കുത്തിത്തരുമ്പോൾ മുഖത്തെ ഗൗരവം ഒട്ടും വിടാതിരിക്കാൻ ആ അപ്പീസാർ വല്ലാതെ ശ്രദ്ധിച്ചിരുന്നു. ഒന്ന് പുഞ്ചിരിച്ചാൽ തന്റെ സ്ഥാനത്തിന്റെയും അധികാരത്തിന്റെയും പതക്കങ്ങൾക്ക് മാറ്റു കുറയുമെന്ന് കരുതുന്ന അനേകം മനുഷ്യരിൽ ഒരാളായാണ് എനിക്ക് അദ്ദേഹത്തെ തോന്നിയത്.
സെക്യൂരിറ്റി ചെക്കപ്പ് ഒക്കെ കഴിഞ്ഞ്, ബോർഡിങ്ങിനുള്ള ഗേറ്റിലേക്ക് നടക്കുമ്പോൾ 26 വർഷം ഞാൻ ജീവിച്ച എന്റെ നാടും സംസ്കാരവുമൊക്കെ എന്റെ ചിന്തകളുടെയും സ്വപ്നങ്ങളുടേയുമൊക്കെ കോണിലേക്ക് ഒതുക്കി വയ്ക്കാൻ ഞാൻ പണിപ്പെട്ടു. മുൻപ് നടത്തിയ രണ്ട് യാത്രകളിലും മലയാളികളെ ആരെയും പരിജയപ്പെടുകയോ കണ്ടുമുട്ടുകയോ ചെയ്യാതിരുന്നതിനാൽ ഫ്രാൻസിൽ അധികം മലയാളികളൊന്നും ഉണ്ടാകില്ല എന്ന ബോധ്യത്തിലേക്ക് ഞാൻ അതിനോടകം എത്തിയിരുന്നു.
“ഫ്രാൻസിൽ പോയി അവിടെയുള്ള ഇന്ത്യാക്കാരെ കണ്ടെത്തി അവിടെ അവരോട് കൂടി ഇവിടുത്തെപ്പോലെ ജീവിക്കനാണേൽ ഇവിടെ ഉള്ള അത്ര ഇന്ത്യക്കാർ അവിടെ ഒരിക്കലും ഉണ്ടാകില്ലന്ന് നീ ഇടക്ക് ഓർക്കുന്നത് നല്ലതാ…” മൂന്നാം ക്ലാസ്സിൽ മൂന്നാം പാഠം വരെ മാത്രം വിദ്യാഭാസമുണ്ടായിരുന്ന അമ്മയുടെ വാക്കുകൾ ഇടയ്ക്കെപ്പോഴോ മനസ്സിന്റെ ഭിത്തികളിൽ തെളിഞ്ഞു വന്നപ്പോൾ എയർപോർട്ടിലെ എന്റെ കാത്തിരിപ്പിന്റെ സമയത്തുള്ള ചിന്തകൾക്ക് ഒരു കൊളുത്തു വീണു. ഞാൻ ബോർഡിങ് കാത്തിരുന്ന ഇടനാഴിയിൽത്തന്നെ കുറച്ചു മാറി ഉണ്ടായിരുന്ന എസ് ടി ഡി ബൂത്തിലേക്കു നടക്കുമ്പോൾ പാസ്സ്പോർട്ടും ഡിഗ്രി സർട്ടിഫിക്കറ്റുകൾ അടങ്ങിയ എന്റെ ഹാൻഡ്‌ബാഗും ഞാൻ പുറത്തിട്ടു.
“എല്ലാം കഴിഞ്ഞു. ഞാൻ ബോർഡിങ്ങിന് കാത്തിരിക്കുകയാണ്….”
