സ്നേഹം കൊണ്ട് ഹൃദയം കീഴടക്കിയ ‘ഫ്രാൻസിലെ അമ്മ’

Mail This Article
യൂറോപ്പിൽ വേനൽക്കാലമാകാൻ പിന്നെയും ഒരു മാസം കൂടിയുണ്ടായിരുന്നു. ഡൽഹിയിൽ പഠിക്കുന്ന കാലത്ത് ഫ്രാൻസിൽ ഞാൻ നടത്തിയ രണ്ട് യാത്രകളും നിർവചിച്ചു കിട്ടിയ ലക്ഷ്യങ്ങളുള്ള പ്രോജക്ടുകൾ ചെയ്യാനായിരുന്നു. രണ്ടായിരാമാണ്ടിലെ മേയ് മാസം അവസാനം ഞാൻ നടത്തിയ ആ യാത്ര, വ്യക്തമായ ലക്ഷ്യങ്ങൾ മുന്നിൽ കാണാത്ത ഒന്നായിരുന്നു. ജീവിതത്തിന് ഒരടുക്കും ചിട്ടയും ഉണ്ടാകുക, ബിന്ദുവിന്റെ നഴ്സിങ് പഠനം പൂർത്തിയാക്കാനുള്ള സാമ്പത്തിക മാർഗ്ഗം നേടുക, സ്വയം കരപറ്റാനുള്ള ഒരു ചങ്ങാടമുണ്ടാക്കുക എന്നൊക്കെ സ്വയം പറഞ്ഞുണ്ടാക്കിയ അവ്യക്തമായ ലക്ഷ്യങ്ങളുമായാണ് ഞാൻ പാരിസിൽ എത്തിയത്. ഇന്ന് 25 വർഷം നീണ്ട യൂറോപ്യൻ പ്രവാസം എന്റെ മുന്നിൽ വയ്ക്കുന്ന കുറെയേറെ അനുഭവങ്ങളുണ്ട്, ഓർമകളുണ്ട്. ചില ഏടുകൾ ഞാൻ മറിക്കുമ്പോൾ മടിയില്ലാതെ ഒഴുകിയെത്തുന്ന ഓർമകൾ.
എന്നെ അറിയുന്നവരോ, സുഹൃത്തുക്കളോ ഒന്നും അക്കാലത്ത് ഫ്രാൻസിൽ ഉണ്ടായിരുന്നില്ല. കൊളേത്ത് മാത്രമായിരുന്നു ഫ്രാൻസിൽ നങ്കൂരമിടാൻ എന്നെ പ്രേരിപ്പിച്ച ഏക ഘടകം. പാരിസ് നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഷാർൽ ദ ഗോൾ ഇൻറർനാഷനൽ എയർപോർട്ടിന്റെ ടെർമിനൽ 2 ഇയിലാണ് ഞാൻ വിമാനം ഇറങ്ങിയത്. തലേ വർഷത്തെ യാത്രക്കിടയിൽ അപേക്ഷ നൽകാതെത്തന്നെ അനുഗ്രഹമായി കിട്ടിയ സ്റ്റുഡന്റ് റസിഡന്റ് കാർഡിലൂടെ ഒന്നു രണ്ടു വട്ടം കണ്ണോടിച്ചിട്ട് അതിർത്തി പൊലീസ് ഒരു ചെറു ചിരിയോടെ എന്റെ പാസ്‌പോർട്ട് മടക്കിത്തന്നു.
