മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്, മൃതദേഹം നാട്ടിലെത്തിച്ചു

Mail This Article
ലണ്ടൻ/തൃശൂർ ∙ സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ്. സ്കോട്ലൻഡിലെ എഡിൻബറോ സ്റ്റിർലിങ് യൂണിവേഴ്‌സിറ്റി എംഎസ് സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദ്യാർഥിയായിരുന്ന ആബേൽ തറയിൽ (24) ആണ് ആത്മഹത്യ ചെയ്തത്
റെയിൽവേ ട്രാക്ക് പരിസരം, ട്രെയിൻ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആത്മഹത്യ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതേ തുടർന്നാണ് ആബേലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ന് വടൂക്കര ശ്മശാനത്തിൽ ആയിരുന്നു സംസ്ക്കാരം.
മാർച്ച് 12 ബുധനാഴ്ച രാത്രി 9.30ന് സ്കോട്ട് റെയിൽവേ അധികൃതരാണ് റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയ ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലൻസ് സർവീസിനും കൈമാറിയത്. യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആബേൽ ആത്മഹത്യ ചെയ്തതാണ് എന്ന നിലപാട് തുടക്കം മുതൽ പൊലീസ് സ്വീകരിച്ചുവെങ്കിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കുടുംബാംഗങ്ങളും സഹപാഠികളും വ്യക്തമാക്കിയിരുന്നു. മരണത്തിന് പിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്ന് കുടുംബാംഗങ്ങൾ രേഖാമൂലം അവശ്യപ്പെട്ടിരുന്നു. ഇതിനായി സഹായം അഭ്യർഥിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, സ്കോട്ലൻഡ് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എഡിൻബർഗ് എന്നിവർക്ക് നിവേദനം കൈമാറിയിരുന്നു.

തൃശൂർ അയ്യന്തോൾ എസ്എൻ പാർക്ക് തറയിൽ ഹൗസിൽ പരേതനായ വിമുക്തഭടൻ ടി. യു. ശശീന്ദ്രന്റെയും തൃശൂർ മെഡിക്കൽ കോളജിലെ റിട്ട. ഹെഡ് നഴ്സ് എം. എസ്. പദ്മിനിയുടെയും മകനാണ് ആബേൽ. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് ഹെഡായി ജോലി ചെയ്യുന്ന അബിറാം തറയിൽ ആണ് ഏക സഹോദരൻ. ഡോ. കാർത്തിക പ്രദീപ് ആണ് സഹോദര ഭാര്യ.
തൃശൂർ സെന്റ് അലോഷ്യസ് കോളജിലെ ബിബിഎ പഠനത്തിന് ശേഷമാണ് സ്കോട്ലൻഡിലെ സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥി വീസയിൽ ആബേൽ എത്തിയത്. പഠനത്തിന് ശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വീസയിൽ ആയിരുന്ന ആബേൽ അത്ലീറ്റീക് കോച്ചായും സെയിൽസ് അഡ്വൈസറായും ജോലി ചെയ്തു വരികയായിരുന്നു.

സ്കോട്ലൻഡ് മലയാളിയും പൊതുപ്രവർത്തകനുമായ സുനിൽ പായിപ്പാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾക്ക് മുൻകൈ എടുത്തത്. ഇതിനായി ഗോ ഫണ്ട് പ്ലാറ്റ്ഫോമിലൂടെ 6,000 പൗണ്ട് ലക്ഷ്യത്തിൽ ഫണ്ട് ശേഖരണം നടത്തിയെന്ന് മിഥുൻ കെ. മോഹനൻ, സുനിൽ പായിപ്പാട് എന്നിവർ അറിയിച്ചു. ഏകദേശം 4,674 പൗണ്ട് ശേഖരിക്കാനായെന്നും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ഇത് വിനിയോഗിച്ചുവെന്നും ഇരുവരും പറഞ്ഞു. ആബേലിന്റെ ബന്ധുക്കൾ ആരും തന്നെ യുകെയിൽ ഇല്ലാത്തതിനാൽ തുടർനടപടികൾ ക്രോഡീകരിക്കുവാൻ സ്കോട്ലൻഡിലെ പൊതുപ്രവർത്തകനായ സുനിൽ പായിപ്പാടിനെയാണ് കുടുംബാംഗങ്ങൾ നെക്സ്റ്റ് ഓഫ് കിൻ ആയി ചുമതലപ്പെടുത്തിയിരുന്നത്.