കുറവിലങ്ങാട് അടുത്തുള്ള മഠത്തിലേക്കു ഫോൺ വിളിച്ച്, ജെസ്സിയോട് സംസാരിക്കുമ്പോൾ സ്വരം ഇടറിയിരുന്നു. മുൻപൊക്കെ അമ്മയെ വിളിച്ചായിരുന്നു പറയുക. വിമാനത്താവളം പോയിട്ട് ഒരു റെയിൽവേ സ്റ്റേഷൻ പോലും കണ്ടിട്ടില്ലാത്ത അമ്മ എല്ലാം കേട്ടിരിക്കും. തമ്പുരാൻ കരുണ കാണിക്കാതെ പിടിച്ചിറക്കിക്കൊണ്ടുപോയ അമ്മയുടെ ഓർമ്മകൾ എസ് ടി ഡി ബൂത്തിൽനിന്ന് തിരിച്ചു നടക്കുമ്പോഴും എന്റെ മനസ്സിന്റെ ഭാരം കൂട്ടി.
ഹാൻഡ് ബാഗ് വിമാനത്തിലെ സീറ്റിനു മുകളിലുള്ള പെട്ടിയിൽ ഉണ്ടായിരുന്ന ചെറിയ വിടവിലേക്കു തള്ളിക്കയറ്റിയിട്ട്, ജനാലയോട് ചേർന്നിരുന്ന്, പുറത്തെ കാഴ്ച്ചകൾ എന്റെ കണ്ണുകൾ ഒന്നുകൂടി ഒപ്പിയെടുത്തു. ഇനി ഉടനെയെങ്ങും മടക്കമില്ലാത്ത ഒരു യാത്രയുടെ തിരക്കിലായിരുന്നു അത്. മേഘങ്ങളുടെ പടവുകൾ കയറി എയർ ഫ്രാൻസ് വിമാനം പത്തു മണിക്കൂർ നീണ്ട യാത്ര നടത്തുമ്പോൾ ഡോമിനിക് ലാപ്പിയെറിന്റെ ‘സിറ്റി ഓഫ് ജോയ്’ എന്റെ മടിയിൽ അനാഥനെപ്പോലെ കിടന്നു. വായിക്കാനുള്ള മൂടൊന്നും ഉണ്ടായിരുന്നില്ല.
മറ്റൊരു നാട്ടിൽ കെട്ടിപ്പടുക്കേണ്ട നാളെയുടെ സ്വപ്‌നങ്ങൾ വിവിധ രൂപത്തിലും ഭാവത്തിലും പുറത്തു കറങ്ങി നടന്ന മേഘങ്ങളെപ്പോലെ എന്റെ മനസ്സിൽ രാക്ഷസരൂപങ്ങളെടുത്തു. ഭാഷയും സംസ്കാരവും ഒന്നും നന്നായറിയാത്ത ഒരു നാട്ടിൽ സ്ഥിരം താമസിക്കാനും നാളെയുടെ ആകാശസ്വപ്നങ്ങളെ കെട്ടിപ്പടുക്കാനുമായുള്ള ഒരു നീണ്ട യാത്രയുടെ തുടക്കം. ജെസി കന്യാസ്ത്രീ ആണെങ്കിലും നിത്യവൃതം ചെയ്യാനുള്ള തിയതിയൊന്നും അവരുടെ സന്യാസ സമൂഹം നിശ്‌ച്ചയിച്ചിരുന്നില്ല. അവൾക്കു അങ്ങനെയൊരു ജീവിതം ശരിക്കും ഇഷ്ടമാണോ എന്ന ചിന്ത കുറച്ചായി എന്നെ അലട്ടുന്നുണ്ടായിരുന്നു.
അവൾ അതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും പലപ്പോഴും അവളുടെ കണ്ണുകളോടെ കോണിൽ അത്തരം ഒരു ജീവിതത്തിന്റെ വിഷാദം തളം കെട്ടിക്കിടന്നു. ലാലിയുടെ ആദ്യ പ്രസവം കഴിഞ്ഞ് അവളെ പത്തു ദിവസം ശുശ്രൂഷിച്ചിട്ടാണ് ക്യാൻസർ ആണെന്ന് അറിയാമായിരുന്നിട്ടും നാലു വർഷങ്ങൾക്കു മുൻപ് ചികത്സക്ക് പോകാൻ അമ്മ സമ്മതിച്ചത്. കുമിളിയ്ക്കടുത്ത് അണക്കരയിലെ ലാലിയുടെ വീട്ടു ചിലവുകൾക്കു വേണ്ടിപ്പോലും സ്വന്തം കുടുംബത്തെ കുറച്ചെങ്കിലും ആശ്രയിക്കേണ്ട ആവശ്യം ലാലിക്ക് വിവാഹം കഴിഞ്ഞപ്പോൾ മുതലുണ്ടായിരുന്നു.