അറൈവൽ ഗേറ്റിൽ എന്നെ കാത്തുനിൽക്കാൻ ആരും ഉണ്ടായിരുന്നില്ല. ട്രോളിയിൽ എന്റെ പെട്ടിയും ഹാൻഡ്ബാഗും വച്ച് തള്ളി നീങ്ങുമ്പോൾ ഭാവിയെക്കുറിച്ചുള്ള നിരവധി സ്വപ്നവഴികൾ ഞാൻ മനസ്സിൽ വരച്ചിട്ടു. എയർപോർട്ടിന്റെ പതിനാറാം നമ്പർ വാതിൽ വഴി പുറത്തിറങ്ങും മുൻപേ, എയർ ഫ്രാൻസ് ഷട്ടിൽ ബസിന്റെ ടിക്കറ്റ് ഞാൻ വാങ്ങിയിരുന്നു. ലൂർദിലേക്കുള്ള എന്റെ അടുത്ത വിമാനം പാരിസ് നഗരത്തിന്റെ തെക്കുള്ള ഓർളി എയർപോർട്ടിൽ നിന്നായിരുന്നു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന ബസ് യാത്രയിൽ കണ്ണുകൾ പുറത്തെ വിസ്‌മയങ്ങളിൽ ചാഞ്ചാടി നടന്നെങ്കിലും മനസ്സിൽ അവയൊന്നും തങ്ങി നിന്നില്ല. കന്യാസ്ത്രീയായ ജെസി പലവട്ടം മനസ്സിൽ മിന്നിമറഞ്ഞു. തൊട്ടടുത്ത വർഷം നിത്യവ്രതം ചെയ്യാൻ കാത്തിരുന്ന അവൾക്ക് അങ്ങനെ ഒരു ജീവിതം ഇഷ്ടമാണോ എന്ന് ഞാൻ എന്നോട് പലവട്ടം ചോദിച്ചു. അഞ്ചു വർഷം മുൻപ് വിവാഹം കഴിച്ചയച്ചിരുന്ന ലാലിയുടെ വീട്ടിലെ സാഹചര്യങ്ങൾ എന്നെ അലട്ടി. ബിന്ദുവിന് പിന്നെയും നാലു മാസത്തെ പഠനം കൂടിയുണ്ട്. അവളുടെ ഭാവിയെക്കുറിച്ചുള്ള ആകുലതകളും എന്നെ ഇടയ്ക്കിടെ എത്തിനോക്കി. പാരിസ് നഗരത്തിലെ ഒരു സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കിയിട്ട്, ബസ് ഓർലിയിൽ എത്തുമ്പോൾ ലൂർദിലേക്കുള്ള വിമാനം ബോർഡിങ് തുടങ്ങിയിരുന്നു.
ഒന്നര മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ലൂർദ്-താർബ് എയർപോർട്ടിൽ വിമാനമിറങ്ങി, പെട്ടിയും തള്ളി പുറത്തെത്തുമ്പോൾ കൊളേത്ത് എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
“നേരത്തെ വന്നുവോ?”
ഔപചാരികത നിലനിർത്തിക്കൊണ്ടാണ് ഞാൻ ചോദിച്ചത്.
“ഞാൻ രാവിലെത്തന്നെ ഇങ്ങു പോന്നു.”
ഇരു കവിളുകളിലും ഉമ്മ വച്ചുകൊണ്ട് കൊളേത്ത് പറഞ്ഞു. ഫ്രാൻസിലെ രീതിയനുസരിച്ച് ഒരാളെ ദിവസത്തിൽ ആദ്യം കണ്ടുമുട്ടുമ്പോൾ കവിളുകൾ പരസ്പരം ചേർത്ത് ഉമ്മ വച്ചുകൊണ്ട് ഗ്രീറ്റ് ചെയ്യണം. ഫോർമൽ സാഹചര്യങ്ങളിൽ മാത്രമാണ് കൈകൊടുക്കുക.
“എയർപോർട്ടിൽ കയറുന്നതിനു മുൻപ്, ലൂർദിലെ ഗ്രോട്ടോയിൽ പോയി മാതാവിനോട് ഒന്നു പ്രാർത്ഥിച്ചു.”
ട്രോളിയും തള്ളി ഞാൻ മുൻപോട്ട് പോകുമ്പോൾ ഒപ്പം നടന്നുകൊണ്ട് കൊളേത്ത് പറഞ്ഞു.
“ നമുക്ക് ഒന്നിച്ചു ലൂർദിൽ പോയി ഒരു കുർബാനയൊക്കെ കൂടി, മാതാവിനോട് പ്രാർഥിച്ച് എന്റെ ഫ്രാൻസിലെ ജീവിതം ആരംഭിക്കാം എന്നു കരുതിയാണ് ഞാൻ വന്നത്.”
പാർക്കിങ്ങിലെത്തി വണ്ടിയുടെ ടിക്കിയിലേക്ക് പെട്ടി എടുത്തു വയ്ക്കുമ്പോൾ ഞാൻ പറഞ്ഞു.