ഭർത്താവ് മദ്യപിക്കാത്തവനാണ് എന്ന ഒരു വലിയ നേട്ടം മാത്രമായിരുന്നു അവൾക്ക് അവകാശപ്പൊടാൻ ഉണ്ടായിരുന്നത്. അമ്മ മരിക്കുന്നതിനു കുറച്ചു നാൾ മുൻപ് ലാലി രണ്ടാമതും ഗർഭിണി ആണന്നറിഞ്ഞപ്പോൾ അവളുടെ കാര്യങ്ങൾ കുറവൊന്നും വരുത്താതെ ചെയ്യണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചിരുന്നു. വിമാനം കയറുമ്പോൾ അവളുടെ പ്രസവത്തിനായി കുമിളിയിലെ 66ലെ ആശുപത്രിയിൽനിന്ന് കൊടുത്തിരുന്ന ഡേറ്റ് ആകാൻ ഒരു മാസം കൂടിയേ ഉണ്ടായിരുന്നുള്ളു. കർണ്ണാടകയിലെ കോളാറിൽ ബി എസ് സി നഴ്സിങ് പഠിച്ചു കൊണ്ടിരുന്ന ബിന്ദുവിന് കോഴ്സ് തീരാൻ ഏതാനും മാസങ്ങൾക്കൂടിയുണ്ട്.
അവൾക്ക് ഒരു ജോലി തരപ്പെടുത്തണം. അവൾ സ്വന്തം കാലേൽ നിന്നിട്ടു മതി കല്യാണമൊക്കെ. ആകാശത്തു പറന്ന വിമാനത്തിന്റെ വേഗതക്കൊപ്പം എന്റെ ചിന്തകളും ഓടിക്കൊണ്ടിരുന്നു. വ്യക്തമായ ലക്ഷ്യമൊന്നും മുന്നിലില്ലാതെ രണ്ടും കല്പിച്ചുള്ള ആ യാത്രയിൽ കൂട്ടുകാരോ പരിചിതരോ ഒന്നും എനിക്കൊപ്പം ഇല്ലായിരുന്നു. ഫ്രാൻസിൽ ഞാൻ ചെല്ലുമ്പോൾ കൊളേത്ത് ഉണ്ടാകും എന്നത് മാത്രമായിരുന്നു എന്റെ ഏക ആശ്വാസം.
ഡൽഹിയിൽ നിന്നുള്ള എന്റെ വിമാനം പരീസ് വരെ ആയിരുന്നു. അവിടെ എയർപോർട്ട് മാറി മറ്റൊരു വിമാനം കയറണം. മുൻപ് പോയ രണ്ട് പ്രാവശ്യവും തെക്കൻ ഫ്രാൻസിലെ ഒരു ഗ്രാമത്തിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. ഒരു ദിവസത്തേക്ക് പോലും പാരീസ് നഗരം സന്ദർശിക്കുകയോ ഈഫൽ ടവറിന്റെ ചുവട്ടിൽ ഒന്ന് പോകുകയോ ചെയ്തിരുന്നില്ല. അതിനൊന്നും ആഗ്രഹമുണ്ടായിരുന്നില്ല എന്നതല്ല സത്യം. അതിനുള്ള സാമ്പത്തികം ഇല്ലായിരുന്നു എന്നതാണ് വസ്തുത. വന്നു ചേർന്ന സൗഭാഗ്യങ്ങൾക്കൊപ്പം ചെയ്തു തീർക്കേണ്ട ഉത്തരവാദിത്തങ്ങളുടെയും കടപ്പാടുകളുടെയും ഒരു നീണ്ട ലിസ്റ്റ്തന്നെ ആ യാത്രകളിൽ എന്നെ അനുഗമിച്ചിരുന്നു.