“അതിനെന്താ വീട്ടിലേക്കു പോകുംമുൻപ് നമുക്ക് ലൂർദിലെ ഗ്രോട്ടോയിൽ പോയി പ്രാർത്ഥിച്ചിട്ട് പോയാൽ മതി. നീ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് എന്ത് സന്തോഷമാണന്നോ…”
വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തുകൊണ്ട് കൊളേത്ത് പറഞ്ഞു. മുൻസീറ്റിലിരുന്ന് ബെൽറ്റിടും വരെ കൊളേത്ത് കാത്തുനിന്നു. വണ്ടി മോട്ടർവേയിലൂടെ ലൂർദ് ലക്ഷ്യമാക്കി നീങ്ങി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായി എന്നെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന കൊളേത്ത് എന്റെ മനസ്സിൽ ഒരമ്മയുടെ സ്ഥാനം പിടിച്ചെടുത്തു.
“വളരെ ചുരുക്കം ചെറുപ്പക്കാർ മാത്രമേ ഞങ്ങളുടെ നാട്ടിൽ സഭയിലും ദൈവത്തിനും ഒക്കെ വിശ്വസിക്കുന്നുള്ളു. അവർക്ക് പള്ളിയിൽ വരാനോ പ്രാർത്ഥിക്കാനോ ഒന്നും ഒരു താല്പര്യവും ഇല്ല. നിങ്ങളുടെ നാട്ടിൽ ദൈവവിശ്വാസം നഷ്ടപ്പെടാത്തതുകൊണ്ട് കുറേ മൂല്യങ്ങളൊക്കെ ഇപ്പോഴുമുണ്ട്.”
ലൂർദിലെ തീർത്ഥാടന കേന്ദ്രത്തിന്റെ മെയിൻ ഗേറ്റ് കടന്ന്, സുവനീർ കടകളുടെ മുന്നിലൂടെ വണ്ടി ഓടിക്കുമ്പോൾ കൊളേത്ത് പറഞ്ഞു. ഒരു പുഞ്ചിരിയോടെ അവരെ നോക്കുക എന്നല്ലാതെ, പറയാൻ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ആറു മാസം മുൻപ് കൊളേത്ത് പഠിപ്പിച്ച ഫ്രഞ്ച് ഭാഷ പരിപൂർണ്ണതകളൊന്നുമില്ലാതെ മടങ്ങി വന്നു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും കേവലമായ ആശയവിനിമയം നടത്താനുമുള്ള ഫ്രഞ്ച് ഞാൻ സായത്തമാക്കിയതിൽ എനിക്ക് അഭിമാനം തോന്നി.
“ ബാബു ബേസിക് കാര്യങ്ങൾ കുഴപ്പമില്ലാതെ പറയുന്നുണ്ട്. മൂന്നു മാസം കൂടി പഠിച്ചാൽ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും.”
ലൂർദിലെ മരിയൻ തീർഥാടന കേന്ദ്രത്തിന്റെ മതിലിനു പുറത്ത്, വഴിയരികിൽ വണ്ടി പാർക്ക് ചെയ്തശേഷം നടക്കുമ്പോൾ കൊളേത്ത് പറഞ്ഞു.
“നന്ദി കൊളേത്ത്….”
ഗ്രോട്ടോയിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ, ഉള്ളിൽ കയറി, അഭ്ദുത ഉറവയുടെ മുകളിലെ പാറക്കെട്ടിൽനിന്ന് പനിച്ചിറങ്ങിയ വെള്ളത്തിൽ തൊട്ട് മാതാവിന് നന്ദി പറഞ്ഞു പ്രാർത്ഥിച്ച ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. തുടർന്നുള്ള മുക്കാൽ മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ സംസാരം കൊളേത്തിന്റെ ഭൂതകാലത്തെക്കുറിച്ചായി. തുടർന്നു വന്ന മൂന്നു മാസങ്ങളിൽ എല്ലാ ദിവസവും കൊളേത്ത് കാലത്തും വൈകിട്ടും എനിക്ക് ഫ്രഞ്ച് ക്ലാസുകൾ എടുത്തു. കൃഷിക്കാരിയായിരുന്ന കൊളേത്ത് തലേ വർഷം ജോലിയിൽ നിന്ന് വിരമിച്ചിരുന്നതിനാൽ സമയത്തിന്റെ സിംഹഭാഗവും അവർ എനിക്കായി നീക്കിവച്ചു.