ഒന്നാം വർഷം എംഎ പൂർത്തിയാകുമ്പോൾ ഫ്രഞ്ച് എംബസി, പത്രത്തിൽ കൊടുത്ത പരസ്യം കണ്ട് ഒരു മാസത്തേക്ക് സോഷ്യോളജി റിസേർച്ച് നടത്താനുള്ള പ്രോജെക്ടിനു അപേക്ഷ കൊടുത്തത് അതിനോടുള്ള എന്റെ വലിയ ഇഷ്ടം കൊണ്ടൊന്നുമായിരുന്നില്ല. അവിടെ പോയി ഒരു മാസത്തെ റിസർച്ച് നടത്തി മടങ്ങി വന്നു റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അവർ തരുമായിരുന്ന രണ്ടുലക്ഷത്തിപ്പതിനായിരം രൂപ ആയിരുന്നു എന്റെ മോട്ടിവേഷൻ. നാൽപ്പത് ദിവസം കൂടുമ്പോൾ മുപ്പത്തി അയ്യായിരം രൂപയുടെ മരുന്ന് അമ്മയ്ക്ക് വേണ്ടി വാങ്ങണമായിരുന്നു. അപ്പന്റെയും അമ്മയുടെയും ചെലവ്, ബിന്ദുവിന്റെ പഠനം, അതെല്ലാം ഒരേയൊരു മകൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമായിരുന്നു.
ഇടയ്ക്കു പല ആവശ്യങ്ങൾ പറഞ്ഞു വീട്ടിൽ വരുന്ന ലാലിയോട് ‘നിന്നെ കെട്ടിച്ചു വിട്ടതാണ്’ എന്ന് പറഞ്ഞു പുറം തിരിഞ്ഞു നിൽക്കാൻ മാത്രം കഠിനമായ ഹൃദയമൊന്നും എനിക്കില്ലായിരുന്നു. അപ്പോൾ അത്തരം ഒരു അവസരത്തിനു അപേക്ഷിക്കുക എന്നത് പിടിച്ചു കയറാനുള്ള ഒരു പിടിവള്ളി എന്നപോലെയായിരുന്നു. ഫ്രാൻസിലേക്കുള്ള എന്റെ ആദ്യ യാത്രയുടെ കാലത്താണ് ഞാൻ കൊളേത്തിനെ പരിചയപ്പെടുന്നത്. ഞാൻ ആ ഒരു മാസക്കാലം താമസിച്ചിരുന്നത് പ്രായധിക്യത്തിൽ എത്തിയവർ മാത്രമുള്ള കുറേ സന്യാസികൾ വാടകക്ക് കൊടുക്കുന്ന അവരുടെ മൊണാസ്റ്ററിയിലെ ഒരു മുറിയിലാണ്.
അവിടെ പള്ളിയിൽ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കാൻ വന്നിരുന്ന, പെൻഷൻ പറ്റിയ അറുപത്തി രണ്ട് വയസുള്ള ഒരു വിധവ ആയിരുന്നു കൊളേത്ത്. ഞാൻ താമസിച്ചിരുന്ന സ്ഥലത്തു നിന്നും രണ്ടുമൂന്നു കിലോ മീറ്റർ മാറി ഒരു നിരന്ന പറമ്പിന്റെ ഒത്ത നടുക്കുള്ള ഒരൊറ്റ നില വീട്ടിൽ തനിയെയാണ് അവർ താമസിച്ചിരുന്നത്. അവരുടെ തൊട്ടടുത്തൊന്നും മറ്റു വീടുകൾ ഉണ്ടായിരുന്നില്ല. ഭർത്താവിന്റെ മരണശേഷം നാലു ചെറിയ കുഞ്ഞുങ്ങളെ തനിയെ പണിയെടുത്തു വളർത്തിയ കൊളേത്തിന്റെ മക്കൾ പ്രായപൂർത്തി ആയപ്പോൾ ദൂരങ്ങളിലായി താമസം. വല്ല കാലത്തും മാത്രം കാണാൻ വരുന്ന മക്കൾ. ഫ്രഞ്ച് തീരെ വശമില്ലാതെ വീർപ്പുമുട്ടി ജീവിച്ച എനിക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന കൊളേത്തുമായി പെട്ടന്ന് അടുപ്പമായത് സ്വഭാവികമാണല്ലോ.