കൊളേത്ത് രാവിലെ അഞ്ചര ആകുമ്പോൾ ഉണരും. കടുപ്പമേറിയ ഫിൽറ്റർ കാപ്പിയും പ്രഭാത ഭക്ഷണവുമൊക്കെ കഴിഞ്ഞു അവർ എല്ലാ ദിവസവും രാവിലെ കിലോമീറ്ററുകൾ അകലെയുള്ള പള്ളിയിൽ കുർബാനക്ക് പോകും. മടങ്ങി വരുമ്പോൾ അവർക്ക് വിവിധ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലികൾ ഉണ്ടാകും.
പിറ്റേന്ന് മുതൽ ഞാനും പ്രഭാതത്തിൽ ഉണർന്ന് കൊളേത്തിനൊപ്പം ഫിൽറ്റർ കാപ്പിയും കുടിച്ച് പള്ളിയിൽ പോകാൻ തുടങ്ങി. അര മണിക്കൂർ നീണ്ടു നിൽക്കുന്ന കുർബാന കൂടുമ്പോൾ ആത്മീയമായ എന്തോ ഒരു ഉറപ്പോ സന്തോഷമോ മാത്രമല്ല എനിക്ക് ലഭിച്ചിരുന്നത്. ഫ്രഞ്ച് ഭാഷ പഠിക്കാനുള്ള എന്റെ ഉദ്യമങ്ങളിൽ ആ മൂന്നു മാസക്കാലം ഞാൻ കൂടിയ കുർബാനകൾ വളരെയേറെ സഹായിച്ചു. ജീവിതരീതിയും ഭക്ഷണ അഭിരുചികളുമെല്ലാം പരിപൂർണ്ണമായും ഫ്രഞ്ച് രീതിയിൽ ആകാൻ ഏതാനും ആഴ്ചകളെ എടുത്തൊള്ളൂ.
ആ ജൂലൈ മാസത്തിലെ ചൂട് കൂടിയ ഒരു വൈകുന്നേരം കൊളേത്തും ഞാനും അവരുടെ വീടിനു പിറകിലുള്ള ഒരു ചെറി മരത്തിന്റെ ചുവട്ടിൽ കസേരകൾ ഇട്ടിരുന്നു കാറ്റു കൊള്ളുകയായിരുന്നു. കുറച്ചകലെ, മഞ്ഞുരുകി, പച്ച പുതഞ്ഞ പിരനീസ് മലനിരകൾ ഫ്രാൻസിനെ സ്പെയിനിൽ ലയിക്കാതെ അടക്കിപ്പിടിച്ചു. പീക്ക് ദ് മിദി എന്ന ഏറ്റവും ഉയരം കൂടിയ മല വെളുത്ത പൊട്ടു കുത്തിത്തന്നെ നിന്നു.
“നീ എന്നെ ഇതുവരെയും ഒന്നും വിളിക്കാറില്ല. ബാബു. നിനക്കെന്നെ കൊളേത്ത് എന്ന് വിളിക്കാം.”
എന്റെ നേരെ തിരിഞ്ഞുകൊണ്ട് അവർ പറഞ്ഞു.
“നിങ്ങൾക്ക് എന്റെ അമ്മയേക്കാൾ കൂടുതൽ പ്രായമുണ്ട്. ഇന്ത്യയിലെ ഞങ്ങളുടെ സംസ്കാരം വച്ച് മുതിർന്നവരെ ഞങ്ങൾ പേര് വിളിക്കാറില്ല.”
രണ്ടു മാസക്കാലം താങ്കൾ, നിങ്ങൾ എന്നൊക്കെ പറഞ്ഞു മാത്രം സംസാരിച്ചിരുന്ന ഞാൻ അവരെ പേര് വിളിക്കാൻ അപ്പോഴും മടിച്ചു. കടന്നുപോയ രണ്ടു മാസങ്ങൾക്ക് എന്റെ അസ്തിത്വത്തിന്റെ ശീലങ്ങളെ പറഞ്ഞുവിടാൻ സാധിച്ചില്ല.