ആദ്യവട്ടം ഫ്രാൻസിൽ പോയപ്പോൾ മടങ്ങി പ്പോരുന്നതിനും ഒരാഴ്ച്ച മുൻപാണ് ഞാൻ കൊളേത്തിനെ പരിചയപ്പെടുന്നത്. തുടർന്നു വന്ന എല്ലാ ദിവസവും ഗോതമ്പ് വയലുകളുടെയും മയിസ് ചെടികളുടെയുമെല്ലാം ഇടയിലൂടെയുള്ള ടാർ റോഡ് വഴി രണ്ട് കിലോ മീറ്ററോളം നടന്നു ഞാൻ കോളേത്തിന്റെ വീട്ടിൽ പോകുമായിരുന്നു. അവരോടൊപ്പം ഫിൽറ്റർ ചെയ്ത കടുപ്പമുള്ള കാപ്പിയോക്കെ കുടിച്ച്, മണിക്കൂറുകളോളം ഇന്ത്യയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ ദീർഘനേരം സംസാരിച്ചിരുന്ന കുറേ ദിവസങ്ങൾ. മടങ്ങിപ്പോരുമ്പോൾ ഒരു നല്ല സുഹൃത്തിനെയാണോ എനിക്ക് സമ്മാനമായി കിട്ടിയതെന്ന് വ്യക്തമായിരുന്നില്ല. ഒരമ്മയേത്തന്നെയാണോ ഞാൻ ഉമ്മവച്ച് പിരിഞ്ഞതെന്ന് എനിക്കറിയില്ലായിരുന്നു.
തൊട്ടടുത്ത വർഷം രണ്ട് മാസത്തേക്ക് ഗവേഷണത്തിന് ഫ്രഞ്ച് എംബസിയിൽനിന്ന് എന്നെ അയച്ചപ്പോഴും തെക്കൻ ഫ്രാൻസിലെ തലേ വർഷത്തെ താമസസ്ഥലത്തേക്ക് തന്നെയാണ് ഞാൻ പോയത്. ചിലവ് കുറവുണ്ട് എന്നത് ആ തീരുമാനത്തിന് ഒരു കരണം ആയിരുന്നുവെങ്കിലും കാത്തിരിക്കുന്ന, സ്നേഹിക്കുന്ന ഒരാൾ അവിടെ ഉണ്ടെന്ന കാരണവും എന്റെ തീരുമാനത്തെ സ്വാധീനിച്ചു എന്ന് പറയാം.
അപ്രാവശ്യം ലൂർദിലെ എയർപോർട്ടിൽ എന്നെക്കാത്ത് കൊളേത്ത് ഉണ്ടായിരുന്നു. വിമാനമിറങ്ങി അവരോടൊപ്പം കാറിൽ കയറി ഞങ്ങൾ പോയത് ലൂർദിലെ ഗ്രോട്ടോയിലേക്കാണ്. ബെർണ്ണദേത്തിനു പരിശുദ്ധ കന്യാമറിയാം പതിനെട്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ടു എന്ന് കാത്തോലിക്കർ വിശ്വസിക്കുന്ന ഗ്രോട്ടോയും അവിടുത്തെ നീരുറവയുമൊക്കെ തൊട്ടു പ്രാർത്ഥിച്ചു ബേസിലിക്കയിൽ കുർബാനയും കൂടി അവുടെത്തന്നെയുള്ള ഒരു റെസ്റ്റോറന്റൈൽനിന്ന് ഭക്ഷണവും കഴിച്ച ശേഷമാണ് കൊളേത്ത് എന്നെ എന്റെ താമസസ്ഥലത്തു കൊണ്ട് ചെന്നാക്കിയത്.
പിന്നീടുള്ള മൂന്നു നാലു മാസങ്ങളിൽ എല്ലാ ദിവസവും തന്നെ കൊളേത്ത് എനിക്ക് ഫ്രഞ്ച് ക്ലാസ്സ് എടുത്തു. പഠിപ്പിക്കുന്ന ഭാഷാ പാഠങ്ങൾ ഹൃദ്യസ്തമാക്കുകയും അത് സംസാരത്തിൽ ഉപയോഗിക്കുകയും ചെയ്യാൻ ഞാൻ കാണിച്ച താല്പര്യം അവരെ എന്നോട് കൂടുതൽ അടുപ്പിച്ചു. ഫ്രഞ്ചുകാർക്ക് അവരുടെ ഭാഷ പഠിക്കാനും പറയാനും ശ്രമിക്കുന്നവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ടന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ഫ്രഞ്ച് കാരുടെ മാത്രം സവിശേഷത ആണന്നു ഞാൻ കരുതുന്നുമില്ല.
അന്ന് രണ്ട് മാസം കൊണ്ട് എന്റെ ഗവേഷണം പൂർത്തിയാക്കാൻ സാധിക്കാതിരുന്നപ്പോൾ ഒരു മാസത്തെ വീസാ എക്സ്റ്റൻഷന് അപേക്ഷിച്ച എനിക്ക് ഒരു വർഷത്തെ സ്റ്റുഡന്റ് പെർമിറ്റ് ലഭിച്ചിരുന്നു. തൊട്ടടുത്ത മാസം വർക്ക് പൂർത്തിയാക്കി റിപ്പോർട്ട് ഡൽഹിയിലെ ഫ്രഞ്ച് സെന്ററിലേക്ക് അയച്ചിട്ട് പിന്നെയും ഒരു മാസം കഴിഞ്ഞപ്പോളാണ് അമ്മക്ക് അസുഖം കൂടുതലായന്ന വിവരം ലഭിച്ചത്. മടങ്ങിപ്പോകാനുള്ള എയർ ടിക്കറ്റ് അതിനോടകം ക്യാൻസൽ ആയിരുന്നു. കയ്യിൽ പണവും ഉണ്ടായിരുന്നില്ല. പാരീസ് യൂണിവേഴ്സിറ്റിയിൽ എം ഫിൽ ചെയ്യുന്നതോടൊപ്പം പാർട്ട് ടൈമായി ചെയ്യാനുള്ള ജോലിയുമൊക്കെ തരപ്പെടുത്തി വച്ചപ്പോളാണ് നാട്ടിലേക്കു മടങ്ങേണ്ടി വന്നത്. അമ്മ മടങ്ങിപ്പോകുമ്പോൾ നിസഹായനായെങ്കിലും അരികത്തുണ്ടാകണം എന്നതായിരുന്നു ആഗ്രഹം. ഞങ്ങൾ നാലു മക്കൾക്കുവേണ്ടി അവർ സഹിച്ച ത്യാഗങ്ങളുടെ കണക്കുകൾക്ക് പകരമാക്കാൻ ആ സാമിപ്യം മതിയാവില്ലെങ്കിലും അരികത്തുണ്ടാവണം എന്ന ആഗ്രഹമാണ് എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങാൻ എന്നെ പ്രേരിപ്പിച്ചത്.
കയ്യിൽ പണമില്ലാതെ, ഇനിയൊരിക്കലും അമ്മയെ കാണാനാവില്ല എന്ന് ചിന്തിച്ചു നിരാശയുടെ പടുകുഴിയിലേക്ക് വീണു തുടങ്ങിയപ്പോൾ മടങ്ങിപ്പോകാനുള്ള ടിക്കറ്റ് വാങ്ങി എന്റെ കയ്യിൽ വച്ചു തന്ന കൊളേത്ത് അന്യനാട്ടിലെ എന്റെ അമ്മയായി മാറാൻ തുടങ്ങിയത് അന്ന് മുതലാണ്. അമ്മയുടെ മരണശേഷം ഫ്രാൻസിലേക്ക് മടങ്ങിച്ചെല്ലാനുള്ള എയർ ഫ്രാൻസിന്റെ ടിക്കറ്റ് അയച്ചു തന്നതും അവരായായിരുന്നു.