“നീ ഇപ്പോൾ ഇന്ത്യയിൽ അല്ലല്ലോ. ഫ്രാൻസിൽ ജീവിച്ചു വിജയിക്കാൻ ഫ്രഞ്ച് ഭാഷ വേണമെന്ന് മാത്രമല്ല, നീ ഞങ്ങളുടെ സംസ്കാരം അനുസരിച്ച് ജീവിക്കാനും പഠിക്കണം.”
കുടിച്ചു തീർത്ത കാപ്പിമഗ് പൂന്തോട്ടത്തിലെ പ്ലാസ്റ്റിക് ടേബിളിലേക്ക് വയ്ക്കുമ്പോൾ കൊളേത്ത് പറഞ്ഞു.
“അതിനൊക്കെ ഏറെ സമയമെടുക്കും….”
പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതുകൊണ്ട് ഞാൻ എന്തോ പറഞ്ഞൊപ്പിച്ചു. ചിലപ്പോൾ അങ്ങനെയാണ്. ഒരു വാചകം പൂർണ്ണമായി ഫ്രഞ്ചിൽ പറഞ്ഞു പിടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ അർത്ഥമാക്കുന്ന വാക്കുകൾ വ്യാകരണ നിയമങ്ങളൊന്നും നോക്കാതെ ഞാനങ്ങു നിരത്തി വയ്ക്കുമായിരുന്നു. തെറ്റുകൾ ഒത്തിരിയുണ്ടാകുമെങ്കിലും എനിക്ക് കാര്യങ്ങളെ അവതരിപ്പിക്കാൻ ആവുമായിരുന്നു. കൊളേത്തിനോടും, ബുദ്രാക് ഗ്രാമത്തിലെയും അടുത്തുള്ള ചെറിയ ടൗണിലെയും ആളുകളോട് മടിയൊന്നും കൂടാതെ സംസാരിക്കാൻ ഞാൻ അതിനോടകം തുടങ്ങിയിരുന്നു.
“എന്നെ ഒരു മകനെപ്പോലെ, ഇങ്ങനെ കാണാനും സ്നേഹിക്കാനും എന്തെങ്കിലും കാരണമുണ്ടോ…?”
കുറേ കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. അകലെ മലനിരകളിലേക്ക് നോക്കിയിരുന്ന കൊളേത്ത് കുറേ ഏറെ നേരം മൗനം കൈവിട്ടില്ല. ചോദിച്ചത് അബദ്ധമായി എന്ന് എനിക്ക് തോന്നി. ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി.
“ ഞാൻ അങ്ങനെ ചോദിച്ചത് ഇഷ്ടമായില്ലേ…?”
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കൊളേത്തിനോട് ചോദിച്ചു.
“ നിനക്ക് പേര് വിളിക്കാൻ മടിയാണെങ്കിൽ നിനക്കെന്നെ മമ്മാ എന്ന് വിളിക്കാം. എന്റെ നാല് മക്കളെയും പോലെ നിനക്ക് എന്റെ മകനായി എക്കാലവും കഴിയാം.”
പെട്ടെന്ന് എനിക്ക് അവരുടെ വാക്കുകളെ വിശ്വസിക്കാനായില്ല. അഞ്ചു മാസങ്ങൾക്കു മുൻപ് സമയമാകുമ്പോൾ, മാലാഖ വന്നു പിടിച്ചുകൊണ്ടുപോയ അമ്മക്ക് പകരം മറ്റൊരാളും ആകില്ലെങ്കിലും, ആരെയും അറിയാത്ത ഒരു നാട്ടിൽ ആരെങ്കിലുമൊക്കെ നമ്മെ സ്നേഹിക്കാനും നമ്മളെ ഉൾക്കൊള്ളാനുമൊക്കെ വേണ്ടേ…
അടുക്കളയിൽ നിന്നുള്ള വാതിലും കടന്ന് വിശാലമായ ഊണുമുറിക്കപ്പുറം പിൻമുറ്റത്ത് മണിക്കൂറുകളോളം ഞങ്ങളിരുന്നു. കൊളേത്ത് അത് പറഞ്ഞു കഴിഞ്ഞ് കുറേ നേരത്തേക്ക് മറുപടിയൊന്നും പറയാനില്ലാതെ ഞാൻ അകലേക്ക് നോക്കിയിരുന്നു. അന്ന് മുതൽ കൊളേത്തിനെ ഞാൻ അമ്മ എന്നാണ് വിളിക്കുന്നത്. 25 വർഷങ്ങൾ നീണ്ട എന്റെ പ്രവാസ ജീവിതത്തിൽ അവർ ഇന്നോളം എന്റെ മമ്മയായി തുടർന്നു.
മകനെപ്പോലെ എന്നെ സ്നേഹിക്കാൻ കാരണമായത് അവരുടെ വ്യക്തിത്വവും ജീവിത മൂല്യങ്ങളും ആഴമുള്ള ക്രൈസ്തവ ആത്മീയതയുമാകാം. അതിനെല്ലാം ഉപരിയായി, കൊളേത്ത് എന്ന വ്യക്തിയുടെ ജീവിതാനുഭവങ്ങളും അവരുടെ പ്രണയവും ഒക്കെ കാരണങ്ങളായി എന്ന് അധികം വൈകാതെ എനിക്ക് മനസ്സിലായി.
വേനലിൽ നേരം ഇരുളാൻ ഏറെ വൈകും. ആ ജൂലൈ മാസത്തിൽ രാത്രി പത്തരയൊക്കെ കഴിഞ്ഞാണ് ഇരുള് വീണു തുടങ്ങിയത്. അപ്പോഴും കൊളേത്ത് അവരുടെ ജീവിതകഥ എന്നോട് പറയുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനും രണ്ടു വർഷങ്ങൾക്ക് മുമ്പുള്ള പാരിസ് സിറ്റിയിലെ അവരുടെ ജനനവും, യുദ്ധകാലത്തെ ഭീതിപ്പെടുത്തുന്ന അവരുടെ അനുഭവങ്ങളും, അവരുടെ അപ്പൻ ക്ഷയം ബാധിച്ച് അകാലത്തിൽ മരിക്കുന്നതും അമ്മ വേറെ വിവാഹം കഴിക്കാതെ കൊളേത്തിനെ വളർത്തുന്നതും എല്ലാം…അവർ പറഞ്ഞു.
യുവത്വത്തിന്റെ തിളപ്പിൽ അമ്മയെ വിട്ട് സ്കൂട്ടറിൽ യൂറോപ്പ് മുഴുവൻ സഞ്ചരിച്ച അവരുടെ സാഹസ യാത്രയും, അയർലണ്ടിൽ സ്ഥിരതാമസമാക്കിയ ഒരു ഇന്ത്യൻ കുടുംബത്തിൽ അവരുടെ കുട്ടികളെ നോക്കാൻ മാസങ്ങളോളം ജോലി ചെയ്ത കഥകളും കൊളേത്ത് എന്നോട് പറഞ്ഞു. ഒരു ഇന്ത്യക്കാരനുമായി അകാലത്തിൽ പൊലിഞ്ഞുപോയ അവരുടെ പ്രണയവും, അവരുടെ ഇന്ത്യയിലേക്കുള്ള ഒരു യാത്രയും എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്തുകൊണ്ടാണ് കൊളേത്ത് ഒരു മകനെപ്പോലെ എന്നെ സ്നേഹിച്ചു തുടങ്ങിയതെന്ന് എനിക്ക് മനസ്സിലായി. തനിക്ക് ജനിക്കാത്ത, തന്റെ ഇന്ത്യൻ കാമുകനായിരുന്ന സൂര്യയുടെ മകനെപ്പോലെയാണ് അവരെന്നെ കണ്ടത്. തന്റെ സൂര്യപുത്രനായി. പിന്നീടുള്ള ജീവിത യാത്രയിൽ ഞാൻ വച്ച ചുവടുകൾക്ക് താങ്ങായി കൊളേത്ത് എന്നും ഉണ്ടായിരുന്നു. എന്റെ വീഴ്ചകളിലും ഉയർച്ചകളിലും. എന്റെ പാപങ്ങളിലും എന്റെ വിശുദ്ധികളിലും.
(ലേഖകന്റെ ഇ–മെയിൽ: abrahambabufr@gmail.com)