അമ്മയുടെ മരണശേഷം മൂന്നു മാസം കഴിഞ്ഞ് രണ്ടായിരാമാണ്ടിലെ മേയ് ഇരുപതിനു ജീവിതത്തിന്റെ തന്നെ പുതിയൊരു യാത്ര ഞാൻ തുടങ്ങിയപ്പോൾ കൊളേത്ത് എന്നെ കാത്ത് തെക്കൻ ഫ്രാൻസിലെ ലൂർദിന് അടുത്തുള്ള ബുദ്രാക്കിൽ ഉണ്ടായിരുന്നു. കാലം കരുണകാണിക്കാതെ മടക്കി വിളിച്ച അമ്മക്ക് പകരമാകില്ലെങ്കിലും പിന്നീടുള്ള യാത്രയിൽ, എന്റെ വെയിൽ വഴികളിൽ, ഒരിറ്റു തണലാകും അവർ എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.
“ഇപ്പോൾ സമയം രാവിലെ ഒൻപത് പതിനേഴ്. പുറത്തെ താപനില 12 ഡിഗ്രി….”
പരീസ് ചാൾസ് ദ ഗോൾ എയർപോർട്ടിൽ വിമാനം റൺവേയിലൂടെയുള്ള ഓട്ടം പൂർത്തിയാക്കി ഒരു കിതപ്പോടെ നിൽക്കുമ്പോൾ എയർഹോസ്റ്റസ് അനൗൺസ് ചെയ്തത് കേട്ടാണ് ഉറക്കവും ഓർമ്മകളും ഇടപഴകിക്കിടന്ന ഒരു പാതി മയക്കത്തിൽ നിന്ന് ഞാൻ ഉണർന്നത്. വസന്തകാലത്തിന്റെ ചെറിയ തണുപ്പും, ഉടുപ്പണിഞ്ഞു തുടങ്ങിയ മരങ്ങളും ചെടികളും, പുതിയ ഇലകളും, വിടർന്നു തുടങ്ങിയ പൂക്കളും, കാർമേഘം മൂടിക്കിടന്ന എന്റെ ആകാശസ്വപ്നങ്ങൾക്ക് അകമ്പടി നിന്നു. എന്റെ നീണ്ട പശ്ചാത്യ പ്രവാസത്തിന്റെ തുടക്കം അന്ന് തുടങ്ങി.
ഇരുപത്തിയഞ്ച് കിലോ മീറ്ററോളം അകലെ, എത്തിനോക്കിയ വെയിലിൽ കുളിച്ച് ഈഫിൽ ടവർ പാരീസിന്റെ ഹൃദയം പിളർന്നോഴുകിയ സെൻ നദിയുടെ തീരത്ത് എന്റെ സന്ദർശനവും കാത്തു തലയുയർത്തി നിന്നു. അങ്ങ് തെക്കൻ ഫ്രാൻസിൽ കോളേത്ത് എന്നെ കാത്ത്, ലൂർദിലെ എയർപോർട്ടിൽ രാവിലെ തന്നെ എത്തി. പുതിയ ഒരു ജീവിതത്തിന്റെ തുടക്കമെന്നവണ്ണം വിമാനത്തിന്റെ മുൻ വാതിൽ വെളിച്ചം മങ്ങിയ ഒരു ചതുര വഴിയിലേക്ക് തുറന്നു. പുറംബാഗും എടുത്തിട്ട് ഒരു സഹസിക യാത്രികനെപ്പോലെ ഞാൻ ആ വാതിൽക്കലേക്ക് നടന്നു. എന്റെ പ്രവാസത്തിന്റെ പറുദീസായുടെ വാതിൽക്കലേക്ക്. ആ പറുദീസയിൽ എന്നെക്കാത്ത് മാലാഖമാരും പിശാചുക്കളും ഉണ്ടായിരുന്നു. അവർക്കെല്ലാം മനുഷ്യ രൂപമായിരുന്നു. ആ പറുദീസയിൽ നാളെയുടെ ശൂന്യത പേടിപ്പെടുത്തും വിധം എന്നെ തുറിച്ചു നോക്കി.
(ലേഖകന്റെ ഇ–മെയിൽ: abrahambabufr@gmail.com)